Saudi Arabia
ഐ സി എഫ് റൂബി ജൂബിലി എമിനന്റ് അവാർഡ് വിതരണം ചെയ്തു
വ്യത്യസ്ത മേഖലകളിൽ സമൂഹത്തിന് ഗുണകരമായ സേവനങ്ങൾ ചെയ്ത നാലു പേർക്കാണ് ഐ സി എഫ് റൂബി ജൂബിലി എമിനന്റ് അവാർഡുകൾ വിതരണം ചെയ്തത്.
റിയാദ് | നാല്പത് വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രഖ്യാപിച്ച റൂബി ജൂബിലി എമിനന്റ് അവാർഡുകൾ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി വിതരണം ചെയ്തു. വ്യത്യസ്ത മേഖലകളിൽ സമൂഹത്തിന് ഗുണകരമായ സേവനങ്ങൾ ചെയ്ത നാലു പേർക്കാണ് ഐ സി എഫ് റൂബി ജൂബിലി എമിനന്റ് അവാർഡുകൾ വിതരണം ചെയ്തത്.
മതബോധന രംഗത്തെ സേവനത്തിന് അബ്ദുൽ റഷീദ് ബാഖവി, വാണിജ്യ മേഖലയിലെ സേവനത്തിന് നാസർ ഹാജി ഓമച്ചപുഴ സാമൂഹിക സേവനത്തിന് ശിഹാബ് കൊട്ടുകാട്, ആരോഗ്യ മേഖലയിലെ സേവനത്തിന് ഡോ. അബ്ദുൽ അസീസ് എന്നിവരെയാണ് ഐ സി എഫ് റൂബി ജൂബിലി എമിനന്റ് അവാർഡ് നൽകി ആദരിച്ചത്.
സ്വദേശികളടക്കം അനവധി ശിഷ്യ ഗണങ്ങളുള്ള അബ്ദുൽ റഷീദ് ബാഖവി കർമ്മ ശാസ്ത്ര അധ്യാപനത്തിനായി ഖത്തർ രാജ കുടുബത്തിന്റെ ഔദ്യോഗിക സ്ഥാപനമായ മർക്കസു ശൈഖ് ഈദ് ബിൻ താനി ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ജേതാവ് ആണ്. പ്രാഭാഷകൻ കൂടിയാണ് അദ്ദേഹം.
ബത്ഹയിലെ ചെറിയ ഇലക്ട്രോണിക് കടയിൽ നിന്ന് തുടങ്ങി, ജി സി സി രാജ്യങ്ങളിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായി മാറിയ സ്‌ട്രോങ് ലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് നാസർ ഹാജി. വാണിജ്യം സമൂഹത്തിന് വേണ്ടി എന്ന ആശയത്തിന് പ്രാധാന്യം നൽകി ഉന്നത ഗുണമേന്മയുള്ള ഉത്പന്നങ്ങൾ തുച്ച വരുമാനകാർക്കും ലഭ്യമാക്കണം എന്ന നിസ്കർഷ തീരുമാനത്തിന് ഉടമയാണ് നാസർ ഹാജി. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ഡയറക്ടർ കൂടി ആണ്.
സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് പ്രവാസി ഭാരത് സമ്മാൻ അവാർഡ് ജേതാവു കൂടിയാണ്. നോർക്കയുടെ കൺസൽറ്റണ്ട് ആയി സേവനം ചെയ്തിട്ടുള്ള ശിഹാബ് കൊട്ടുക്കാട് റിയാദിലെ പൊതു രംഗത്തെ അറിയപ്പെടുന്ന വ്യക്തിയാണ്. ഇന്ത്യക്കാർക്ക് മാത്രമല്ല മറ്റു രാജ്യക്കാർക്കും ഇദ്ദേഹം നിയമ സഹായങ്ങളും മറ്റും നൽകി വരുന്നു.
റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്ന ഡോ എസ് അബ്ദുൽ അസീസ് ( എം ബി ബി എസ് , ഡി പി എച്ച് ) കേരളത്തിലെ സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ്. പുകവലി നിർത്തൽ ചികിത്സയിൽ അമേരിക്കയിലെ മാസച്ചു സെറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രത്യേക ട്രെയിനിങ് നേടിയിട്ടുണ്ട്.
സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അഗീകാരമുള്ള റിസ എന്ന ബോധവൽക്കരണ പരിപാടിക്ക് നേത്യത്വം വഹിച്ചു വരുന്നു.