National
എല്ലാത്തിനേക്കാളും വലുത് ഇന്ത്യൻ പൗരനെന്ന സ്വത്വം: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി
ഗാന്ധിജിയും മറ്റ് മഹാനായ നായകന്മാരും ഇന്ത്യയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി

ന്യൂഡൽഹി | 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് എല്ലാം അപ്പുറമാണ് ഇന്ത്യൻ പൗരനെന്ന നമ്മുടെ സ്വത്വമെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മൾ വെറും വ്യക്തികളല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ ഒരു സമൂഹമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാർക്കും അവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
സ്വാതന്ത്ര്യദിനം ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. അത് എന്റെ കുട്ടിക്കാലവും ഓർമ്മിപ്പിക്കുന്നു. ത്രിവർണ പതാക ഉയർത്തിയപ്പോൾ ശരീരത്തിൽ വൈദ്യുതി മിന്നുന്നതുപോലെ തോന്നി. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അത് എല്ലാവരിലും ആവേശം നിറച്ചിരുന്നു. നമ്മൾ വ്യക്തികളല്ല, ലോകത്തിലെ ഏറ്റവും വലിയ പൗരസമൂഹമാണ് നമ്മളെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ ദിവസം നമുക്കെല്ലാവർക്കും അഭിമാനകരവു പവിത്രവുമാണ്. ചുറ്റിലും ഉത്സവാന്തരീക്ഷം കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്‌ക്ക് പുറമെ നമ്മുടെ കുടുംബവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൂടിയുണ്ട് നമുക്ക്. എന്നാൽ എല്ലാറ്റിനുമുപരിയായി മറ്റൊരു സ്വത്വം നമുക്കുണ്ട്. അതാണ് ഇന്ത്യൻ പൗരനെന്ന സ്വത്വം.
1947 ഓഗസ്റ്റ് 15 ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം അതിശയിപ്പിക്കുന്നതായിരുന്നു. മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ അത് ജനങ്ങളിലേക്കെത്തിച്ചു. ഗാന്ധിജിയും മറ്റ് മഹാനായ നായകന്മാരും ഇന്ത്യയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും എല്ലാത്തരം വെല്ലുവിളികളെയും ധൈര്യത്തോടെ അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശ്രദ്ധിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ലോകത്തിൽ ഇന്ത്യ ഒരു ന്യായമായ ഇടം നേടിയതായി ഇന്ന് നാം കാണുന്നു. എന്റെ യാത്രകളിൽ ഒരു പുതിയ അഭിമാനബോധം ഞാൻ കണ്ടു. ലോകത്ത് മാനുഷിക മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്. ലോകമെമ്പാടുമുള്ള വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. G20 ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു, അതിനാൽ ആഗോള മുൻഗണനകളെ ശരിയായ ദിശയിലേക്ക് മാറ്റുന്നതിനുള്ള ഒരു സവിശേഷ അവസരമാണിത്.
രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ശ്രദ്ധേയമായ ജിഡിപി വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ മേഖലകളിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. ലോകത്തിലെ പല സമ്പദ്‌വ്യവസ്ഥകളും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിഷമകരമായ സാഹചര്യങ്ങളെ നേരിടാൻ നമ്മുടെ സർക്കാരിന് കഴിഞ്ഞു. വിലക്കയറ്റം ആശങ്കാജനകമാണ്. എന്നാൽ നമ്മുടെ സർക്കാർ ഇതിനും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലുമാണ്.
ദുരിതബാധിതരെ സഹായിക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, ആളുകൾക്ക് ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സാധിച്ചു.
എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ് കാലാവസ്ഥാ വ്യതിയാനം. കഴിഞ്ഞ വർഷങ്ങളിൽ ചിലയിടങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ വരൾച്ചയും നേരിടേണ്ടി വന്നിരുന്നു. ആഗോളതാപനം മൂലമാണ് ഇതെല്ലാം സംഭവിച്ചത്. ഇന്ത്യയും ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതം എന്ന മന്ത്രം നമ്മൾ ലോകത്തിന് നൽകി.
അത്യാഗ്രഹത്തിന്റെ സ്വഭാവം നമ്മെ പ്രകൃതിയിൽ നിന്ന് വേർതിരിക്കുന്നു. പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും പ്രകൃതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ആദിവാസി സമൂഹത്തിന് പ്രകൃതിയുമായുള്ള ബന്ധവും അതിന്റെ അസ്തിത്വം നിലനിർത്തലും ഒറ്റവാക്കിൽ വിശദീകരിക്കാം – സഹതാപം. സ്ത്രീകൾ കൂടുതൽ ആഴത്തിൽ സഹാനുഭൂതി അനുഭവിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.