Connect with us

stop sexual harassment

ഐസിയു പീഡനം: പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

വൈദ്യ പരിശോധന നടത്തുകയും ആദ്യം അന്വേഷിക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് പരാതി

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി അതിജീവിത. തന്റെ മൊഴി പരിശോധന നടത്തിയ ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നു കാണിച്ചു യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് അതിജീവിത ഇത്തരമൊരു പരാതി ഉന്നയിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പോലീസ് അതിജീവിതയെ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ അര്‍ധബോധാവസ്ഥയില്‍ കഴിയവെ പീഡനത്തിനിരയായ സംഭവത്തില്‍ വൈദ്യ പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തുകയും ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് പരാതി.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം ലഭിച്ചപ്പോഴാണു താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മനസ്സിലായത്. പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതി പീഡനത്തിന് ഇരയായത്. ഗ്രേഡ് വണ്‍ അറ്റന്‍ഡറും വടകര സ്വദേശിയായ ശശീന്ദ്രനാണ് കേസിലെ പ്രതി. ഇയാള്‍ക്കനുകൂലമായി മൊഴി നല്‍കാന്‍ ഇരയെ പ്രരിപ്പിച്ചെന്ന കേസില്‍ മറ്റ് അഞ്ച് ജീവനക്കാരും പ്രതികളാണ്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്നു യുവതി അറിയിച്ചു.

Latest