Connect with us

മണ്ഡല പര്യടനം

ഇടുക്കി ആരുടെ മിടുക്കിനൊപ്പം?

ജന്മനാ വലതുപക്ഷ കൂറാണ് ഇടുക്കിക്ക്. 1977ൽ മണ്ഡലം പിറന്നപ്പോൾ മുതൽ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു ഡി എഫിനൊപ്പമായിരുന്നു. ജനതാ ഭരണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന സി എം സ്റ്റീഫനായിരുന്നു ആദ്യ വിജയി.

Published

|

Last Updated

വിഭിന്ന ഭാവങ്ങളാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ മുഖമുദ്ര. കാലാവസ്ഥയിൽ മുതൽ കാലിക പ്രശ്നങ്ങളിൽ വരെ വൈരുധ്യം. മീനച്ചൂടിൽ മൂവാറ്റുപുഴ വിയർത്തൊലിക്കുമ്പോൾ മലമുകളിലെ മറയൂരിൽ കുളിര് പെയ്തിറങ്ങും. ഹൈറേഞ്ചിൽ പട്ടയം മുതൽ കാട്ടാന വരെ വോട്ടിനെ സ്വാധീനിക്കുമ്പോൾ ലോറേഞ്ചിന് അതൊക്കെ കേട്ടറിവ് മാത്രം. 2014 മുതലുളള പരസ്പര വൈരികളായ സിറ്റിംഗ് എം പി ഡീൻ കുര്യാക്കോസും (കോൺഗ്രസ്സ്) മുൻ എം പി ജോയ്സ് ജോർജും (സി പി എം) തമ്മിലുള്ള മൂന്നാം പോരാണ് ഇവിടെ.

കാറ്റ് വലത്തോട്ട്

ജന്മനാ വലതുപക്ഷ കൂറാണ് ഇടുക്കിക്ക്. 1977ൽ മണ്ഡലം പിറന്നപ്പോൾ മുതൽ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു ഡി എഫിനൊപ്പമായിരുന്നു. ജനതാ ഭരണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന സി എം സ്റ്റീഫനായിരുന്നു ആദ്യ വിജയി. ആന്റണി കോൺഗ്രസ്സും കേരള കോൺഗ്രസ്സ് മാണി വിഭാഗവും എൽ ഡി എഫിലായിരുന്ന 80ൽ സി പി എമ്മിന്റെ എം എം ലോറൻസ് പാർലിമെന്റിലെത്തി. പക്ഷേ പിന്നീട് അഞ്ച് തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് തിരിഞ്ഞുനോക്കേണ്ടി വിന്നിട്ടില്ല. എന്നാൽ 99ൽ കേരള കോൺഗ്രസ്സ് (ജെ) എൽ ഡി എഫിലായിരിക്കെ ഫ്രാൻസിസ് ജോർജ് കോൺഗ്രസ്സിന്റെ പി ജെ കുര്യനെ 9,298 വോട്ടുകൾക്ക് അടിയറവ് പറയിച്ചു. 2004ൽ ബെന്നി ബെഹ്‌നാനെ 69,384 വോട്ടുകൾക്ക് കീഴ്പ്പെടുത്തി ഫ്രാൻസിസ് ജോർജ് വീണ്ടും പാർലിമെന്റിലെത്തി. 1977 മുതൽ ഒപ്പമുണ്ടായിരുന്ന റാന്നിയും പത്തനംതിട്ടയും 2009ൽ അടർന്നു മാറി. പകരം കിട്ടിയത് മൂവാറ്റുപുഴയും കോതമംഗലവും. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ പി ടി തോമസ് 74,796 വോട്ടുകൾക്ക് വിജയിച്ച് ഫ്രാൻസിസ് ജോർജിന്റെ ഹാട്രിക് മോഹം തകർത്തു.

ഗാഡ്ഗിലും പി ടിയും

2014ൽ കാര്യങ്ങൾ തകിടം മറിഞ്ഞു. പശ്ചിമഘട്ട സംരക്ഷണ നിർദേശങ്ങൾക്കായി നിയോഗിക്കപ്പട്ട മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ നിർദേശങ്ങൾ ഉയർത്തിയ കുടിയിറക്ക് ഭീഷണി അതുവരെ യു ഡി എഫിനൊപ്പം നിന്ന കത്തോലിക്കാ സഭയെ രോഷം കൊള്ളിച്ചു. അന്നത്തെ എം പിയായിരുന്ന പി ടി തോമസ് റിപോർട്ടിനെ അനുകൂലിച്ചു. അങ്ങനെയാണ് കത്തോലിക്കാ സഭയുടെ മാനസ സന്താനമായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിറവി. 2014ൽ സീറ്റ് നിഷേധിച്ച് പി ടി തോമസിനെ ഇടുക്കിയിൽ നിന്ന് കുടിയിറക്കാൻ കോൺഗ്രസ്സ് നിർബന്ധിതമായി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായിരുന്ന ജോയ്സ് ജോർജിനെ സ്വതന്ത്ര വേഷത്തിൽ എൽ ഡി എഫ് കളത്തിലിറക്കി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസായിരുന്നു എതിരാളി. ഇരുവരുടെയും കന്നിയങ്കത്തിൽ 50,542 വോട്ടുകൾക്ക് ജോയ്സ് ജയിച്ചുകയറി. ഇടതുപക്ഷത്തായിരുന്ന കേരള കോൺഗ്രസ്സ് (ജെ) യു ഡി എഫിൽ എത്തിയെങ്കിലും കാര്യമുണ്ടായില്ല.

