prathivaram poem
ഐസ് ഒരതി
ഓർമകളുടെ നീല ഞരമ്പിലൊരു പിടച്ചിൽ കനക്കും നേരം എരിവുള്ളൊരു ഐസ് ഒരതി നുണഞ്ഞ പോൽ ചോറിനു മുമ്പിലിരിക്കും അബൂക്ക.
പഴയ ഐസ് ഒരതിപലകയിലെ
മൂർച്ച പോയ ഉളിയുടെ
വായ്ത്തല തടവി
എന്തോ ഓർത്തെടുക്കും പോലെ
ഒരേ ഇരിപ്പിരിലങ്ങനെ
ഒറ്റയ്ക്കിരിക്കും
അബൂക്ക
എരിവും, പുളിയും
മധുരവുമുള്ള
ഐസ് ഒരതിപോൽ
ഓർമകൾ
കണ്ണുകളിൽ
തടം കെട്ടി വീർക്കും
പലേ നിറങ്ങളുള്ള
പ്ലാസ്റ്റിക് പാത്രങ്ങളിലപ്പോൾ
ഛിക്സിക് … ഛിക്സിക്കെന്ന്
ഐസ് ഒരഞ്ഞു വീഴും
ആടാ.. എരി
ഈടാ…പുളി
ഓന്.. ഉപ്പ്
അനക്ക് മധ്രം ല്ലേ…
എന്ന്
മനസ്സ് കലമ്പും.
തരിച്ചങ്ങനെ
കൊറേ നേരമിരിക്കുമ്പോഴേക്കും
ഓളോ, മക്കളോ
ചോറ് ബെയ്ക്കാൻ
വിളിക്കും
ഒരഞ്ഞൊരഞ്ഞില്ലാതാവുന്ന
നിനവുകൾ
ഐസ് ഒരതിപോൽ
തണുക്കും
ഉറയ്ക്കും
അലിയും
ചോറുണ്ണാൻ
കൈ കഴുകുമ്പോഴായിരിക്കും
അബൂക്ക
കൈകളിലേക്ക്
നോക്കുക
ചോര വറ്റി ചുളിഞ്ഞ്
വിറങ്ങലിച്ചു നിൽക്കുന്ന
കൈകളിൽ
ജീവിതം തെളിഞ്ഞു വരും
വറ്റുപോൽ
ഓർമകളുടെ
നീല ഞരമ്പിലൊരു
പിടച്ചിൽ കനക്കും നേരം
എരിവുള്ളൊരു
ഐസ് ഒരതി
നുണഞ്ഞ പോൽ
ചോറിനു മുമ്പിലിരിക്കും
അബൂക്ക.
അവിടുന്നു
അസർ ബാങ്കിനായി
കാത്തിരിക്കും
അബൂക്ക,
പിന്നെ
സ്കൂൾ വിട്ടോടിയടുക്കും
കുട്ട്യോളെ
എരിവും
പുളിയും
ഉപ്പും
മധുരവുമായി
ചേർത്തു പിടിക്കും
അബൂക്ക
പലേ
രുചികളിലുള്ളവരെ
ഒരച്ചൊരച്ചൊരു
മധുരം കടഞ്ഞെടുത്തിളം
നാവിലിറ്റിക്കും
അബൂക്ക
പിന്നെ ഒരായിരം ശലഭങ്ങൾ
ഒരുമിച്ചു പറന്നുയരും