Organisation
ചരിത്രമായി ഐ സി എഫ് അബൂദബി സെന്‍ട്രല്‍ കമ്മിറ്റിയുടെ നബിദിന സദ്യ
നബിദിനത്തിന്റെ ഭാഗമായി അബൂദബി നഗരത്തില്‍ താമസിക്കുന്ന 5000 ത്തോളം കുടുംബങ്ങളിലേക്ക് ഐ സി എഫ് പ്രവര്‍ത്തകര്‍ നെയ്‌ച്ചോറും കറിയും തയ്യാറാക്കി എത്തിച്ചു നല്‍കി.
അബൂദബി | പ്രവാചകന്‍ മുഹമ്മദ് നബി (സ) ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) അബൂദബി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ നബിദിന സദ്യ ചരിത്രത്തിന്റെ ഭാഗമായി. പ്രവാസികള്‍ ഒരുക്കുന്ന ഏറ്റവും വലിയ നബിദിന സദ്യയായിരുന്നു ഇത്. നബിദിനത്തിന്റെ ഭാഗമായി അബൂദബി നഗരത്തില്‍ താമസിക്കുന്ന 5000 ത്തോളം കുടുംബങ്ങളിലേക്ക് ഐ സി എഫ് പ്രവര്‍ത്തകര്‍ നെയ്‌ച്ചോറും കറിയും തയ്യാറാക്കി എത്തിച്ചു നല്‍കി. നഗരത്തില്‍ താമസിക്കുന്ന ശൈഖ് കുടുംബത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ചീരണി സന്നദ്ധ സേവകര്‍ കുടുംബങ്ങളിലേക്ക് എത്തിച്ചു നല്‍കി.
ഐ സി എഫ് പ്രവര്‍ത്തകരുടെ സേവനം സമൂഹത്തില്‍ വലിയ പ്രശംസക്ക് പാത്രമായി. ജോലിയുള്ള ദിവസമായിരുന്നിട്ടും പലരും ജോലിയില്‍ നിന്നും ലീവെടുത്താണ് സേവനത്തിന്റെ ഭാഗമായത്. അഞ്ഞൂറോളം പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി. ഒരാഴ്ചത്തെ ഒരുക്കത്തിലാണ് ഇത്രയും കൂടുതല്‍ ആളുകളിലേക്ക് ഭക്ഷണം എത്തിച്ചു നല്‍കിയതെന്ന് പ്രസിഡന്റ് ഹംസ അഹ്സനി വയനാട് അറിയിച്ചു.
രാത്രി ഏഴിന് സുഡാനി ക്ലബ്ബില്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലൂദ് സദസ്സിനും ബുര്‍ദ മജിലിസിനും അബുഹുറൈറ മദ്രസ ഉസ്താദുമാര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഹംസ അഹ്സനിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് ഖാദിമുല്‍ ഉലമ മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി താത്തൂര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. ഹമീദ് പരപ്പ സ്വാഗതവും ഇബ്രാഹിം പൊന്മുണ്ടം നന്ദിയും പറഞ്ഞു. സുഡാനി ക്ലബില്‍ നടന്ന ഗ്രാന്‍ഡ് മൗലൂദ് സദസ്സില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.