Connect with us

Articles

ഈ വിധം ഹീനമായി ചരിത്രത്തെ വെട്ടിത്തിരുത്തിയാല്‍!

സ്വാതന്ത്ര്യ സമര സേനാനികളുടെ ഡിക്്ഷനറിയില്‍ നിന്ന് 387 മാപ്പിള രക്തസാക്ഷികളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നുവെന്നത് ചരിത്ര രചനയെ സംബന്ധിച്ച് വലിയൊരു കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ സര്‍ക്കാറും ഇങ്ങനെ ചരിത്രം തിരുത്താന്‍ മുന്നോട്ട് വന്നാല്‍ ഒരു രാജ്യത്തിന്റെ ചരിത്രം തന്നെ അവതാളത്തിലാകും. ഖിലാഫത്ത് പ്രസ്ഥാനം ഗാന്ധിജി ആഹ്വാനം ചെയ്ത് ഇന്ത്യയില്‍ വളര്‍ന്നുവന്ന ഒന്നായിരുന്നു. അത് തെക്കേ മലബാറില്‍ കാര്‍ഷിക കലാപത്തിന്റെ സ്വഭാവം നേടിയതിന് കലാപകാരികള്‍ ഉത്തരവാദികളാണെന്ന് പറയാവുന്നതല്ല. അത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ കൂടി ഉത്തരവാദിത്വം വ്യക്തമാക്കുന്നു. അതിനെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഒഴിവാക്കുന്നത് കയ്യൂരിനെയും പുന്നപ്ര വയലാറിനെയും മറ്റും ഒഴിവാക്കുന്നത് പോലെ ഫാസിസ്റ്റ് സ്വഭാവമാണ് വ്യക്തമാക്കുന്നത്.

Published

|

Last Updated

ഐ സി എച്ച് ആര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഡിക്്ഷനറിയില്‍ നിന്ന് 387 മാപ്പിള രക്തസാക്ഷികളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ചരിത്ര രചനയെ സംബന്ധിച്ച് വലിയൊരു കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ സര്‍ക്കാറും ഇങ്ങനെ ചരിത്രം തിരുത്താന്‍ മുന്നോട്ട് വന്നാല്‍ ഒരു രാജ്യത്തിന്റെ ചരിത്രം തന്നെ അവതാളത്തിലാകും. ഖിലാഫത്ത് പ്രസ്ഥാനം ഗാന്ധിജി ആഹ്വാനം ചെയ്ത് ഇന്ത്യയില്‍ വളര്‍ന്നുവന്ന ഒന്നായിരുന്നു. അത് തെക്കേ മലബാറില്‍ കാര്‍ഷിക കലാപത്തിന്റെ സ്വഭാവം നേടിയതിന് കലാപകാരികള്‍ ഉത്തരവാദികളാണെന്ന് പറയാവുന്നതല്ല. അത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ കൂടി ഉത്തരവാദിത്വം വ്യക്തമാക്കുന്നു. അതിനെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഒഴിവാക്കുന്നത് കയ്യൂരിനെയും പുന്നപ്ര വയലാറിനെയും മറ്റും ഒഴിവാക്കുന്നത് പോലെ ഫാസിസ്റ്റ് സ്വഭാവമാണ് വ്യക്തമാക്കുന്നത്. ചരിത്രം ആധികാരികമായി രചിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും അതിന്റെ രേഖകളുമായി ബന്ധപ്പെട്ടവരാണ്. സിനിമകളും മറ്റും അതിന്റെ ചരിത്രമാകുന്നില്ല.

