Editors Pick
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ചെറിയ കുട്ടികള്‍ വാഹനമോടിക്കുന്നത് അഭിമാനമല്ല , നിയമലംഘനമാണെന്നും ഓര്‍മ്മിക്കുക.

പ്രായപൂർത്തിയാകാത്ത സ്വന്തം കുട്ടികള്‍ വാഹനം ഓടിക്കുന്നതിനെ പല രക്ഷിതാക്കളും അത്ര ഗൗരവമായി കാണുന്നില്ലെന്നതാണ് അനുഭവം.കുഞ്ഞുകുട്ടികള്‍ ലൈറ്റ് വെഹിക്കിള്‍ ഓടിക്കുന്നത് വിഡിയോ എടുത്ത് അഭിമാനപൂര്‍വ്വം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന രക്ഷിതാക്കളും നമ്മുടെ നാട്ടിലുണ്ട്.
ഇങ്ങനെ കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നതിനെതിരെ കര്‍ശനമായ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പ്രായപൂർത്തിയായ ഒരാള്‍ക്ക് ലൈസൻസ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെ കൂടുതൽ കര്‍ശനമാക്കിയതിന് ശേഷം മോട്ടോര്‍വാഹനവകുപ്പ് നേരിടുന്ന വലിയ പ്രശ്നമാണ് പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്.കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ 11168 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ മരിച്ചത്. 2019ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുവനയില്‍ ഡ്രൈവിങ്ങിനാണ്. സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ലെന്നാണ് എംവിഡിയുടെ അഭിപ്രായം.
അതിനാല്‍ തന്നെ ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍ കുറച്ചുകൂടി കര്‍ശനമാക്കിയിരിക്കയാണ്
- ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല, രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
- നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും
- നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ .
- 2000ത്തിലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
കുട്ടികളെ ഈ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. ഒപ്പം ചെറിയ കുട്ടികള്‍ വാഹനമോടിക്കുന്നത് അഭിമാനമല്ല , നിയമലംഘനമാണെന്നും ഓര്‍മ്മിക്കുക.