Connect with us

Sangh Parivar

ഇല്ലെങ്കില്‍ അമ്പതാണ്ട് ലക്ഷ്യമിട്ട് ബുള്‍ഡോസറുകളിറങ്ങും

അമ്പത് വര്‍ഷം വരെ അധികാരത്തുടര്‍ച്ചക്ക് വിഘ്‌നമേതും കാണുന്നില്ല. ചില്ലറ മുട്ടുകള്‍ അറുക്കാന്‍ പാകത്തില്‍ പൗരത്വം, സിവില്‍ നിയമം, ഗ്യാന്‍വാപി എന്ന് തുടങ്ങി പലതുണ്ട് വിഷയങ്ങള്‍. അതൊക്കെ തരാതരം എടുത്തുപയോഗിച്ച്, വര്‍ഗീയത വളര്‍ത്താനും, അധികാരത്തിന് വേണ്ടി ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ഭൂരിപക്ഷത്തെ വീണ്ടും ഏകീകരിക്കാനും ആകുമെന്ന ആത്മവിശ്വാസമുള്ളപ്പോള്‍ അമ്പത് വര്‍ഷത്തോളമെന്ന് പ്രവചിക്കാന്‍ ടിയാന്‍ മടിക്കേണ്ടതില്ലല്ലോ!

Published

|

Last Updated

“ഇനിയങ്ങോട്ട് 40-50 വര്‍ഷം രാജ്യം ബി ജെ പി ഭരിക്കു’മെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പിയുടെ മുന്‍ അധ്യക്ഷനുമായ അമിത് ഷായുടെ പ്രവചനം. വര്‍ഗീയ ധ്രുവീകരണത്തിന് ഉതകുന്ന പദ്ധതികളുടെ ആസൂത്രണം, അതിന്റെ തുടര്‍ച്ചയില്‍ ഉരുവമെടുക്കുന്ന സംഘര്‍ഷങ്ങളെ വംശഹത്യാ ശ്രമത്തിലേക്ക് വളര്‍ത്തല്‍, ഭയത്തിന്റെ ആവരണത്തിന് കനം കൂട്ടാന്‍ ഉതകും വിധത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ രൂപകല്‍പ്പനയും നടപ്പാക്കലും, തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഭൂരിപക്ഷത്തെ ഏകീകരിക്കുന്നതിനൊപ്പം ആവശ്യാനുസരണം ആ വിഭാഗത്തെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ്, ജനവിധി എതിരാകുമ്പോള്‍ ഭീഷണി, പ്രലോഭനം തുടങ്ങിയ അടവുകള്‍ വേണ്ടും വിധം പ്രയോഗിച്ച് എതിര്‍ ചേരിയിലൊരു വിഭാഗത്തെ വിഘടിപ്പിച്ച് അധികാരം തിരിച്ചെടുക്കുന്ന ജനാധിപത്യ അട്ടിമറി, ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിലെ വ്യവസ്ഥകളെ മറികടക്കല്‍, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കല്‍, ശേഷിക്കുന്ന എതിര്‍പക്ഷത്തെ (രാഷ്ട്രീയം, മനുഷ്യാവകാശം, സന്നദ്ധ പ്രവര്‍ത്തനം എന്നിവയിലൊക്കെയുള്ള) ഭസ്മമാക്കാന്‍ പാകത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ ഏജന്‍സികളെ (ദുരു) ഉപയോഗിക്കല്‍ എന്നിത്യാദി മേഖലകളില്‍ പ്രാവീണ്യമുള്ളയാളാണ് ടിയാന്‍ എന്ന് കഴിഞ്ഞ രണ്ട് ദശകത്തെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പാഴൂര്‍, കാണിപ്പയ്യൂര്‍, ആറ്റുകാല്‍ പരമ്പരയുടെ തുടര്‍ച്ചയില്‍ കവടി നിരത്തലില്‍ കൂടി വൈദഗ്ധ്യമുണ്ട് ടിയാനെന്ന് ഹൈദരാബാദില്‍ നിന്നുള്ള റിപോര്‍ട്ടുകളില്‍ കാണുന്നു.