മലബാര്‍ കലാപം അനുസ്മരിക്കണം

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ഇന്ന് ആചരിച്ച് വരികയാണ്. ഇത്തരം സ്മരണകള്‍ അനുസ്മരിക്കേണ്ടെന്നും ആഘോഷിക്കേണ്ടെന്നും ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുമ്പോഴാണ് നാമിത് ആചരിക്കുന്നത്. ഒരുപക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ ബ്രിട്ടീഷ് രാജിനെതിരായി ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഒരു സായുധ സമരമായിരുന്നു മലബാര്‍ കലാപം. അതിനെ ഒരു വിപ്ലവം എന്ന് വിശേഷിപ്പിക്കാം. 1921 ആഗസ്റ്റ് 20 മുതല്‍ നടന്ന ഈ വിപ്ലവത്തിന്റെ പരമമായ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തുകയെന്നതായിരുന്നു. വിപ്ലവത്തില്‍ ആരുടെയെല്ലാം തലകള്‍ പോകുന്നുവെന്ന് പറയാന്‍ കഴിയാത്തത് പോലെ ഈ കലാപത്തിലും നിരവധി തലകള്‍ വെട്ടിമാറ്റപ്പെട്ടു. അവസാനിക്കാത്ത ഒരു സംവാദമെന്ന നിലയില്‍ ഈ കലാപത്തിന്റെ വിഷയം മാറിക്കൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് മലബാര്‍ കലാപം വള്ളുവനാടന്‍ താലൂക്കുകളില്‍ മാത്രമായി അവശേഷിച്ചുവെന്നത് പ്രസക്തമായ ചോദ്യമാണ്. ഒരു കലാപം നടക്കുമ്പോള്‍ അത് മറ്റു പ്രദേശങ്ങളിലേക്കും പടരും. വംശീയ കലാപമാണെങ്കില്‍ ആ വംശത്തിലെ മുഴുവന്‍ പേരും പങ്കെടുക്കുന്ന കലാപങ്ങളാകും. ചരിത്രത്തില്‍ ഇന്നോളം അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. അറ്റ്‌ലാന്റിക് റെവല്യൂഷന്‍ എന്ന് പറയുന്ന 13ാം നൂറ്റാണ്ടിലെ കലാപ പരമ്പര പിന്നീട് ഫ്രഞ്ച് കലാപത്തിലേക്കും മറ്റു കലാപങ്ങളിലേക്കും സഞ്ചരിച്ചത് ചരിത്രത്തിലെ അവിതര്‍ക്കിതമായ ഒരു അധ്യായമാണ്. എന്നാല്‍ മലബാര്‍ കലാപം വള്ളുവനാടന്‍ താലൂക്കുകളില്‍ മാത്രമായി അവശേഷിക്കുകയും വടക്കേ മലബാറിന്റെ ഭാഗങ്ങളിലേക്ക് ബാധിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണങ്ങള്‍ എന്താണെന്ന് ചരിത്രകാരന്മാര്‍ പല വിധത്തിലും വിശകലനം ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിന് മുമ്പും 19ാം നൂറ്റാണ്ടില്‍ നിരവധി കലാപങ്ങള്‍ തെക്കേ മലബാറില്‍ ഉണ്ടായിരുന്നു. ഇതിനെ മാപ്പിള പൊട്ടിത്തെറികള്‍ എന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നത്. ഇതിനെ ശക്തമായി അടിച്ചമര്‍ത്താന്‍ വേണ്ടി മാപ്പിളഔട്ട്‌റേജസ് ആക്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കുകയുണ്ടായി. പക്ഷേ എന്നിട്ടും ധാരാളം പൊട്ടിത്തെറികള്‍ തെക്കേ മലബാറില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.

