From the print
വാരണാസിയില്‍ പ്രിയങ്ക ആയിരുന്നെങ്കില്‍....
വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വാരണാസി | നാളെ ബൂത്തിലേക്ക് പോകുന്ന വാരണാസിയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയില്ലാത്തതിന്റെ വിഷമം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഇനിയും മാറിയിട്ടില്ല. വാരണാസിയില്‍ ഹാട്രിക് ജയത്തിനായി ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുപക്ഷേ, പ്രിയങ്കാ ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയും ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനുമായ അജയ് റായിക്ക് ഒരു അത്ഭുതവും കൊണ്ടുവരാനാകില്ലെന്ന് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ തന്നെ പറയുന്നു. മായാവതിയുടെ ബി എസ് ബി അഥര്‍ ജമാല്‍ ലാറിയെ മത്സരിപ്പിക്കുമ്പോള്‍ മൂന്ന് സ്വതന്ത്രരും നാളെ ജനവിധി തേടുന്നുണ്ട്.
ഗംഗാ നദിയുടെ തീരത്ത് ദുര്‍ബലമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഇപ്പോഴും വിവിധ കോണുകളില്‍ നിന്നുള്ള സംസാരം. എന്‍ ഡി എ സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഇതൊരു നല്ല അവസരമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കോണ്‍ഗ്രസ്സ് ജില്ലാ നേതാവ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് അവസരങ്ങളിലും അജയ് റായ് പരാജയപ്പെട്ടു. ഇത്തവണയും അദ്ദേഹത്തില്‍ നിന്ന് വലിയതെന്തെങ്കിലും പ്രതീക്ഷിക്കാനാകില്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും റായ് മൂന്നാം സ്ഥാനത്തായിരുന്നു.
പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദിക്ക് വലിയ വെല്ലുവിളി ആയേനെയെന്ന് മറ്റൊരു കോണ്‍ഗ്രസ്സ് നേതാവും പറഞ്ഞു. മോദിക്കെതിരെ പ്രിയങ്ക തന്നെ മത്സരിക്കണമെന്ന് അജയ് റായ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം അജയ് റായിയെ തന്നെ മത്സരിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
റൊഹാനിയ, വാരണാസി നോര്‍ത്ത്, വാരണാസി സൗത്ത്, വാരണാസി കന്റോണ്‍മെന്റ്, സേവാപുരി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വാരണാസി ലോക്സഭാ മണ്ഡലം. ഇതില്‍ നാല് മണ്ഡലങ്ങളും ബി ജെ പിയുടെ കൈയിലാണ്. റോഹാനിയയെ പ്രതിനിധീകരിക്കുന്നത് ബി ജെ പി സഖ്യകക്ഷിയായ അപ്നാദള്‍ (സോനിലാല്‍) ആണ്.