ഗ്രഹനില ഗണിക്കുന്നത് ജന്മദിനത്തെ ആധാരമാക്കിയാണ്. രാശിയില്ലെന്ന കാരണത്താല്‍ ജനസംഘമെന്നത് മാറ്റി ഭാരതീയ ജനതാ പാര്‍ട്ടിയെന്ന പേര് സ്വീകരിച്ചത് കൊല്ലവര്‍ഷം 1155 മീനം 24ന്. നാള് തൃക്കേട്ട. തദ്ദിവസം ആംഗലേയ കലൻഡറനുസരിച്ച് 1980 ഏപ്രില്‍ ആറ്. ഈസ്റ്ററുമായിരുന്നു. ക്രൈസ്തവ വിശ്വാസപ്രകാരം ഉയിര്‍ത്തെഴുന്നേല്‍പ്പ്. പുനര്‍നാമകരണത്തിന് തലതൊട്ടപ്പന്മാരായ അടല്‍ ബിഹാരി വാജ്പയി, ലാല്‍കൃഷ്ണ അഡ്വാനി മുതല്‍പേര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം ഇത്ര കരുത്ത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്തായാലും ഗണിക്കുമ്പോള്‍ ലഗ്നാധിപനിപ്പോള്‍ സൂര്യനാണ്. ഏതിനെയും വാട്ടാന്‍ കഴിവുള്ള ഊര്‍ജ കേന്ദ്രമായങ്ങനെ നില്‍ക്കുന്നു. എങ്ങനെ വീണാലും നാല് കാലില്‍. എതിര്‍ ശബ്ദങ്ങളെയൊക്കെ അറസ്റ്റുചെയ്യാം, തടവിലിടാം, “ഫ്രിഞ്ച് എലമെന്റ്സ്’ എന്ന ഓമനപ്പേരുള്ള സംഘങ്ങളെ ഉപയോഗിച്ച് ഇല്ലാതാക്കാം – ആരും ചോദിക്കില്ല.

തുടര്‍ന്നങ്ങോട്ട് ലഗ്നാധിപന്‍ ശുക്രന്‍. ജാതകവശാല്‍ ഭാഗ്യം. അലഭ്യലഭ്യശ്രീ എന്ന് ചലച്ചിത്ര ഭാഷയില്‍ പറയാം. എതിരാളികള്‍ ഏറെയുണ്ടെങ്കിലും അവര്‍ക്ക് ഏകധ്രുവ യോജിപ്പിന് സാധ്യത തുലോം കുറവ്. കൂടെ നില്‍ക്കുന്നവരെയും കൂടെ നിന്നവരെയും തളര്‍ത്തി വളരാന്‍ പാകത്തില്‍ ഇത്തിള്‍ക്കണ്ണി യോഗം ബിഹാറിലും മഹാരാഷ്ട്രയിലും തെളിഞ്ഞുനില്‍ക്കുന്നു. കര്‍ണാടകയില്‍ അത് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ ദേവഗൗഡയിലും മകന്‍ കുമാര സ്വാമിയിലും പ്രകടം. ഇത്തിള്‍ക്കണ്ണി യോഗത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിട്ട് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ ദ്രാവിഡര്‍ തമ്മിലടിക്കുന്നു. ബംഗാളിനെ വീണ്ടും വിഭജിക്കാനുള്ള തന്ത്രത്തിനുണ്ടായത് തത്കാല പരാജയമെന്നാണ് പ്രശ്‌നത്തില്‍ തെളിഞ്ഞത്. ഭിന്നിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയാല്‍ ഗുണമുണ്ടാകുമെന്നും. ഒഡിഷയില്‍ തരാതരം കാലുമാറ്റിക്കളിക്കുന്ന നവീനന്‍, പടനായക സ്ഥാനമൊഴിഞ്ഞാല്‍ ശേഷം ചിന്ത്യം. പൂജ്യസ്ഥമായ കേരളത്തില്‍ സംഘി – ക്രിസംഘി ബന്ധം ഊഷ്മളമാക്കാന്‍ പാകത്തില്‍ വിഷവാതകം കൂടുതല്‍ വമിപ്പിച്ചാല്‍ ഗുണഫല സാധ്യത. ചിരവൈരികള്‍, അസംബന്ധങ്ങളുടെ പേരില്‍ തമ്മിലടിക്കുമ്പോള്‍ ചെന്നായ് വേഷത്തില്‍ രുധിരപാനവും.

