Kerala
ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഉത്തരവാദിയെക്കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് അവഗണിച്ചതായി കുടുംബം
മേഘ ജീവനൊടുക്കാന്‍ കാരണം സഹപ്രവര്‍ത്തകനായിരുന്ന ഐ ബി ഉദ്യോഗസ്ഥന്‍ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് ആണെന്നതിനുതെളിവുണ്ട്

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കാന്‍ കാരണം കൂടെ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് ആണെന്നതിനു തെളിവുകള്‍ ഹാജരാക്കിയിട്ടും പോലീസ് നടപടിസ്വീകരിച്ചില്ലെന്ന ആരോപണവുമായി കുടുംബം.
സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ല. വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതിനു തെളിവുണ്ടെന്നും കുടുംബം പറയുന്നു.
ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതാണ്.
എന്നാല്‍ പേട്ട പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായെന്നും മേഘയുടെ അച്ഛന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു. ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണ ഊര്‍ജിതം എന്നാണ് പോലീസ് വിശദീകരണം. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്ധിന്റെ മൊഴിയെടുത്തിരുന്നു. ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ പത്തനംതിട്ട കലഞ്ഞൂരിലെ മേഘയെ മാര്‍ച്ച് 24ന് രാവിലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.