ഖിലാഫത്ത് സമരങ്ങളും
മലബാര്‍ കലാപവും

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അനേകം ഖിലാഫത്ത് കമ്മിറ്റികളും കുടിയാന്‍ കമ്മിറ്റികളും ദേശീയ കമ്മിറ്റികളും എല്ലാം ചേര്‍ന്ന് ഖിലാഫത്ത് സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിത്തുടങ്ങി. ഗാന്ധിജിയാണ് ഖിലാഫത്തിന് വേണ്ടി വാദിച്ചത്. അലി സഹോദരന്മാര്‍ ഹിന്ദു മുസ്‌ലിം മൈത്രിക്ക് വേണ്ടി ധാരാളം പ്രവര്‍ത്തിക്കുകയുണ്ടായി. അതെല്ലാം തന്നെ വളരെ ശക്തമായി തെക്കേ മലബാറില്‍ പ്രതിഫലിക്കുകയും ചെയ്തു.
മഞ്ചേരിയില്‍ വെച്ച് നടന്ന 1920 ഏപ്രില്‍ 24ലെ സമ്മേളനം വലിയ സമ്മേളനമായിരുന്നു. അതിലെ ഒരു പ്രമേയം കുടിയാന് കൃഷിഭൂമിയുടെ സ്ഥിരാവകാശം നല്‍കണമെന്നായിരുന്നു. അതായത് കാര്‍ഷിക പ്രശ്‌നങ്ങള്‍ കൂടി ഇതില്‍ കടന്നുവന്നതായി നമുക്ക് അറിയാന്‍ കഴിയുന്നു. ആ കാര്‍ഷിക പ്രശ്‌നങ്ങളാണ് 1921ല്‍ ദേശീയ പ്രസ്ഥാനവുമായി സംയോജിച്ചുകൊണ്ട് വലിയ സമരത്തിന്റെ കാരണമായിത്തീരുന്നത്. ആ വലിയ സമരം ഒരു വിപ്ലവമാണെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റ് പറ്റുകയില്ല. ഇന്നും മലബാര്‍ കലാപത്തിനെതിരായിട്ടുള്ള സംവാദം നടക്കുന്നുണ്ട്. അതില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും കൊന്നൊടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും തന്നെ ഒരു മതവിദ്വേഷം കൊണ്ടാണെന്ന് പറയുകവയ്യ. ആ കാലത്തെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഈ ഖിലാഫത്ത് സമരം അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണം ഖിലാഫത്തില്‍ സായുധ കലാപം നടന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സായുധ കലാപത്തെ ഗാന്ധിജി സ്വീകരിച്ചില്ല. കാരണം ഗാന്ധിജിയുടെ ഏറ്റവും വലിയ സിദ്ധാന്തം അഹിംസയായിരുന്നു. ആ അഹിംസാ സിദ്ധാന്തത്തിനെതിരായതൊന്നും സ്വീകരിക്കാന്‍ ഗാന്ധിജി തയ്യാറായില്ല. കോണ്‍ഗ്രസ്സിനെ പോലെ ഒരു വലിയ പാര്‍ട്ടി അവരെ നിരാകരിച്ചപ്പോള്‍ അതുണ്ടാക്കിയ ചലനങ്ങള്‍ വളരെ വിസ്തൃതമായിരുന്നുവെന്ന് കാണാന്‍ കഴിയും. എന്തായാലും ഇന്ദിരാ ഗാന്ധി 1947 ആഗസ്റ്റ് 15 വരെയുള്ള എല്ലാ കലാപങ്ങളെയും കയ്യൂർ സമരമടക്കമുള്ള സമരങ്ങളെയെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വിശേഷിപ്പിക്കുകയുണ്ടായി.
1857ന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നേരിട്ട ഏറ്റവും വലിയ സായുധ സമരം, ഒരു പക്ഷേ വിപ്ലവത്തിന്റെ സ്വഭാവമുള്ള സമരം മലബാര്‍ കലാപമായിരുന്നു. അതില്‍ മാപ്പിളമാര്‍ മാത്രമാണ് പങ്കെടുത്തത് എന്ന് പറയുന്നുണ്ടെങ്കിലും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ പോലെയുള്ള അനേകം ഹിന്ദുക്കള്‍ അതില്‍ ഭാഗമായിരുന്നു. വര്‍ഗീയമായി അനുസ്മരിക്കപ്പെടേണ്ടതല്ല ആ കലാപമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ആ കലാപം അനേക മനുഷ്യരുടെ മരണത്തിന് ഇടയാക്കി. ഏതാണ്ട് 4,000ത്തിലധികം മാപ്പിളമാര്‍ വധിക്കപ്പെടുകയുണ്ടായി. കുറെ പേരെ നാടുകടത്തപ്പെടുകയുണ്ടായി. അതുപോലെ ഏതാണ്ട് 40,000ത്തിന് താഴെയുള്ള ആളുകള്‍ക്ക് മുറിവുകള്‍ ഏല്‍ക്കേണ്ടിവന്നുവെന്ന് ഒരു ഔദ്യോഗിക കണക്ക് കാണാം. പക്ഷേ ഈ കണക്കിന്റെ ഉപരിയായി അനേകം പേര്‍ വധിക്കപ്പെട്ടുവെന്നതാണ് ചരിത്രത്തിന്റെ വാസ്തവം.