2019ൽ ഡീൻ കുര്യാക്കോസ് പകരം വീട്ടി. കുടിയിറക്ക് ഭീഷണിയുടെ മൂർച്ച കുറഞ്ഞതും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല്ലു കൊഴിഞ്ഞതും രാഹുൽ ഫാക്ടറും ശബരിമല വിഷയവും കൂടിയായപ്പോൾ 1,71,053 വോട്ടുകൾക്ക് ജോയ്സിൽ നിന്ന് ഡീൻ ഇടുക്കി തിരിച്ചു പിടിച്ചു. ഏഴ് നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് തരംഗം.

മാണി കോൺഗ്രസ്സ് ഇഫക്ട്

പിന്നീട് കാറ്റ് മാറി വീശി. കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷത്തെത്തി. 2020ലെ തദ്ദേശ തിഞ്ഞെടുപ്പിൽ ഇടതുപക്ഷം മേൽക്കൈ തിരിച്ചുപിടിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടത് തരംഗം. തൊടുപുഴയും മൂവാറ്റുപുഴയുമൊഴികെ അഞ്ച് മണ്ഡലങ്ങളും എൽ ഡി എഫിനൊപ്പമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ എൽ ഡി എഫിന് 33,746 വോട്ടിന്റെ മേൽക്കൈയുണ്ട്.
കണക്കിലെ ഈ പെരുക്കമാണ് ജോയ്‌സ് ജോർജിന് പാർട്ടി ചിഹ്നം ആദ്യമായി നൽകി മൂന്നാമതും ഇറക്കുന്ന ഇടത് ക്യാമ്പിന്റെ ആത്മവിശ്വാസം. എന്നാൽ,2014ലെ കൈപ്പിഴ ഇനി ആവർത്തിക്കില്ലെന്നും ഡീൻ കുര്യാക്കോസിന് രണ്ടാമൂഴം ഉറപ്പെന്നും യു ഡി എഫും പറയുന്നു.
2019ൽ ശബരിമലയുടെ ബലത്തിൽ ഒരു ലക്ഷം വോട്ടെങ്കിലും നേടുമെന്ന് എൻ ഡി എ അവകാശപ്പെട്ടെങ്കിലും ബി ഡി ജെ എസിന്റെ ബിജു കൃഷ്ണന് നേടാനായത് 78,648 വോട്ട് മാത്രം. ബി ഡി ജെ എസിന്റെ അഡ്വ. സംഗീത വിശ്വനാഥനാണ് ഇക്കുറി എൻ ഡി എയുടെ സ്ഥാനാർഥി. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ തുടർച്ചയായി എൽ ഡി എഫ് സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുത്തതിന്റെ പേരിൽ സംഗീതയോട് ഒരു വിഭാഗം സംഘ്പരിവാറുകാർക്ക് അതൃപ്തിയുണ്ട്.

കിട്ടാത്ത പട്ടയം, കിട്ടിയ പട്ടയത്തിലെ നിബന്ധന, നിർമാണ വിലക്ക്, കാടിറങ്ങുന്ന ആനയും മറ്റ് മൃഗങ്ങളും, കാർഷിക വിള വിലത്തകർച്ച എന്നിവയെല്ലാമാണ് യു ഡി എഫ് ആവനാഴിയിൽ. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് പട്ടയഭൂമി യഥേഷ്ടം വിനിയോഗിക്കാൻ ബില്ല് പാസ്സാക്കിയതാണ് എൽ ഡി എഫിന്റെ മറുമരുന്ന്. ഒപ്പം കേരള കോൺഗ്രസ്സ് (എം) വോട്ടിന്റെ ബലവും.

മണ്ഡലത്തിൽ 12,36,759 വോട്ടർമാർ. 6,08,710 പുരുഷൻമാരും 6,28,040 സ്ത്രീകളും ഒമ്പത് ഭിന്നലിംഗക്കാരും. 85 വയസ്സിന് മുകളിലുള്ള 12,855 പേരും 18നും 19നും ഇടയിൽ പ്രായമുള്ള 9,405 വോട്ടർമാരുമുണ്ട്. 40 ശതമാനത്തിലേറെ വരും ക്രിസ്ത്യൻ വിഭാഗം. പത്തിലധികം പഞ്ചായത്തുകളിൽ തമിഴ് വംശജരാണ് 90 ശതമാനവും. അതേസമയം, തമിഴ്നാട്ടിലും വോട്ടുള്ള തമിഴരുടെ ഇരട്ട വോട്ട് വിവാദമായിട്ടുണ്ട്.

 

Latest