Prathivaram
ഡ്രൈവറെ തിരിച്ചറിയാം
പ്രയാസകരമായ സാഹചര്യങ്ങളെ യുക്തിപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ ദേഹവും ദേഹിയും അപകടത്തിൽ പെടും.
ജീവിതം ഒരു യാത്രയാണ്. യാത്രയെ ആസ്വാദ്യകരമാക്കുന്നതിലും അറുബോറനാക്കുന്നതിലും ഡ്രൈവർമാർക്ക് വലിയ പങ്കുണ്ട്. ഓരോരുത്തരുടെയും ജീവിതത്തിലെ സന്തോഷത്തിനും സന്താപത്തിനും ഹേതുവാകുന്ന, ജയപരാജയങ്ങൾ നിർണയിക്കുന്ന ഡ്രൈവറെ തിരഞ്ഞെടുക്കുന്നത് അവനവൻ തന്നെയാണ്. ലഹരിയാസക്തിയിൽ വാഹനം ഓടിക്കുമ്പോൾ കണ്ണും മനസ്സും തമ്മിലുള്ള ഏകോപനത്തെ താളം തെറ്റിച്ച് വണ്ടി അപകടത്തിൽപ്പെടുന്നു. എന്നതുപോലെ മനുഷ്യജീവിതത്തെ നയിക്കുന്ന ഡ്രൈവർ പക്വതയില്ലാതെയും അപമര്യാദയോടെയും ലഹരിയുടെ മയക്കത്തിലും മറ്റുള്ളവരുമായി പെരുമാറുമ്പോൾ ജീവിതം തന്നെ കുളംതോണ്ടുന്നു. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോഴാണ് സുഖകരമായ യാത്ര സാധ്യമാകുന്നത്. വ്യക്തിപരവും സാമൂഹികവുമായ വ്യവഹാരങ്ങളും നിയമ സംഹിതകളും പൂർണമായും പാലിക്കുമ്പോഴാണ് സമൂഹത്തിന്റെ താളാത്മകത നിലനിൽക്കുന്നതും വ്യക്തി വിശുദ്ധി കാത്തുസൂക്ഷിക്കപ്പെടുന്നതും.
രാത്രികാലത്തും കെടുതികളുള്ളപ്പോഴുമുള്ള ഡ്രൈവിംഗ് തലവേദന സൃഷ്ടിക്കുകയും അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യാറുണ്ട്. എതിർവശത്തുനിന്ന് വരുന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ആക്കാതിരിക്കുമ്പോൾ കണ്ണിലേക്ക് അടിച്ചുകയറുന്ന തീവ്ര പ്രകാശം കാരണം ചിലപ്പോൾ കാഴ്ചക്കുതന്നെ മങ്ങലേൽക്കുകയും വാഹനം അപകടത്തിൽ പെടുകയും ചെയ്യാറുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലൂടെയും വെള്ളക്കെട്ടിലൂടെയും വാഹനം ഓടിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനത്തിന്റെ എക്സ് ഹോസ്റ്റൽ വെള്ളം കയറിയാൽ എൻജിൻ തകരാറിലാകും. നനഞ്ഞ റോഡിൽ ടയറിന്റെ ഘർഷണം കുറവായതിനാൽ താഴ്ന്ന ഗിയറിൽ വേഗം കുറച്ച് റോഡിന്റെ മധ്യഭാഗത്തുകൂടെയാണ് വാഹനം ഓടിക്കേണ്ടത്. എതിർ ദിശയിൽ വരുന്ന വാഹനത്തിന്റെ ഡ്രൈവർ മുന്നിൽ അപകടമുണ്ടെന്ന് മുന്നറിയിപ്പുതന്നാൽ അതേ റൂട്ടിൽ യാത്ര തുടരുന്നത് സുരക്ഷിതമല്ല. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണം. മുന്നിലുള്ള ഡ്രൈവറുടെ സിഗ്നൽ ലഭിച്ച ശേഷമാണ് ഓവർടേക്ക് ചെയ്യേണ്ടത്. അല്ലാതിരുന്നാൽ അപ്രതീക്ഷിതമായ അപകടം സംഭവിക്കുകയും തീരാനഷ്ടത്തിൽ കലാശിക്കുകയും ചെയ്യും. ജീവിത യാത്രയിലും ഇതുപോലുള്ള അനേകം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൃത്യമായ പെരുമാറ്റ ചട്ടങ്ങളും വ്യക്തിനിയമങ്ങളും പാലിച്ചുകൊണ്ട് യാത്ര ക്രമീകരിച്ചാൽ മാത്രമേ വൈതരണികളെ വൈദഗ്ധ്യപൂര്‍വം അതിജീവിക്കാനും അപകടങ്ങളിൽ നിന്ന് സുരക്ഷ നേടാനും സാധിക്കുകയുള്ളൂ.
ഒരാളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ഡ്രൈവറാണ്. വാഹനം നന്നാവുന്നതോടൊപ്പം വാഹനത്തെ നിയന്ത്രിക്കുന്ന ഡ്രൈവർ കൂടി നന്നാവണം. വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമ്പോൾ സ്വയം നന്നാക്കുകയോ വർക്ക് ഷോപ്പ് കണ്ടെത്തി റിപ്പയർ നടത്തുകയോ ചെയ്ത് വാഹനത്തിന്റെ ഗമനം സുഗമമാക്കേണ്ടത് ഡ്രൈവരുടെ ബാധ്യതയാണ്. കേടുപാടുകൾ സംഭവിക്കുമ്പോൾ നിഷ്ക്രിയനായി യാത്രക്കാരെ വഴിയാധാരമാക്കുന്നത് മാന്യതക്ക് നിരക്കുന്നതല്ല. എന്ന പോലെ വാഹനമാകുന്ന മനുഷ്യശരീരത്തിനും ശരീരത്തെ നിയന്ത്രിക്കുന്ന ഡ്രൈവറാകുന്ന ആത്മാവിനും കോടുപാടുകൾ പറ്റാതെ നോക്കേണ്ടതുണ്ട്. പ്രയാസകരമായ സാഹചര്യങ്ങളെ യുക്തിപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ ദേഹവും ദേഹിയും അപകടത്തിൽ പെടും.
ദേഹവും ദേഹിയും കൂടിച്ചേര്‍ന്നതാണല്ലോ മനുഷ്യന്‍. ദേഹിയില്ലെങ്കില്‍ ദേഹത്തിന് വിലയില്ല. ദേഹി ശരീരത്തിൽ നിന്ന് വിട്ടുപിരിഞ്ഞാൽ ബോഡി പഴകുകയും നശിക്കുകയും ചെയ്യുന്നു. ദേഹിയെന്ന ആത്മാവിന് മരണമില്ല. അത് നഗ്‌ന നേത്രങ്ങള്‍ക്ക് ഗോചരീയവുമല്ല. ആത്മാവിനെ പുഷ്ടിപ്പെടുത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്. സ്രഷ്ടാവായ അല്ലാഹുവിനെ അനുസരിക്കുകയും തിന്മകളെ വര്‍ജിക്കുകയും ചെയ്യുമ്പോൾ ആത്മ സംസ്കരണത്തിന്റെ വഴി തുറക്കപ്പെടും.
തിന്മ ചെയ്യാന്‍ ദേഹി ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. എല്ലാ തരം തിന്മകള്‍ക്കും സമ്മര്‍ദങ്ങള്‍ ചെലുത്തും. കാരണം, അതിന് വഴങ്ങിക്കൊടുക്കുന്ന പ്രകൃതത്തിലാണ് മനുഷ്യ സൃഷ്ടിപ്പുള്ളത്. അല്ലാഹു പറയുന്നു. “നിശ്ചയമായും മനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നു’. (യൂസുഫ്: 53) ഇബ്നു അബ്ബാസ്(റ)വിൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: “മനുഷ്യന്റെ ഹൃദയാന്തരങ്ങളില്‍ പിശാച് സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ അതിൽ നിന്നും പിന്തിരിയും. അല്ലാഹുവിനെ മറക്കുമ്പോൾ ഹൃദയം പിശാചിന്റെ നിയന്ത്രണത്തിലാകുകയും ചെയ്യും’. (ബുഖാരി)
