Organisation
ഐ സി എഫ് റിയാദ് റൂബി ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു
റിയാദ് | ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് ഘടകത്തിന്റെ റൂബി ജൂബിലി ലോഗോ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കർ മുസ്‌ല്യാർ നിർവഹിച്ചു. ‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ എന്ന പ്രമേയമുൾക്കൊള്ളുന്നതാണ് ലോഗോ.
വിശ്വാസത്തിൽ സന്ധിചെയ്യാതെ നീതിയോടും നേരിനോടും ഒപ്പം നിന്നതിന്റെ ഫലമാണ് പ്രസ്ഥാനം ഇപ്പോൾ ആസ്വദിക്കുന്നതെന്ന് കാന്തപുരം പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്യാതെ നിലപടുകളിൽ ഉറച്ചു നിൽക്കുക എന്നതാണ് ഓരോ പ്രവർത്തകനും അനുവർത്തിക്കേണ്ട നയമെന്നും അദ്ദേഹം പറഞ്ഞു. നേരിനൊപ്പം അടിയുറച്ചു നിന്ന്, പ്രവാസ ലോകത്ത് നാല്പത് വർഷങ്ങൾ പൂർത്തിയാക്കിയ റിയാദ് ഐ സി എഫിന് അദ്ദേഹം ആശംസകൾ നേർന്നു.
‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ എന്ന പ്രമേയത്തിലൂന്നിയുള്ള റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ആണ് റിയാദ് ഐ സി എഫ് ആസൂത്രണം ചെയ്യുന്നത്. രണ്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നാൽപത് ഇന പദ്ധതികളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കാൻ തയ്യറെടുക്കുന്നത്.
സെൻട്രൽ പ്രൊവിൻസ് ക്ഷേമകാര്യ സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ, റിയാദ് സെൻട്രൽ ജനറൽ സെക്രട്ടറി മജീദ് താനാളൂർ, സംഘടനാ കാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ, അഡ്മിൻ ആൻറ് പി ആർ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാനിപുരം , വിദ്യാഭ്യസ വിഭാഗം പ്രസിഡന്റ് റഷീദ് കക്കോവ് എന്നിവർ പങ്കെടുത്തു.