Organisation
ലക്ഷദ്വീപ് എം പിയുമായി കൂടിക്കാഴ്ച നടത്തി ഐ സി എഫ് മക്ക സെന്‍ട്രല്‍ നേതാക്കള്‍
മുഴുവന്‍ സഹായ സഹകരണങ്ങളും ഐ സി എഫിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവുമെന്ന് എം പി.
മക്ക | ലക്ഷദ്വീപ് എം പിയും എന്‍ സി പി ദേശീയ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ എം പിയുമായി ഐ സി എഫ് മക്ക സെന്‍ട്രല്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മക്കയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
രാജ്യത്തിന്റെ പുരോഗതിയിലും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം സ്മരിച്ചു. പ്രവാസികളുടെ ജോലി സംബന്ധമായ നിയമ പ്രശ്നങ്ങള്‍, രോഗം, മരണം തുടങ്ങി മുഴുവന്‍ വിഷയങ്ങളിലും ഐ സി എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാറുണ്ടെന്നും വിശിഷ്യാ കൊവിഡ് കാലത്തെ സന്നദ്ധ, സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എം പി പറഞ്ഞു.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് എം പി എന്ന നിലയില്‍ ചെയ്യാനാകുന്ന മുഴുവന്‍ സഹായ സഹകരണങ്ങളും ഐ സി എഫിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മക്ക സെന്‍ട്രല്‍ ഐ സി എഫ് നേതാക്കളായ ഷാഫി ബാഖവി മീനടത്തൂര്‍, അബ്ദുര്‍റഷീദ് അസ്ഹരി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ കണ്ണൂര്‍, മുഹിയിദ്ദീന്‍ ലത്വീഫി ആദൃശ്ശേരി സംബന്ധിച്ചു.