Connect with us

idukki dam

ഇടുക്കി അണക്കെട്ട്; രണ്ടാമത്തെ വൈദ്യുതി ഉത്പാദന നിലയം 2028ൽ

പദ്ധതിരേഖ പ്രകാശനം ചെയ്തു. ഉത്പാദനശേഷി 1,580 മെഗാവാട്ട്. രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നാകും

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉത്പാദന നിലയം 2028ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുമായി കെ എസ് ഇ ബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉത്പാദിപ്പിക്കാനാകും.

നിലവിലെ വൈദ്യുത നിലയത്തിന് 2026ൽ 50 വർഷം പൂർത്തിയാകും. ഇടുക്കി സുവർണ ജൂബിലി വിപുലീകരണ പദ്ധതിയെന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പവർഹൗസിന്റെ പദ്ധതിരേഖ കെ എസ് ഇ ബി ആസ്ഥാനത്ത് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.

200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകളുള്ള പവർഹൗസാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 1,580 മെഗാവാട്ട് ഉത്പാദനശേഷിയുമായി രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും.

മുല്ലപ്പെരിയാർ അടക്കമുള്ള സ്രോതസ്സുകളിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് അധിക ജലം വന്നെത്തുന്നതും കെ എസ് ഇ ബി ദീർഘകാല കരാറുകളിലേർപ്പെട്ട കൽക്കരി വൈദ്യുതി ഉത്പാദന നിലയങ്ങളിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് രണ്ടാമത്തെ വൈദ്യുതി ഉത്പാദന നിലയം ആരംഭിക്കുന്നത്. വൃഷ്ടി പ്രദേശത്തുള്ള 52 ടി എം സി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയെങ്കിലും ആകെ കൈവരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഊർജോത്പാദനത്തിന് പുറമെ പ്രതിദിനം കുറഞ്ഞത് ഏഴ് ദശലക്ഷം ക്യുബിക് മീറ്റർ ജലവിനിയോഗത്തിന് പദ്ധതി ഉപയോഗിക്കാമെന്നും നിലവിൽ ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറക്കാനാകുമെന്നും സാധ്യതാ പഠനം നടത്തിയ ദേശീയ കൺസൾട്ടന്റ് വാപ്‌കോസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിന് അംഗീകാരം നൽകുന്നതോടെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിക്കാൻ അടുത്ത മാസം നടപടി
സ്വീകരിക്കും.

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും കേന്ദ്ര ജല കമ്മീഷന്റെയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനാവശ്യമായ ചട്ടപ്രകാരമുള്ള ഒമ്പത് അനുമതികൾ 2023 ജനുവരിയിൽ ലഭ്യമാകും. തുടർന്ന്, പദ്ധതിയുടെ വിശദമായ റിപ്പോർട്ടും കേന്ദ്ര ജലവൈദ്യുതി അതോറിറ്റിയുടെ അനുബന്ധ ക്ലിയറൻസുകളും 2022 സെപ്തംബറോടെ ലഭ്യമാക്കാനുള്ള നടപടികളാണ്
പുരോഗമിക്കുന്നത്.

രണ്ടാംഘട്ട പാരിസ്ഥിതിക അനുമതി 2023 മാർച്ചിൽ ലഭ്യമാകും. തുടർന്ന് ടെൻഡർ നടപടികൾ ആരംഭിച്ച് ആ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

Latest