Connect with us

siraj explainer

ഇടുക്കി ഡാം തുറന്നു; വെള്ളമൊഴുകുക ഈ വഴികളിലൂടെ

മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ്, കേരളത്തിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാമുകളില്‍ ഒന്നുമായ ഇടുക്കി ഡാം തുറന്ന് വെള്ളം ഒഴുക്കി കളയുന്നത്

Published

|

Last Updated

ഇടുക്കി | ബുധനാഴ്ചയോടെ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നതോടെ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിയോടെ തുറന്നു. മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ്, കേരളത്തിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാമുകളില്‍ ഒന്നുമായ ഇടുക്കി ഡാം തുറന്ന് വെള്ളം ഒഴുക്കി കളയുന്നത്.

ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുന്നത്. മൂന്നാം നമ്പര്‍ ഷട്ടറായിരുന്നു ആദ്യമായി തുറന്നത്. ഒരു സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഒഴുക്കിക്കളയുന്നത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ല്‍ ഡാം തുറന്നപ്പോള്‍ ചെറുതോണി ടൗണില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. എന്നാല്‍ ഇത്തവണ ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകുമ്പോളും പുഴയുടെ സാധാരണ നിരപ്പില്‍ നിന്നും ഒരു മീറ്റര്‍ മുകളില്‍ മാത്രമാണ് വെള്ളം ഉയര്‍ന്നിട്ടുള്ളു.

ഡാം തുറന്ന വെള്ളം സ്പില്‍വ്വേ വഴി ആദ്യം എത്തിച്ചേരുന്നത് ചെറുതോണി പുഴയിലേക്കാണ്. പിന്നീട് വെള്ളക്കയത്ത് വെച്ച് പെരിയാറില്‍ ചേരും. തുടര്‍ന്ന് തടിയംമ്പാട്, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട്, പമ്പാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വെള്ളം ലോവര്‍ പെരിയാര്‍ ഡാമിലെത്തും. അവിടെ നിന്നും നേരിയമംഗലം, ഭൂതത്താന്‍കെട്ട് ഇടമലയാര്‍ എന്നീ ഡാമുകള്‍ വഴി എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ഇന്ന് ഇടുക്കി ഡാം തുറന്നേക്കുമെന്ന പ്രതീക്ഷയില്‍ ഇടമലയാര്‍. ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ നേരത്തേ തന്നെ തുറന്നിരുന്നു. വൈകീട്ട് പെരിയാര്‍ വഴി കീഴ്മാട്, ചെങ്ങമനാട് എന്നിവ പിന്നിട്ട് വെള്ളം അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറുതോണി, ഇടമലയാര്‍, പമ്പാ ഡാമുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാറിന്റെ ഉന്നതതല സമിതി നേരത്തേ കൈക്കൊണ്ടിരുന്നു. വെള്ളം ഒഴുകിപ്പോകുന്ന പെരിയാറിന്റെ ഇടങ്ങളിലെ കരയിലുള്ള വരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നുണ്ട്.

Latest