ഒരു കാര്‍ഷിക കലാപത്തിന്റെ സ്വാഭാവം എന്തായിരിക്കുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അതില്‍ പങ്കെടുക്കുന്നവര്‍ പലവിധത്തിലും പ്രവര്‍ത്തിച്ചിരിക്കാം. ഹത്യകളും പിടിച്ചുപറികളും നടത്തിയിട്ടുണ്ടാകാം. പക്ഷേ അതുകൊണ്ടൊന്നും നമുക്ക് മലബാര്‍ കലാപത്തെ നിരാകരിക്കാന്‍ കഴിയില്ല. കാരണം ഒരു വലിയ കലാപത്തിന്റെ ഭാഗമായി ഒരു വലിയ സമൂഹം തന്നെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി പടപൊരുതിയെന്നത് ഒരു ചരിത്ര വസ്തുതയാണ്, ചരിത്ര വാസ്തവമാണ്. അനേകം കലാപ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എല്ലാം മലബാര്‍ കലാപത്തിന്റെ ഭാഗമായി ഉണ്ടായെന്ന് നമുക്ക് കാണാന്‍ കഴിയും. അത്തരം സംഭവങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം ഒരു സമരത്തെ നിരാകരിച്ച് സംസാരിക്കാനോ എഴുതാനോ നമുക്ക് കഴിയില്ല. ഹിന്ദുക്കളെ മാപ്പിളമാര്‍ വധിച്ച കലാപമെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇന്ന് കേരളത്തില്‍ മലബാര്‍ കലാപത്തെ കുറിച്ച് നടന്നുവരുന്നത്. അത് ബ്രിട്ടീഷ് ആധിപത്യത്തെ എത്രമാത്രം ശിഥിലമാക്കാന്‍ സാധിച്ചുവെന്ന് പറയാന്‍ സാധിക്കില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകേണ്ടതാണ് എന്നതാണ് അതിന്റെ ആഹ്വാനം. ഇന്ത്യ സ്വതന്ത്രമാകണമെന്ന ചിന്ത അതിന് പിന്നിലുണ്ടായിരുന്നു. എങ്കിലും ഒരു പ്രാദേശിക സമരമായി അത് മാറ്റപ്പെട്ടു. ഒരു ചെറിയ വിഭാഗം ഒരു സാമ്രാജ്യത്വത്തിനെതിരായി സമരത്തിന് പുറപ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെടുമെന്നത് ഒരു യാഥാര്‍ഥ്യമായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാട് ആഹ്വാനവും താക്കീതും എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതും അത് തന്നെയായിരുന്നു.
ഒരു പ്രാദേശിക കലാപമായിട്ട് പോലും 400ലധികം ഗ്രാമങ്ങളെ ഈ കലാപം ബാധിച്ചു. നൂറ് വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ അതിനെ നിരാകരിച്ച് സംസാരിക്കുന്നതിന് അര്‍ഥമില്ല. അത് അനുസ്മരിക്കേണ്ട എന്ന് പറയുന്നതില്‍ കഴമ്പില്ല. അത് ആഘോഷിക്കേണ്ടതില്ല എന്ന് പറയുന്നതിനും അര്‍ഥമില്ല. കാരണം ചരിത്രത്തിലെ ഓരോ വസ്തുതയും അനുസ്മരിക്കുകയും ആഘോഷിക്കേണ്ടത് ആഘോഷിക്കുകയും ചെയ്യണമെന്നത് യാഥാര്‍ഥ്യമാണ്.
മലബാര്‍ കലാപത്തിന്റെ ആഘോഷമെന്ന് പറയുമ്പോള്‍ ആ കലാപം ഒരു തലമുറയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് കൂടി പറയേണ്ടതാണ്. ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍ മലബാര്‍ കലാപം സമൂല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് വലിയ രീതിയില്‍ കുടിയേറ്റം ഉണ്ടായി. പലരും രാജ്യം വിട്ട് പോയി. ജാതിവ്യവസ്ഥയെ ഉല്ലംഘിക്കുവാന്‍ കലാപത്തിന് കഴിഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപം

