Connect with us

illicit human trafficking

മനുഷ്യക്കടത്ത് കേസുകൾ ഇടുക്കിയും തൃശൂരും മുന്നിൽ

സംസ്ഥാനത്ത് ഈ വർഷം 121 കേസുകൾ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മനുഷ്യക്കടത്ത് കേസുകളുടെ എണ്ണത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പ്രകാരം ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് 121 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 28 കേസുകളുമായി ഇടുക്കി ഒന്നാമതും 23 കേസുകളുമായി തൃശൂർ രണ്ടാമതുമാണ്. കാസർകോട്ട് 18ഉം കൊല്ലത്ത് 15 കേസുകളും രജിസ്റ്റർ ചെയ്തു. അതേസമയം, എസ് സി ആർ ബി കണക്ക് പ്രകാരം, മൂന്ന് ജില്ലകളിൽ മനുഷ്യക്കടത്ത് കേസുകൾ ഇല്ല. മലപ്പുറത്ത് രണ്ട് കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
എന്നാൽ പോക്‌സോക്കൊപ്പം ഐ പി സി (മനുഷ്യക്കടത്ത്) സെക്്ഷൻ 370 രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ ആളുകളെ കടത്തിക്കൊണ്ടുപോകൽ മാത്രമല്ല ഈ കേസുകൾ അർഥമാക്കുന്നതെന്ന് പോലീസ് വാദിക്കുന്നു. രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസുകളിലെല്ലാം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പുരുഷന്മാർക്കൊപ്പം ഒളിച്ചോടുന്ന കേസുകളിൽ സുപ്രീം കോടതി നിർദേശമനുസരിച്ച് സെക്്ഷൻ 370 ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് മൂന്ന് മാസത്തിന് ശേഷവും പരിഹരിച്ചില്ലെങ്കിൽ മാത്രമേ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകൾ ഉൾപ്പെടുത്തൂ. അതിനാൽ ഈ കണക്കുകൾ ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്തിനെ സൂചിപ്പിക്കുന്നില്ലന്ന് ഇടുക്കിയിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റിന്റെ ചുമതലയുള്ള ഡി വൈ എസ് പി. സി എ ആന്റണി പറഞ്ഞു.

ഇടുക്കി ജില്ലാ വനിതാ- ശിശുവികസന വകുപ്പിന്റെ കണക്കനുസരിച്ച്, തമിഴ്‌നാട് അതിർത്തികളിൽ നടക്കുന്ന ശൈശവ വിവാഹങ്ങളും മനുഷ്യക്കടത്ത് പരിധിയിൽ വരും. ശൈശവ വിവാഹ നിയന്ത്രണം തമിഴ്‌നാട്ടിൽ വ്യാപകമല്ലാത്തതിനാൽ മൂന്നാർ, കുമളി, മറയൂർ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന തമിഴ് വംശജർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 15-16 വയസ്സാകുമ്പോൾ തമിഴ്‌നാട്ടിലേക്ക് വിവാഹം ചെയ്തയക്കാറുണ്ട്. ശൈശവ വിവാഹ കേസുകൾ പിടിക്കപ്പെടുമ്പോൾ സെക്ഷൻ 370 ബാധകമാണെന്ന് ഇടുക്കി ജില്ലാ ചൈൽഡ് റെസ്‌ക്യൂ ഓഫീസർ കിരൺ കെ പൗലോസ് പറഞ്ഞു.

തൃശൂരിൽ രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസുകൾ കുട്ടികൾ ഉൾപ്പെട്ട പോക്‌സോ കേസുകളാണെന്ന് തൃശൂർ റൂറൽ ഡി വൈ എസ് പി ഷാജി ജോസ് വ്യക്തമാക്കി.

Latest