Connect with us

idukki golden jubilee extension project

ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി

പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.

Published

|

Last Updated

മൂലമറ്റം | ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇടുക്കി ജലാശയത്തിൽ ലഭ്യമായ ജലം തന്നെ ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി പീക്ക് മണിക്കൂറുകളിൽ അധികമായി ഉത്പാദിപ്പിക്കാനുദ്ദേശിച്ചുളള പദ്ധതിയാണ് ഇത്. തുരങ്കവും പവർഹൗസുമുൾപ്പെടെയുള്ള ഭൂഗർഭ നിർമാണപ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചായിരിക്കും നിർമാണം.

ഇടുക്കി ജലാശയത്തിന് 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലസംഭരണ ശേഷി ഉണ്ട്. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഈ ഉത്പാദന ശേഷി പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ആവശ്യകത കുറഞ്ഞ ചെലവിൽ പൂർണമായി നിറവേറ്റാനാകും. 200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി പദ്ധതിയുടെ ഉത്പാദനശേഷി 2,590 ദശലക്ഷം യൂണിറ്റായി വർധിക്കും. പദ്ധതിക്ക് 2,700 കോടിയുടെ മുതൽമുടക്കാണ് പ്രതീക്ഷിക്കുന്നത്.

ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി പദ്ധതി മാറും. ജനസമ്പർക്ക പരിപാടിയുൾപ്പെടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പാരിസ്ഥിതിക ആഘാത പഠനത്തെ തുടർന്ന് രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ ആരംഭിക്കും. 2023 ൽ ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Latest