കലാപത്തിന്റെ വംശീയമായ അഭിമാനത്തേക്കാള്‍ ആവശ്യം, ക്രൂരമായ ബ്രിട്ടീഷ് ഭരണത്തിനെതിരായി പ്രതികരിക്കാന്‍ ഇവിടുത്തെ വലിയൊരു സമൂഹത്തിന് കഴിഞ്ഞുവെന്ന യാഥാര്‍ഥ്യത്തെ നാം ഉള്‍ക്കൊള്ളുകയാണ്. അതിനെയാണ് നാം അനുസ്മരിക്കേണ്ടത്. അതിനെയാണ് നാം ആഘോഷിക്കേണ്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ മലബാര്‍ കലാപമെന്നത് വംശീയ കലാപമാണ് എന്ന് പറയാന്‍ നമുക്ക് വളരെയേറെ വിഷമങ്ങളുണ്ട്. കാരണം വടക്കേ മലബാറില്‍ കലാപത്തിന്റെ ലാഞ്ചന പോലുമുണ്ടായില്ല. തെക്കേ മലബാറില്‍ പാലക്കാട് പ്രദേശങ്ങളിലേക്ക് കലാപം കുറച്ച് മാത്രം വ്യാപിക്കുകയല്ലാതെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കലാപത്തിന് കഴിയാതെ പോയി. അപ്പോള്‍ ഈ നിലയിലുള്ള അനേകമനേകം പ്രശ്‌നങ്ങളെ നമുക്ക് കലാപത്തിന്റെ ഭാഗമായി ഇന്ന് വിലയിരുത്തേണ്ടിവരുന്നു.
ഫ്രഞ്ച് വിപ്ലവത്തിന് റൂസോയും മറ്റും നേതൃത്വം കൊടുത്തത് പോലെ അനേകം തങ്ങന്‍മാര്‍, മുസ്‌ലിയാക്കന്മാര്‍ മലബാര്‍ കലാപത്തിന് നേതൃത്വം കൊടുത്തു. എന്ന് പറയുമ്പോഴും കലാപത്തിന്റെ രംഗഭൂമിയായ തെക്കേ മലബാറിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കുമെതിരായ ഒരു കലാപമായി ഇതിനെ കാണാന്‍ കഴിയില്ല. എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ എതിര്‍പ്പുകളും മതംമാറ്റ ശ്രമങ്ങളുമെല്ലാം വളരെ ശിഥിലമായിരുന്നുവെന്നതാണ് കാരണം. കാരണം ബ്രിട്ടീഷ് രാജിനെതിരെ ബ്രിട്ടീഷ് രാജിന്റെ മുമ്പില്‍ വെച്ച് നടന്ന ഒരു കലാപത്തെ തികച്ചും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ കണ്ണികള്‍ പൊട്ടിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തി. ആ കണ്ണിപൊട്ടിക്കലുകളും വ്യാഖ്യാനങ്ങളും ഇന്നും നിലനില്‍ക്കുകയാണ്. കാര്‍ഷിക കലാപമെന്ന നിലയില്‍ ഇതിന്റെ ഒഴുക്ക് പലവിധത്തില്‍ തെറ്റായ വഴികളിലൂടെയാണെങ്കിലും അതിന്റെ ലക്ഷ്യം ബ്രിട്ടീഷ് രാജിനെ അവസാനിപ്പിക്കണമെന്നാണ്. ബ്രിട്ടീഷ് ഭരണം ഇന്ത്യ വിട്ട് പോകണം എന്ന് പറയുന്നതിന്റെ സായുധ കലാപത്തിലേക്ക് അത് സ്വയം രൂപാന്തരപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ഗാന്ധിജി ഇതിനെ സ്വീകരിക്കാതിരുന്നത്. ഹിംസ ഇതിന്റെ ഭാഗമായി കടന്നുവന്നു. കലാപത്തിലെവിടെയും (റഷ്യന്‍ വിപ്ലവത്തിലും ഫ്രഞ്ച് വിപ്ലവത്തിലുമെല്ലാം തന്നെ) ഹിംസ തദ്ദേശീയര്‍ക്കെതിരെയായിരുന്നു.

അപ്പോള്‍ തദ്ദേശീയര്‍ക്കെതിരെയുള്ള കലാപ വസ്തുതകള്‍ കൊണ്ട് മാത്രം ഖിലാഫത്ത് സമരത്തെ വിലകുറച്ച് കാണിക്കുക വയ്യ. അതുകൊണ്ട് തന്നെയാണ് കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍, നാനൂറോളം ഗ്രാമങ്ങളെ ബാധിച്ച ഈ കലാപം, ഇന്ത്യാ ചരിത്രത്തില്‍ വലിയ സംഭവ പരമ്പരയായി ചരിത്രകാരന്‍മാര്‍ കാണുന്നത്. അതിനെ വിശേഷിപ്പിക്കേണ്ടത് ആ നിലയിലാണ്. ഇതൊരു വര്‍ഗീയ കലാപമാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്നും ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന് പശ്ചാത്തലവും കളവുമൊരുക്കുകയെന്നത് അപകടകരമായ ഒരു കാര്യമാണ്. ചരിത്രത്തോട് നീതി പുലര്‍ത്തികൊണ്ട് ഈ കലാപത്തെ അനുസ്മരിക്കണം.
തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കൂട്ടായ്മ നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് മലബാര്‍ കലാപം, ഖിലാഫത്ത് സമരം എന്നെല്ലാം നമ്മള്‍ വിധികല്‍പ്പിക്കേണ്ടിവരും. ഈ കലാപം വര്‍ഗീയ കലാപമായിരുന്നില്ല എന്ന് പറയേണ്ടിവരും. ആത്യന്തികമായി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കലാപമാണെന്ന വിധിയെഴുത്ത് നടത്തേണ്ടിവരും.

---- facebook comment plugin here -----

Latest