ICF
ഐ സി എഫ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
നാട്ടിലും പ്രവാസത്തിലും നാം മുറുകെപിടിക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും സംഗമം മുന്നറിയിപ്പ് നൽകി.
ദമാം | വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദവും പാരസ്പര്യവും കൂടുതല്‍ ശക്തിപ്പെടുന്നതിനും വിശ്വാസവും സ്നേഹവും അറ്റുപോകാതിരിക്കാനും സൗഹൃദ സംവാദങ്ങൾക്ക് സാധിക്കുമെന്ന് ബലി പെരുന്നാളിനോടനുബന്ധിച്ച് ഐ സി എഫ് ദമാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈഹാത്തിൽ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തിൽ പ്രചരിക്കുന്ന വ്യാജങ്ങളിൽ തെറ്റിദ്ധരിക്കാതിരിക്കാൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്നും നാട്ടിലും പ്രവാസത്തിലും നാം മുറുകെപിടിക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും സംഗമം മുന്നറിയിപ്പ് നൽകി.
നബി (സ) കാണിച്ച മത സഹിഷ്ണുത എല്ലാവരും പിന്തുടർന്നാൽ മതനിന്ദ മനസ്സുകളിൽ നിന്ന് എടുത്തുകളയാൻ പറ്റുമെന്നും ഹജ്ജ് നൽകുന്ന മാനവിക സന്ദേശം അതാണെന്നും വിഷയാവതരണം നടത്തിയ ഐ സി എഫ് പ്രൊവിൻസ് ദഅവകാര്യ സെക്രട്ടറി ഹാരിസ് ജൗഹരി ഉണർത്തി. സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ഇൻ്റർ നാഷനൽ മീഡിയ & പബ്ലിക്കേഷൻസ് സെക്രട്ടറി സലിം പാലിച്ചിറ ഉദ്‌ഘാടനം ചെയ്തു. രമേശ്, അനിൽ കുമാർ, ഗംഗാധരൻ, അഹ്മദ് നിസാമി, മുഹമ്മദ് അമാനി, ടിറ്റോ തോമസ്, ചന്ദ്രകുറുപ്പ്, അബ്ദുല്ല കാന്തപുരം, ഹംസ ഏളാട്, ഹർശാദ് സംസാരിച്ചു.