Connect with us

Bahrain

ഐ സി എഫ് ബഹ്‌റൈന്‍ 45-ാം വാര്‍ഷികം ഞായറാഴ്ച

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥി. കാന്തപുരത്തിന്റെ ആത്മകഥയായ 'വിശ്വാസപൂര്‍വം' ബഹ്റൈന്‍ പതിപ്പ് സമ്മേളനത്തില്‍ പ്രകാശിതമാകും.

Published

|

Last Updated

മനാമ | ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക സേവന രംഗത്ത് നാലര പതിറ്റാണ്ട് പിന്നിടുന്ന ഐ സി എഫ് 45-ാം വാര്‍ഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. ആറ് മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സും സെപ്തം: 22 ന് ഞായറാഴ്ച നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസ ഘടകമാണ് ഐ സി എഫ്. ‘ഐ സി എഫ് പ്രവാസത്തിന്റെ അഭയം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ സി എഫ് പ്രവര്‍ത്തിക്കുന്നത്.

ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട പതിമൂന്ന് മദ്‌റസകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള മതവിദ്യാഭ്യാസം നല്‍കിപ്പോരുന്നു. ഹാദിയ വ്യുമന്‍സ് അക്കാദമിക്ക് കീഴില്‍ വ്യക്തിത്വ നൈപുണ്യ വികസന മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ഐ സി എഫ് സേവന വിഭാഗമായ സഫ്‌വ വളണ്ടിയര്‍ വിംഗ് സന്നദ്ധ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.

ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ എട്ട് സെന്‍ട്രല്‍ ഘടകങ്ങളും 41 യൂണിറ്റ് കമ്മിറ്റികളും 3000ത്തില്‍ അധികം മെമ്പര്‍മാരും അത്ര തന്നെ അനുഭാവികളും സംഘടനയ്ക്കുണ്ട്.

പ്രവാസി സുരക്ഷാ നിധി, ദാറുല്‍ ഖൈര്‍ ഭവന പദ്ധതി, സാന്ത്വന കേന്ദ്രം, പ്രവാസി വായന, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ തുടങ്ങി പ്രവാസ ലോകത്തും നാട്ടിലുമായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തന പദ്ധതികള്‍ ഐ സി എഫ് നേതൃത്വത്തില്‍ വിപുലമായി നടന്നു വരുന്നു.

‘തിരുനബി (സ): ജീവിതം ദര്‍ശനം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സും വാര്‍ഷിക ഉദ്ഘാടനവും സെപ്തം: 22, ഞായറാഴ്ച സല്‍മാബാദ് ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ് (ഗള്‍ഫ് എയര്‍ ക്ലബ്) ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് ആരംഭിക്കും. സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ദേശീയ അന്തര്‍ദേശീയ നേതാക്കള്‍ സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ ബഹ്റൈന്‍ പതിപ്പ് സമ്മേളനത്തില്‍ പ്രകാശിതമാകും.

സമ്മേളനം ശ്രവിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ഏപ്പെടുത്തിയിട്ടുണ്ട്.

മനാമയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എഫ് നാഷനല്‍ നേതാക്കളായ കെ സി സൈനുദ്ധീന്‍ സഖാഫി, അഡ്വ: എം സി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, മുസ്തഫ ഹാജി കണ്ണപുരം, റഫീഖ് ലത്വീഫി വരവൂര്‍, സിയാദ് വളപട്ടണം, നൗഷാദ് ഹാജി കണ്ണൂര്‍, ഷമീര്‍ പന്നൂര്‍, ശിഹാബുദ്ധീന്‍ സിദ്ദീഖി, ഫൈസല്‍ ചെറുവണ്ണൂര്‍ പങ്കെടുത്തു.

 

Latest