Organisation
ഐ സി എഫ് ഖത്വര്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
ദോഹ | മഹാനായ ഇബ്‌റാഹീം നബിയുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ സ്മരണകള്‍ കൊണ്ട് സമ്പന്നമായ ഈദ് ദിനത്തില്‍ ഐ സി എഫ് ഖത്വര്‍ നാഷണല്‍ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
നിരവധി പരീക്ഷണങ്ങളുടെ വേലിയേറ്റം ഉണ്ടായിട്ടും ഏക ഇലാഹീ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും ആദര്‍ശ വിജയം നേടുകയും ചെയ്തത് ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ നിന്ന് നമുക്കുള്ള പാഠമാണന്ന് അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന പ്രബോധന ശൈലിയായിരുന്നു ഇബ്‌റാഹീം നബിയുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രവണ സുന്ദരമായ ആലാപനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഇശല്‍ വിരുന്ന് സദസ്സിനെ ഹൃദ്യമാക്കി അബുഹമൂര്‍ ഐ സി സി യില്‍ വെച്ച് നടന്ന പരിപാടിയില്‍ ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. ബാദുശ സഖാഫി, അബ്ദുല്‍ കരീം ഹാജി മേന്മുണ്ട, ഉബൈദ് വയനാട്, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി, ഉമര്‍ കുണ്ടുതോട് പ്രസംഗിച്ചു.