തിന്മകളുടെ സമ്മര്‍ദങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് നന്മയിലേക്ക് വഴിനടത്തുന്നതിന് ഉപദേശിക്കുന്ന ഒരു വന്‍ ശക്തി ഓരോ മനുഷ്യമനസ്സിലും കുടികൊള്ളുന്നു. സാധാരണ മനുഷ്യദൃഷ്ടിക്ക് ഗോചരീഭവിക്കാത്ത പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട മാലാഖയുടെ ശക്തിയാണത്. അതേസമയം, പൈശാചിക ശക്തിയും മനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കും. അപ്പോള്‍ മലക്ക്, ശൈത്വാന്‍ എന്നീ രണ്ട് വന്‍ ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കിടയിലാണ് യഥാര്‍ഥ മനുഷ്യന്‍ ജീവിക്കുന്നത്. ഇവയില്‍ പിശാചിന്റെ ഉപദേശവും ശാരീരിക ഇഛയുടെ സമ്മര്‍ദവും തള്ളിക്കളഞ്ഞ് മലക്കിന്റെ ഉപദേശം സ്വീകരിക്കുന്നവരാണ് വിജയിക്കുന്നവര്‍. നബി(സ) പറയുന്നു: “ഹൃദയത്തില്‍ രണ്ട് ബാധകളുണ്ട്. നന്മകൊണ്ട് മുന്നറിയിപ്പ് നൽകുകയും സത്യം അംഗീകരിക്കുകയും ചെയ്യുന്ന മലക്കിന്റെ സ്വാധീനമാണൊന്ന്. ഇത് ആർക്കെങ്കിലും ലഭിച്ചാല്‍ അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അറിയുകയും അല്ലാഹുവിനെ സ്തുതിക്കുകയും വേണം. നാശത്തിലേക്ക് നയിക്കുകയും സത്യത്തെ കളവാക്കുകയും ചെയ്യുന്ന പിശാചിന്റെ ബാധയാണ് രണ്ടാമത്തേത്. ഇത് ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ പിശാചിൽ നിന്നും അല്ലാഹുവിനോട് കാവല്‍ തേടണം.’ (തിര്‍മിദി). വിശുദ്ധ ഖുർആൻ പറയുന്നു: “തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു.’ (സൂറതു ശ്ശംസ്: 9, 10)
പിശാച് മനുഷ്യന്റെ മുഖ്യ ശത്രുവാണ്. അവനെ ശത്രുവായി തന്നെ കാണണം. കാരണം, അവന്‍ തന്റെ കക്ഷിയെ ക്ഷണിക്കുന്നത് ജ്വലിക്കുന്ന നരകത്തിലേക്കാണ്’. (സൂറതുൽ ഫാത്വിർ: 6) പിശാചിനെ ഇമാം ഗസ്സാലി(റ) നായയോടാണ് ഉപമിച്ചത്. വിശന്ന് ഭക്ഷണത്തിന് ആര്‍ത്തി കാണിക്കുന്ന നായ മനുഷ്യനെ സമീപിക്കുമ്പോൾ വെറും കൈയോടെ അതിനെ ആട്ടിയാല്‍ അവന്റെ കൈയില്‍ തനിക്കുള്ള ഭക്ഷണമില്ലെന്ന് മനസ്സിലാക്കി നായ അതിന്റെ വഴിക്ക് പോകും. എന്നാല്‍ മാംസമോ മത്സ്യമോ ഉള്ളവനെ നായ വിടില്ല. ആട്ടിയാലും ആര്‍ത്തിയോടെ അതു പിന്തുടരും. ഹൃദയത്തില്‍ പിശാചിന്റെ ഭരണമില്ലെങ്കില്‍ ഒന്നാട്ടിയാല്‍ തന്നെ അവന്‍ പിന്തിരിഞ്ഞോടുന്നതാണ്. ദിക്്റ് കൊണ്ട് പിശാചിനെ തുരത്താൻ സാധിക്കും. ഹൃദയത്തില്‍ ആഴത്തിലുള്ള സ്വാധീനമുള്ളവര്‍ക്ക് അത്ര എളുപ്പത്തിൽ പ്രതിരോധം തീർക്കാന്‍ സാധ്യമല്ല.
സുഖലോലുപതക്കുള്ള മനുഷ്യ പ്രേരണ പ്രകൃതി സഹജമാണ്. പിശാചിന്റെ പ്രലോഭനങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. പിശാചാകുന്ന ഡ്രൈവർ ഓടിക്കുന്ന ശരീരത്തിന് നാശമാണ് പര്യവസാനം. മാലാഖയുടെ ശക്തിയാൽ സഞ്ചരിക്കുന്ന ശരീരത്തിന് അനന്തമായ ആനന്ദവും ശാശ്വത വിജയവും സമാധാനവും നേടാനാകും.