Connect with us

വ്രതവിശുദ്ധി

കളറായാൽ പോരാ കാമ്പ് വേണം

Published

|

Last Updated

എല്ലാവരും ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് “നല്ലത്’. നല്ലതിനോടാണ് എല്ലാവർക്കും ഇഷ്ടം. നാം വാങ്ങുന്ന സാധനങ്ങളും നമുക്ക് ലഭിക്കേണ്ട സേവനങ്ങളും ഗുണമില്ലാത്തതും നിലവാരം കുറഞ്ഞതുമായാൽ നമുക്കത് ഇഷ്ടപ്പെടില്ല. കേടുള്ളതും കൊള്ളാത്തതുമായ വസ്തുക്കൾ വെറുതെ കിട്ടിയാൽ പോലും ആരും സ്വീകരിക്കുകയില്ല.

മനുഷ്യർ പരസ്പരം കൈമാറുന്ന വസ്തുക്കളിലും അവരോടുള്ള ദൗത്യ നിർവഹണത്തിലും മാത്രം ഉണ്ടായിരിക്കേണ്ട ഗുണമല്ല നല്ലത് എന്നത്. സൂറതുൽ മുൽക്കിലെ രണ്ടാം ആയതിലൂടെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കൂ. “നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി ജീവിതവും മരണവും
സൃഷ്ടിച്ചവനാണവൻ.’

വിശേഷബുദ്ധിയും ചിന്താശേഷിയും നൽകി സ്രഷ്ടാവ് ജനകോടികളെ പടക്കുകയും എന്നിട്ട് ഐഹിക ലോകത്തവർക്ക് മരണവും പാരത്രിക ലോകത്ത് ജീവിതവും സംവിധാനിക്കുകയും ചെയ്തത് ഏറ്റവും ഉദാത്തമായ സത്കർമങ്ങൾ ആരാണ് ചെയ്യുന്നതെന്ന് പരീക്ഷിച്ചറിയുന്നതിന് വേണ്ടിയാണ് എന്നാണീ സൂക്തത്തിന്റെ വിശദീകരണം.

എന്നാൽ, ഒരാളുടെ കർമങ്ങൾ നല്ലതാണോ മോശമാണോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക. മഹാരഥന്മാരുടെ വിശദീകരണം നോക്കാം. അല്ലാഹുവുമായുള്ള ഒരാളുടെ ഇടപാടുകൾ (ആരാധനകൾ) ന്യൂനതകളിൽ നിന്ന് മുക്തമായതും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് നിർവഹിക്കുന്നതുമാകുമ്പോഴാണ് ഏറ്റവും നല്ല അമൽ (പ്രവർത്തനം) ആകുന്നത്. പ്രത്യക്ഷത്തിൽ കുഴപ്പങ്ങളോ കുറവുകളോ ഇല്ലാത്ത, ശരിയായ നോമ്പും നിസ്‌കാരവും ഖുർആൻ പാരായണവുമൊക്കെയാണെങ്കിലും ഉദ്ദേശ്യശുദ്ധിയില്ലെങ്കിൽ കേടായിപ്പോകുമെന്നർഥം. പുറംമോടിയും പകിട്ടുമുള്ള സമ്മാനപ്പൊതിയിൽ മൂല്യം മതിക്കുന്ന വസ്തുക്കളൊന്നും ഇല്ലെങ്കിലുള്ള അവസ്ഥ ഓർത്തുനോക്കൂ.

ആത്മാർഥമായി, അല്ലാഹുവിന്റെ തൃപ്തി കരഗതമാക്കാനെന്ന ഉദ്ദേശ്യത്തോടെ മാത്രം ചെയ്യുന്ന അമലുകൾ നിബന്ധനകൾ പാലിക്കാത്തതിനാലോ പാകപ്പിഴവുകൾ സംഭവിക്കൽ കൊണ്ടോ അസാധുവാകുകയും ചെയ്യും.
സത്കർമങ്ങൾ ഏതുമാകട്ടേ, സ്വീകാര്യതക്ക് ഭംഗം സംഭവിക്കുന്ന പിഴവുകളില്ലാത്തതും പാരത്രിക നന്മ മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതുമാകണമെന്ന്
ചുരുക്കം.

അതേസമയം, മനുഷ്യരുമായുള്ള സമ്പർക്കവും സഹവാസവും ഏറ്റവും നല്ലതാവുന്നത്, മറ്റുള്ളവർ നമ്മോട് ഏത് വിധത്തിൽ പെരുമാറുന്നതാണോ നമുക്കിഷ്ടം അതേ രീതിയിലും ശൈലിയിലും നമ്മുടെ പെരുമാറ്റം മാറ്റിയെടുക്കുമ്പോഴാണ്. ഇതിനായി മോശപ്പെട്ടതും ജനങ്ങൾക്കിഷ്ടമില്ലാത്തതുമായ സ്വഭാവ വൈകൃതങ്ങൾ മറച്ചുപിടിക്കുകയും മുഖത്ത് പ്രസന്നത കൊണ്ടുവരികയും ചെയ്യേണ്ടി വന്നേക്കാം.