National
'ജീവനോടെയുണ്ടെങ്കില്‍ മകന്‍ കീഴടങ്ങണം, കുടുംബം ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നവരല്ല'; ഭീകര പ്രവര്‍ത്തകന്‍ ആദിലിന്റെ മാതാവ്
മകനെ കുറിച്ച് എട്ട് വര്‍ഷമായി വിവരങ്ങള്‍ ഒന്നും അറിയില്ല. അവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല. മകന്റെ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവനെതിരെ നടപടി എടുക്കണം.

ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണത്തില്‍ തന്റെ മകന് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് ഭീകര പ്രവര്‍ത്തകന്‍ ആദില്‍ ഹുസൈന്റെ മാതാവ് ഷെഹസാദ. ജീവനോടെയുണ്ടെങ്കില്‍ മകന്‍ ഉടന്‍ കീഴടങ്ങണമെന്നും അവര്‍ പറഞ്ഞു.
‘മകനെ കുറിച്ച് എട്ട് വര്‍ഷമായി വിവരങ്ങള്‍ ഒന്നും അറിയില്ല. അവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല. ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല.’- ഷെഹസാദ വ്യക്തമാക്കി.
ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്‌ഫോടനം നടത്തി അധികൃതര്‍ തകര്‍ത്തതെന്നും ഇനി ഇവിടെ എങ്ങനെ ഞങ്ങള്‍ ജീവിക്കുമെന്നും ഷെഹസാദ ചോദിച്ചു. സെക്യൂരിറ്റി ഏജന്‍സി ബലമായാണ് ഇവിടെ നിന്ന് തങ്ങളെ പിടിച്ചു മാറ്റിയതെന്നും അവര്‍ പറഞ്ഞു.
ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാള്‍ ആദിലാണെന്നാണ് സംശയിക്കുന്നത്. ആസിഫ് എന്നയാളാണ് മറ്റൊരാള്‍. ഇവരുടെ വീടുകള്‍ ഇന്നലെ അധികൃതര്‍ തകര്‍ക്കുകയായിരുന്നു. ഇരുവരും ഭീകര ഗ്രൂപ്പായ ലഷ്‌കര്‍-ഇ-ത്വയ്യിബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.