Obituary
വാഹനാപകടത്തില്‍ പരുക്കേറ്റ കൈപ്പാണി ഇബ്റാഹീം നിര്യാതനായി
മാനന്തവാടി | പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്റാഹീം (55) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് മൂന്നു ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. മയ്യിത്ത് മേല്‍നടപടികള്‍ക്കു ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വയനാട്ടിലെ നിരവധി ജീവ കാരുണ്യ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച കൈപ്പാണി ഇബ്റാഹിം എസ് എസ് എഫിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. എസ് എസ് എഫ് ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1983 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചു. 2005 ല്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് പ്രതിനിധിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഡി ഐ സി ജില്ലാ സെക്രട്ടറി, ഡി ഐ സി ലെഫ്റ്റ് അഡ്ഹോക് കമ്മറ്റി ജനറല്‍ കണ്‍വീനര്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പിനോടനുബന്ധിച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗമായിരുന്നു, സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ ഭാരവാഹിയായും, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപക ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൈപ്പാണി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പഴഞ്ചന റിലീഫ് കമ്മിറ്റി നടത്തിയ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജാതി മത ഭേദമന്യേ നിര്‍ധനരായ നൂറുകണക്കിന് യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിന് കമ്മിറ്റി വേദിയൊരുക്കി. എസ് വൈ എസ് സാന്ത്വനം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, വെള്ളമുണ്ട ഫ്രണ്ട്‌സ് പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രസിഡന്റ്, അല്‍കറാമ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍, നല്ലൂര്‍നാട് സി എച്ച് സെന്റര്‍ പ്രസിഡന്റ്, തളിയപ്പാടത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍, ജില്ലാ ആശുപത്രി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വയനാട്, കൂര്‍ഗ്, നീലഗിരി ജില്ലകളില്‍ ഒട്ടനവധി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, സാന്ത്വനം യൂനിറ്റുകള്‍ തുടങ്ങുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആതുര ശ്രുശൂഷാ രംഗത്തെ മികച്ച സേവനത്തിനുള്ള നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റിന്റെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്തായി ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന. ഭാര്യ: മൈമൂന. മക്കള്‍: ഷമീന, ഷഫീന, ഷബ്‌ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി, ജാവേദ് സുല്‍ത്താന്‍ ബത്തേരി. സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്, ഉമര്‍, സുലൈമാന്‍, ഫാത്വിമ, ആസ്യ, സുലൈഖ.