അംബാനി, അദാനി സാമ്രാജ്യങ്ങള്‍ ഇടതും വലതും തുണക്കുകയും രാജ്യസ്‌നേഹത്താല്‍ വിജൃംഭിതമായ ദൂരദര്‍ശന ശൃംഖലകള്‍ കീര്‍ത്തനാലാപനം ഉച്ചസ്ഥായിയില്‍ തുടരുകയും ചെയ്കയാല്‍ ഒറ്റപ്പെട്ട വെല്ലുവിളികള്‍ പോലും അപ്രസക്തമാകും. ആകയാല്‍ കണ്ടകശനി ദൃഷ്ടിഗോചരത്തിലെങ്ങുമില്ല. അമ്പത് വര്‍ഷം വരെ അധികാരത്തുടര്‍ച്ചക്ക് വിഘ്‌നമേതും കാണുന്നില്ല. ചില്ലറ മുട്ടുകള്‍ അറുക്കാന്‍ പാകത്തില്‍ പൗരത്വം, സിവില്‍ നിയമം, ഗ്യാന്‍വാപി എന്ന് തുടങ്ങി പലതുണ്ട് വിഷയങ്ങള്‍. അതൊക്കെ തരാതരം എടുത്തുപയോഗിച്ച്, വര്‍ഗീയത വളര്‍ത്താനും, അധികാരത്തിന് വേണ്ടി ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ഭൂരിപക്ഷത്തെ വീണ്ടും ഏകീകരിക്കാനും ആകുമെന്ന ആത്മവിശ്വാസമുള്ളപ്പോള്‍ അമ്പത് വര്‍ഷത്തോളമെന്ന് പ്രവചിക്കാന്‍ ടിയാന്‍ മടിക്കേണ്ടതില്ലല്ലോ!

സംഗതി, കവടി നിരത്തലാണെങ്കിലും അതില്‍ ഭയക്കേണ്ട ചിലതുണ്ട് എന്നത് മറക്കാവതല്ല. കോണ്‍ഗ്രസ്സിതര ഭാരതമെന്ന മുദ്രാവാക്യത്തില്‍ തുടങ്ങി പ്രതിപക്ഷമുക്ത ഭാരതമെന്ന മുദ്രാവാക്യത്തിലേക്ക് നീങ്ങുന്ന ഹിന്ദു രാഷ്ട്ര നിര്‍മിതി ലക്ഷ്യമിടുന്നത് യുവാക്കളെയാണെന്നതാണ് അമ്പത് വര്‍ഷത്തെക്കുറിച്ചുള്ള പ്രവചനം നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. ഇക്കാലം യുവാക്കളായ, പില്‍ക്കാലത്ത് യുവാക്കളാകേണ്ടവരുടെ മുഖ്യ വിഹാര മേഖല സാമൂഹിക മാധ്യമങ്ങളാണ്. അവിടം ഭരിക്കാന്‍ പാകത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു രാഷ്ട്രീയ സ്വയം സേവക് സംഘും ഇതര പരിവാര സംഘടനകളും. വിവരങ്ങളും വസ്തുതകളും അറിഞ്ഞ് പ്രതികരിക്കേണ്ട യുവാക്കളെ, വ്യാജങ്ങളും നുണകളും സംഘടിതമായി പ്രചരിപ്പിച്ച് വഴിതെറ്റിക്കാമെന്ന ബോധ്യം അവര്‍ക്കുണ്ട്. പുതിയ തലമുറ പഠിച്ച് വളരേണ്ട ചരിത്രത്തെ കാവിയില്‍ മുക്കി സ്വയം സേവകരെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ട്. അവ്വിധമുള്ള സ്വയം സേവകരെ നാല് വര്‍ഷം “അഗ്നിവീറു’കളാക്കി തിരികെ സമൂഹത്തിലെത്തിച്ച് ആര്‍ എസ് എസ് ഇച്ഛിക്കുന്ന വിധത്തിലുള്ള സമാന്തര സേനയായി നിലനിര്‍ത്താനുള്ള പദ്ധതി അവര്‍ക്കുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലുള്ള ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിച്ച്, ജനഹിതത്തെ അട്ടിമറിക്കാനോ നിര്‍മിച്ചെടുക്കാനോ സാധിക്കുമെന്ന അഹങ്കാരം അവര്‍ക്കുണ്ട്. നാമമാത്രമായ എതിര്‍നിരയെ നിലനിര്‍ത്തും വിധത്തില്‍ പ്രതിപക്ഷ നിരയെ നിര്‍വീര്യമാക്കാന്‍ പാകത്തില്‍ അധികാരത്തെ ഉപയോഗിക്കാനറിയാമെന്ന ധാര്‍ഷ്ട്യം അവര്‍ക്കുണ്ട്. അതിന്റെയൊക്കെ മുകളിലിരുന്നാണ് അമിത് ഷാ, വരുന്ന അഞ്ച് ദശകം ഭരണം ബി ജെ പിക്ക് എന്ന് പ്രവചിക്കുന്നത്. ആ ആത്മവിശ്വാസം അസ്ഥാനത്താണെന്ന് വിചാരിക്കുന്നത്, ഇന്നത്തെ സാഹചര്യത്തില്‍ ശരിയാകില്ല.

