National
ഛത്തിസ്ഗഢിൽ ഖനിയിൽ ഐ ഇ ഡി സ്ഫോടനം; ഒരു തൊഴിലാളിക്ക് പരുക്ക്
തൊഴിലാളിയെ ഛോട്ടേ ഡോങ്കറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി
നാരായണ്പൂർ | നാരായണ്പൂർ ജില്ലയിലെ ആംഡായ് ഘാടിയിൽ ഇരുമ്പയിര് ഖനിയിലുണ്ടായ ഐ ഇ ഡി സ്ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റു. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് (IED) പൊട്ടിത്തെറിച്ചാണ് അപകടം. തലസ്ഥാനമായ റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയാണ് ഖനി സ്ഥിതി ചെയ്യുന്നത്.
സ്ഫോടനത്തിൽ പരുക്ക് പറ്റിയ തൊഴിലാളിയെ ഛോട്ടേ ഡോങ്കറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.
ആംഡായ് ഘാടി ഇരുമ്പ് അയിര് ഖനി ജയ്സ്വാൽ നെക്കോ ഇൻഡസ്ട്രീസ് ലിമിറ്റഡ് (JNIL) എന്ന കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. ഈ പ്രോജക്റ്റിനെതിരെ മാവോയിസ്റ്റുകൾ വർഷങ്ങളായി പ്രതിഷേധിച്ചുവരികയാണ്. 2023 നവംബറിൽ ഇതേ ഖനിയിൽ സംഭവിച്ച സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഖനിയിലെ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.