National
'ഒറ്റ' തിരഞ്ഞെടുപ്പെന്ന ആശയം ഫെഡറലിസത്തെ തകര്‍ക്കരുത്: എസ് എസ് എഫ്
'ഏകശിലാത്മകത എന്ന ആശയം ഇന്ത്യ പോലൊരു വിശാല രാജ്യത്ത് അസാധ്യമാണ്. അത് ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തില്‍ കാലുഷ്യം നിറയ്ക്കും.'
ചെന്നൈ | രാജ്യവ്യാപകമായി തദ്ദേശതലം മുതല്‍ ലോക്സഭ വരെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്ന ആശയം ഫെഡറലിസത്തെ തകര്‍ക്കരുതെന്ന് എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ ഫഖീഹുല്‍ ഖമര്‍ സഖാഫി ബീഹാര്‍ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാന്‍ യാത്രക്ക് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ചെന്നൈയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രാദേശികവും സാംസ്‌കാരികവുമായ വൈജാത്യങ്ങളെ മറികടന്നുകൊണ്ട് സാമ്പത്തിക ചെലവ് ചുരുക്കാനെന്ന പേര് പറഞ്ഞ് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള ശ്രമം കുത്സിത താത്പര്യങ്ങളില്‍ നിന്നുടലെടുത്തതാണെന്നും ഫഖീഹുല്‍ ഖമര്‍ സഖാഫി പറഞ്ഞു. ഏകശിലാത്മകത എന്ന ആശയം ഇന്ത്യ പോലൊരു വിശാല രാജ്യത്ത് അസാധ്യമാണ്. അത് ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തില്‍ കാലുഷ്യം നിറയ്ക്കും.
ചെന്നൈയിലെ സംവിധാന്‍ യാത്ര സ്വീകരണ സമ്മേളനം മന്‍സൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഉലൂമി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സലീം സിറാജ്, കമാല്‍ സഖാഫി, നൗശാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, മുഹമ്മദ് മുഈനുദ്ദീന്‍ ത്രിപുര പ്രസംഗിച്ചു. സംവിധാന്‍ യാത്രക്ക് ഇന്ന് (ബുധന്‍) പോണ്ടിച്ചേരിയില്‍ സ്വീകരണം നല്‍കും.