2014 മുതല്‍ രാജ്യഭാരമേറ്റവര്‍ തുടരുന്ന നയങ്ങള്‍ ഏതളവിലാണ് ദുരിതം വിതക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാകത്തിലുള്ള സംഘടനാശേഷി ഇല്ലാതിരിക്കെ പ്രതിരോധം എളുപ്പമാകില്ല. ചില പ്രദേശങ്ങള്‍ പ്രതിരോധിച്ചു നിന്നേക്കാം. പക്ഷേ, അവിടം പോലും വളഞ്ഞുപിടിക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന് പ്രയാസമേതുമില്ല എന്നതിന് ഇതിനകം ഉദാഹരണമുണ്ട്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങി തീവ്ര ഹിന്ദുത്വ ഭരണകൂടത്തെ നിശിതമായി എതിര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളെ പലവിധത്തില്‍ ഞെരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വന്തം പക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന, നിയമപരമായി നിര്‍ബന്ധിതമായ സഹായങ്ങള്‍ പോലും (ജി എസ് ടി വിഹിതവും അത് നടപ്പാക്കിയ വകയിലുള്ള നഷ്ടപരിഹാരവും) ഈ സംസ്ഥാനങ്ങള്‍ക്ക് സമയബന്ധിതമായി അനുവദിക്കാതെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരാവകാശങ്ങള്‍ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തുകൊണ്ട് കേന്ദ്രാധികാരത്തിന്റെ ദയാദാക്ഷിണ്യത്തില്‍ പ്രവര്‍ത്തിക്കുന്നവ മാത്രമായി നിലനിര്‍ത്താനുള്ള തന്ത്രവും പയറ്റുന്നുണ്ട്. അത്തരം അടവുകള്‍ക്കു മുന്നില്‍, ചില പ്രദേശങ്ങളില്‍ മാത്രമുള്ള പ്രതിരോധം ഫലം കാണുകയില്ല.

ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് ഇന്ത്യന്‍ യൂനിയന്‍ എങ്ങനെയാണോ വിഭാവനം ചെയ്യപ്പെട്ടത്, ആ വിധത്തില്‍ അതിനെ നിലനിര്‍ത്താനും അതങ്ങനെ നിലനിര്‍ത്താന്‍ പാകത്തില്‍ ഭരണഘടനാ വ്യവസ്ഥകളെ സംരക്ഷിക്കാനുമുള്ള വിശാലമായ യത്‌നമാണ് ഈ കാലം ആവശ്യപ്പെടുന്നത്. അതിന് വേണ്ടി യോജിച്ചു നില്‍ക്കേണ്ടവര്‍, മൂപ്പിളമത്തര്‍ക്കത്തില്‍ അഭിരമിക്കുമ്പോള്‍ പാഴൂര്‍, കാണിപ്പയ്യൂര്‍, ആറ്റുകാല്‍ പാരമ്പര്യം വിജയിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. സരിത – സ്വപ്‌ന ദ്വന്ദ്വത്തെ മറയാക്കി, പരസ്പരം വീഴ്ത്താന്‍ ശ്രമിക്കുകയും സി ബി ഐ, ഇ ഡി മാരീചന്‍മാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ പൂജ്യത്തില്‍ നിന്നുയരുക എന്നത് സംഘ്പരിവാരത്തിന് പ്രയാസമുള്ള സംഗതിയാകില്ല. തീവ്ര ഹിന്ദുത്വ അജന്‍ഡകളോട് കലഹിക്കുകയും പ്രതിരോധ നിരയ്ക്ക് ഊര്‍ജമേകാന്‍ പാകത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന സമൂഹങ്ങളെ, അത് കേരളമായാലും തമിഴ്‌നാടായാലും പശ്ചിമ ബംഗാളായാലും, ലക്ഷ്യമിടാനാണ് ഹൈദരാബാദിലെ ബി ജെ പി സമ്മേളനം ആഹ്വാനം ചെയ്യുന്നത്. അവിടുത്തെ പ്രവര്‍ത്തകരെ അഭിനന്ദിക്കുമ്പോള്‍ അവര്‍ക്ക് ഊര്‍ജമേകാന്‍ പാകത്തിലാണ് ഇനിയങ്ങോട്ട് ആര്‍ എസ് എസും ഇതര സംഘ്പരിവാര സംഘടനകളും പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്നാണ് നരേന്ദ്ര മോദി പറഞ്ഞുവെക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ സംഘ്പരിവാര പ്രവര്‍ത്തകര്‍ ഏത് വിധത്തിലാണ് സംഘ അജന്‍ഡകള്‍ കൃത്യമായി നടപ്പാക്കുന്നത് എന്നതിന് ഉദാഹരണമായി ത്രിപുരയും അസമും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഹൈദരാബാദിലെ ഗ്രഹനില ഗണിക്കലിനെ മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇല്ലെങ്കില്‍ അമ്പതാണ്ട് ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ ഇറങ്ങുക തന്നെ ചെയ്യും.