Ongoing News
ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍; പ്രഖ്യാപിച്ച് ഐ സി സി
പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും
ന്യൂഡല്‍ഹി | അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹെബ്രിഡ് മോഡലിലും ന്യൂട്രല്‍ വേദിയിലും നടത്തുമെന്ന് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). 2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമാണ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും. ബാക്കിയെല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.
പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി സി സി ഐ) അറിയിച്ചതോടെയാണ് ഹൈബ്രിഡ് മോഡല്‍ പരീക്ഷിക്കാൻ തീരുമാനിച്ചത്. ‘ഹൈബ്രിഡ്’ മോഡല്‍ അംഗീകരിക്കണമെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐ സി സി ടൂര്‍ണമെൻ്റുകളില്‍ പാകിസ്താനിൻ്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിൻ്റെ ആവശ്യവും അംഗീകരിച്ചു. ഇതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
2024-2027 കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളുടെയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടക്കുമെന്നാണ് ഐ സി സി ബോര്‍ഡ് അറിയിച്ചത്.
ഫെബ്രുവരി 19ന് പാകിസ്ഥാനില്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു. 2025ലെ വനിതാ ഏകദിന ലോകകപ്പിലും 2026ലെ ടി20 ലോകകപ്പിലും പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ക്ക് ഇന്ത്യയിലേക്കും വരില്ലെന്ന നിലപാടിലായിരുന്നു.