Kerala
ലോകായുക്ത സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: ആര്‍ എസ് ശശികുമാര്‍
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായി
തിരുവനന്തപുരം | ലോകായുക്ത ഫുള്‍ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിലെ ഹരജിക്കാരനായ ആര്‍ എസ് ശശികുമാര്‍. നിയമ പോരാട്ടം തുടരും. ലോകായുക്തയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നുവെന്നും ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല. തനിക്ക് നീതി കിട്ടണം. ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂണ്‍ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായത്. ഇതോടെ കേസില്‍ വിധി നീളും.