Connect with us

National

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ എ എസ്; പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ചട്ടം മറികടന്ന് 2022ലെ യുപിഎസ്‌സി സിഎസ്ഇ പരീക്ഷ എഴുതിയായി കണ്ടെത്തിയതിനെ തുടർന്ന് യുപിഎസ്‍സി നേരത്തെ പൂജയെ അയോഗ്യയാക്കിയിരുന്നു

Published

|

Last Updated

ന്യൂഡൽഹി | വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒ ബി സി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഐ എ എസ് പ്രവേശനം നേടിയ പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മഹാരാഷ്ട്രയിലെ പൂനെയിൽ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു പൂജാ ഖേദ്കർ എന്ന 34 കാരി. ചട്ടം മറികടന്ന് 2022ലെ യുപിഎസ്‌സി സിഎസ്ഇ പരീക്ഷ എഴുതിയായി കണ്ടെത്തിയതിനെ തുടർന്ന് യുപിഎസ്‍സി നേരത്തെ പൂജയെ അയോഗ്യയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിരിച്ചുവിടൽ.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ ബി സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നതാണ് പൂജക്ക് എതിരായ കുറ്റം. അപേക്ഷയീൽ മാതാപിതാക്കളുടെ പേര് തിരുത്തി അനുവദനീയമായതിലും കൂടുതൽ തവണർ ഇവർ പരീക്ഷ എഴുതിയതായും കണ്ടെത്തി. ഇക്കാര്യങ്ങളിൽ യുപിഎസ്‍സി ഇവരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.

ഈ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് പൂജാ ഖേദ്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൻ്റെ കാൽമുട്ടിന് പ്രശ്നമുണ്ടെന്ന് ഖേദ്കർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ ‘ദിവ്യാംഗ്’ വിഭാഗത്തിൽ മാത്രം അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നു. 47 ശതമാനം വൈകല്യമുണ്ടായിട്ടും ജനറൽ വിഭാഗത്തിലാണ് താൻ പരീക്ഷയെഴുതിയതെന്നും അവർ വാദിച്ചിരുന്നു. 40% ആണ് സിവിൽ സർവീസ് പരീക്ഷയുടെ വൈകല്യ മാനദണ്ഡം.

സെപ്തംബർ നാലിന് ഡൽഹി ഹൈക്കോടതിയിൽ പൂജാ ഖേദ്കർ കേസിൽ ഡൽഹി പൊലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജാ ഖേദ്കറിൻ്റെ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് വർഷത്തെ പ്രൊബേഷനിൽ തനിക്ക് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ട്രെയിനി ഐഎഎസ് ഓഫീസർ ആവശ്യമുന്നയിച്ചതോടെയാണ് ഇവർക്കെതിരെ അന്വേഷണത്തിന് വഴിതെളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ അവളുടെ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് അവൾ അർഹത നേടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Latest