Kerala
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി
വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം, പണം തട്ടല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്.

തിരുവനന്തപുരം | തിരുവനന്തപുരംവിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം, പണം തട്ടല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. സുകാന്തിന്റെ പുതിയ വനിതാ സുഹൃത്തും ഐ ബി ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ഇയാളുടെ സഹപ്രവര്‍ത്തകരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുകാന്തിനെതിരെ നേരത്തെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു.സുകാന്തിനെതിരെ മരിച്ച യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായെന്നും മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നുമാണ് പിതാവിന്റെ ആരോപണം.
ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ, മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിരപരാധിയാണെന്നും ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്ളത്. കഴിഞ്ഞ മാസം 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.