Kerala
ഐസിഎഫ് ദാറുല്‍ ഖൈര്‍ ഭവന സമര്‍പ്പണം നടത്തി
ദാറുല്‍ ഖൈര്‍' പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം തൃശൂരില്‍ കൈമാറി
തൃശൂര്‍ | ‘ദാറുല്‍ ഖൈര്‍’ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം തൃശൂരില്‍ കൈമാറി. ഭവനരഹിതരും നിര്‍ധനരുമായ ഐസിഎഫ് പ്രവര്‍ത്തകര്‍ക്കും മറ്റു അര്‍ഹതയുള്ളവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ‘ദാറുല്‍ ഖൈര്‍’. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മര്‍കസ് നോളേജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയാണ് ഭവന സമര്‍പ്പണം നടത്തിയത്.
രാജ്യത്ത് പെരുകി വരുന്ന പട്ടിണിയും ദാരിദ്ര്യവും, മനുഷ്യത്വമുള്ള സാമ്പത്തിക മെക്കാനിസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പെരിഞ്ഞനത്താണ് ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്)വീടു നിര്‍മ്മിച്ചു നല്‍കിയത്. ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് സകീര്‍ മാന്നാര്‍ സെക്രട്ടറി മുനീര്‍ തോട്ടട അഡ്മിന്‍ സെക്രട്ടറി ജഅഫര്‍ സ്വാദിഖ് എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി റാഫി സഖാഫി കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖന്‍ നൗഷാദ് പാലക്കല്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട് , എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി എം കെ അബ്ദുല്‍ ഗഫൂര്‍, ഐസിഎഫ് പ്രതിനിധികളായ നവാസ് എടമുട്ടം (ദുബൈ), ഹുസൈന്‍ വിളക്ക് പറമ്പ് (ഖത്തര്‍), ഫൈസല്‍ മഹ്‌ളറ, ഷബീര്‍ ചിറക്കല്‍ (സൗദി), എസ് വൈ എസ് സാന്ത്വനം ജില്ലാ സെക്രട്ടറി അബ്ദുറഹ്മാന്‍ ചളിങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.