icf riyad central
ഐ സി എഫ് റിയാദ് റൂബി ജൂബിലി ആഘോഷങ്ങൾ പ്രഖ്യാപിച്ചു
റിയാദിലെ പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളുടെ നേതൃത്വവും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുർറശീദ് ബാഖവി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
റിയാദ് | ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ സി എഫ്) റൂബി ജൂബിലി ആഘോഷങ്ങൾ ആറ് മാസം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളും പരിപാടികളുമായി നടക്കുമെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി പ്രഖ്യാപിച്ചു. ‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ എന്ന പ്രമേയത്തിലൂന്നിയാണ് ജൂബിലി ആഘോഷം. റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോയത്തിലായിരുന്നു പ്രഖ്യാപന സമ്മേളനം. പ്രവാസത്തിന്റെ പരിമിതികളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്‌മ 40 വർഷം പിന്നിടുകയെന്നത് വലിയ സാഹസമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള മുഴുവൻ സംവിധാനങ്ങളിലും പ്രവാസിയുടെ വിയർപ്പിന്റെ തുള്ളികൾ അലിഞ്ഞു ചേർന്നിരിക്കുന്നതായും അതിൽ ഐ സി എഫിന്റെ സംഘടനാ സംവിധാനങ്ങൾ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് കേരള ജനതക്ക് ഐ സി എഫ് നൽകിയ വലിയ ആശ്വാസമാണ്, മലപ്പുറത്ത് കൈമാറിയ ഓക്സിജൻ പ്ലാന്റ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1982ൽ സുന്നി യുവജന സംഘമെന്ന പേരിൽ 12 പേർ ചേർന്ന് രൂപവത്കരിച്ച സംഘടന പിന്നീട് ഐ സി എഫ് എന്ന നാമം സ്വീകരിക്കുയായിരുന്നു. ഇതിന്റെ റൂബി ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചത്. റിയാദിലെ പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളുടെ നേതൃത്വവും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുർറശീദ് ബാഖവി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിനെതിരെ വെല്ലുവിളികൾ ഉയർന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് പ്രസ്ഥാനത്തോടൊപ്പം പാറപോലെ ഉറച്ചുനിൽക്കാൻ മുൻകാല അനുഭവങ്ങൾ അയവിറക്കി അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹിക സാംസ്കാരിക രംഗത്ത് ഉടലെടുക്കുന്ന പല വിഷയങ്ങളിലും പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് പരിമിതികളുണ്ട്. ആ പരിമിതികൾ നികത്തേണ്ട ഉത്തരവാദിത്വമാണ് ഐ സി എഫ് നിറവേറ്റിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂബിലി പ്ലാനിംഗ് ബോർഡ് ചീഫും ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ്മായ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ പ്രമേയം വിശദീകരിച്ചു. സഈദ് അദനി പരപ്പനങ്ങാടി ഡിസൈൻ ചെയ്‌ത ജൂബിലി ലോഗോ പ്രദർശനവും വിശദീകരണവും ഐ സി എഫ് ദാഈ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ നടത്തി. ജൂബിലിയുടെ ഭാഗമായി രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 40 ഇന പദ്ധതികൾ ജൂബിലി പ്ലാനിംഗ് ബോർഡ് ലീഡറും ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറിയുമായ ലുഖ്‌മാൻ പാഴൂർ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിലെ മെഗാ പദ്ധതിക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. ജുനൈദ് അദനി കൂരിയാട് രചന നിർവഹിച്ച ജൂബിലി തീം സോംഗ് ചടങ്ങിൽ അവതരിപ്പിച്ചു.