Malappuram
ആദര്‍ശ മുന്നേറ്റ ചരിത്രം പറഞ്ഞ് ഐഡിയല്‍ എക്‌സ്‌പോ
1925ലെ കോഴിക്കോട് സംവാദം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംവാദങ്ങളുടെ ഹ്രസ്വ ചരിത്രമാണ് എക്‌സ്‌പോയിലുള്ളത്.
കൊളത്തൂര്‍| സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ നടന്ന ആദര്‍ശ മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രം വിളംബരം ചെയ്യുകയാണ് ‘മഹ്റജാൻ’ ജാമിഅത്തുല്‍ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ച ഐഡിയല്‍ എക്‌സ്‌പോ. പാരമ്പര്യ ഇസ്ലാമിനെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി രംഗപ്രവേശം ചെയ്ത പുത്തനാശയ പ്രസ്ഥാനങ്ങളുടെ വികല വാദങ്ങളെ അഹ്ലുസ്സുന്നയുടെ ആദര്‍ശം മുന്‍നിര്‍ത്തി സമൂഹത്തിനു മുന്നില്‍ തുറന്നുകാണിച്ച സുന്നി പണ്ഡിതരുടെ ത്യാഗങ്ങളും മുന്നേറ്റങ്ങളും വിശദമായി തന്നെ വരഞ്ഞിടുന്നുണ്ട് എക്സ്പോ.
1925 ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്ലിയാരുടെയും അഹ്‌മദ് കോയ ശാലിയാത്തിയുടെയും നേതൃത്വത്തില്‍ വിപ്ലവകരമായ ചരിത്രം സൃഷ്ടിച്ച കോഴിക്കോട് സംവാദം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളിതുവരെ നടന്ന സംവാദങ്ങളുടെ ഹ്രസ്വ ചരിത്രമാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന്. കൂടാതെ സംവാദ വ്യവസ്ഥകളുടെ ചരിത്രവും വൈവിധ്യവും അനാവരണം ചെയ്യുന്ന കൊളാഷ്, വഹാബിസത്തിന്റെ വിശ്വാസ ദുര്‍ബലതയും മത നശീകരണ-യുക്താവാദങ്ങളും വിവരിച്ചു ആഗോള തലത്തില്‍ ഉലമാക്കള്‍ നടത്തിയ പ്രശസ്ത രചനകളുടെ ശേഖരം, സ്ഥാപക നേതാവിനെ തള്ളിപ്പറയുന്ന സമകാലിക ജമാഅത്തെ ഇസ്ലാമിയും വിശ്വാസ സമീപനത്തിലെ ഇടക്കിടെയുള്ള മാറ്റം മൂലം മുജാഹിദുകളും മറക്കാന്‍ ആഗ്രഹിക്കുന്ന പഴയകാല രചനകളുടെ പ്രദര്‍ശനം, കേരള വഹാബിസത്തിലെ പിളര്‍പ്പിന്റെ നാള്‍വഴികളും വിശ്വാസ പരിണാമങ്ങളും അഹ്ലുസ്സുന്നയില്‍ നിന്നും വ്യതിചലിച്ച ആശയധാരകളും വിശദീകരിക്കുന്ന പോസ്റ്ററുകള്‍ എന്നിവയും എക്‌സ്‌പോയുടെ ഭാഗമാണ്.
കൂടാതെ കേരളത്തിലെ ആദര്‍ശ മുന്നേറ്റക്കരുത്തില്‍ പിന്തിരിഞ്ഞോടിയ പുത്തനാശയക്കാരുടെ വിശ്വാസ ദൗര്‍ബല്യം വെളിപ്പെടുത്തുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ആദര്‍ശ തിയ്യേറ്ററും എക്‌സ്‌പോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ വഹാബികളടക്കം പുത്തനാശയ കൂട്ടായ്മകള്‍ ഇസ്ലാമിന്റെ തനിമയെയും പാരമ്പര്യത്തെയും എങ്ങനെയാണ് നശിപ്പിച്ചതെന്നും അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ എങ്ങനെയാണ് അവ പ്രതിരോധിച്ചതെന്നും ഐഡിയല്‍ എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്ക് ലളിതമായും കൃത്യമായും അടുത്തറിയാനാവും. കൊളത്തൂര്‍ ഇര്‍ശാദിയ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ അര്‍ശദി സ്‌കോളേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ എക്‌സ്‌പോ പുതുതലമുറ വിദ്യാര്‍ഥികള്‍ടക്കം ഏറെ ഉപകാരപ്പെടും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എക്‌സപോ ഉദ്ഘാടനം ചെയ്തു.
---- facebook comment plugin here -----