Ongoing News
ഐ സി സി ഏകദിന റാങ്കിംഗ്; രണ്ടാം സ്ഥാനം നിലനിര്‍ത്തി കോലി, ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യക്ക് ബുമ്ര മാത്രം
ദുബൈ | ഐ സി സി ഏകദിന റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നേടിയ 116 റണ്‍സാണ് രണ്ടാം സ്ഥാനത്ത് തുടരാന്‍ കോലിക്ക് സഹായമായത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമതുള്ളത്. ഇരുവരും തമ്മില്‍ 37 പോയിന്റിന്റെ വ്യത്യാസമുണ്ട്. ബാബറിന് 873ഉം കോലിക്ക് 836ഉം പോയിന്റാണുളളത്. റോസ് ടെയ്ലര്‍ മൂന്നാമതും രോഹിത് ശര്‍മ നാലും സ്ഥാനങ്ങളിലാണ്.
ക്വിന്റണ്‍ ഡി കോക്ക്, ആരോണ്‍ ഫിഞ്ച്, ജോണി ബെയ്ര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, വാന്‍ ഡര്‍ ഡുസ്സന്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 169 റണ്‍സ് നേടി ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 15-ാമതാണ്.
ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. ഏഴാം സ്ഥാനമാണ് ബുമ്രക്കുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബോട്ടാണ് ഒന്നാം സ്ഥാനത്ത്. ഓസീസിന്റെ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാമതും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് മൂന്നാമതുമാണ്. അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്‌മാന്‍ നാലും ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ അഞ്ചും സ്ഥാനങ്ങളിലുണ്ട്.