Kerala
സി ഇ ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല; പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം: കെ എം എബ്രഹാം
കോടതി ഉത്തരവിനെ നേരിടും. നിയമപരമായി മുന്നോട്ടു പോകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹരജിക്കാരന് അനാവശ്യ വിശ്വാസ്യത നല്‍ക്കുകയാണ്.

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമായ കെ എം എബ്രഹാം. സി ഇ ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിനെ നേരിടും. നിയമപരമായി മുന്നോട്ടു പോകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹരജിക്കാരന് അനാവശ്യ വിശ്വാസ്യത നല്‍ക്കുകയാണ്. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷുദിന സന്ദേശത്തിലാണ് കെ എം എബ്രഹാം നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരെ ഹരജി നല്‍കിയ ജോമോന്‍ പുത്തന്‍പുരക്കലിന് തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും എബ്രഹാം ആരോപിച്ചു. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ ഹരജിക്കാരന്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തുകയും അതിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. അതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ ഹരജി. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്റെ മേധാവിയും ഹരജിക്കാരനൊപ്പം ചേര്‍ന്നുവെന്നും കെ എം എബ്രഹാം പറഞ്ഞു.
ജേക്കബ് തോമസിനെതിരെയും എബ്രഹാം ആരോപണമുന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയതായി താന്‍ കണ്ടെത്തിയിരുന്നു. താന്‍ കിഫ്ബി സി ഇ ഒ സ്ഥാനം രാജിവെച്ചാല്‍ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും.
തന്റെ സ്വത്തിന്റെ കാര്യത്തില്‍ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്. ഭാര്യയുടെ അക്കൗണ്ടിലെ ഓരോ രൂപക്കും കണക്കുണ്ട്. എന്നാല്‍, മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി തയ്യാറായില്ലെന്നും കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.