Connect with us

ICF

ഐ സി എഫ് നേതാക്കള്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഐ സി എഫ് ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്‌നേഹസഞ്ചാരത്തിന്റെ ഭാഗമായാണ് നേതാക്കള്‍ മലേഷ്യയിലെത്തിയത്.

Published

|

Last Updated

ക്വലാലംപൂര്‍ | മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്റാഹീമുമായി ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സംഘടനാ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, വിദ്യാഭ്യാസ സെക്രട്ടറി ശരീഫ് കാരശ്ശേരി, ദഅവ സെക്രട്ടറി ഹമീദ് ചാവക്കാട് എന്നിവരാണ് പ്രധാന മന്ത്രിയെ കണ്ടത്.

കൂടിക്കാഴ്ചയില്‍ കേരളവും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തമ്മിലുള്ള സൗഹൃദവും സംസാരവിഷയമായി. ഐ സി എഫ് ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്‌നേഹസഞ്ചാരത്തിന്റെ ഭാഗമായാണ് നേതാക്കള്‍ മലേഷ്യയിലെത്തിയത്. സഞ്ചാരത്തില്‍ വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.

മലേഷ്യന്‍ ഗവണ്‍മെന്റ് സ്ഥാപിച്ച യയാസന്‍ ദഅവ ഇസ്ലാമിയഃ മലേഷ്യ ഓഫീസില്‍ നടന്ന മീറ്റിംഗില്‍ വകുപ്പ് സി ഇ ഒ ഉസ്താദ് സംരി, പ്രധാന മന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ഡോ. ബശീര്‍ അസ്ഹരി എന്നിവര്‍ ഐ സി എഫ് നേതാക്കളെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉപഹാരം ഏറ്റുവാങ്ങി. ക്വലാലംപൂര്‍ സുബാങ് ബസ്തരി മഹദ് തഹ്ഫിസ് ദാര്‍ തരീമില്‍ നടന്ന സംഗമത്തില്‍ അല്‍ ഹബീബ് മഹ്ദി അബൂബക്കര്‍ അല്‍ ഹാമിദ് നേതാക്കളെ സ്വീകരിച്ചു.

മലേഷ്യയിലെ വിവിധ സ്റ്റേറ്റുകളില്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച ഇസ്തിഖ്ബാലിയയിലും നാഷണല്‍ കമ്മിറ്റി സംഗമത്തിലും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുത്തു.

 

Latest