Kerala
രമേശ് ഒന്ന് മാന്തിയാല്‍ അതില്‍ കയറി കൊത്താനൊന്നും തന്നെ കിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി ബിനോയ് വിശ്വം
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ എന്താണ്. സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരം| ബ്രൂവറി വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനെതിരെ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. രമേശ് ഒന്ന് മാന്തിയാല്‍ അതില്‍ കയറി കൊത്താനൊന്നും തന്നെ കിട്ടില്ല. ചെന്നിത്തല കോണ്‍ഗ്രസ് നോക്കിയാല്‍ മതി. എല്‍ഡിഎഫിനെകുറിച്ച് പറയാനുള്ള അര്‍ഹത കോണ്‍ഗ്രസ്സിനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ എന്താണ്. സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്തരമൊരു പാര്‍ട്ടി എല്‍ഡിഎഫിനെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
മദ്യം നിര്‍മിക്കുന്നതിന് എല്‍ഡിഎഫ് എതിരല്ല. കുടിവെള്ളത്തിനേയും കൃഷിയെയും ബാധിക്കുന്ന മദ്യനിര്‍മാണം വേണ്ട എന്നതിലാണ് എല്‍ഡിഎഫില്‍ ഭിന്നിപ്പുണ്ടായത്. ഇത് രണ്ടിനെയും ബാധിക്കാത്ത തരത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതില്‍ പരിശോധനയും ഉണ്ടാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അല്‍പം മുമ്പ് ബ്രൂവറി വിഷയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിനെതിരെ രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ഈ ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയുമില്ലാതായെന്നും പഴയ സി പി ഐ അല്ല ഇപ്പോഴത്തെ സി പി ഐയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട്, സി പി ഐയുടെ എം എന്‍ സ്മാരകത്തില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ വായ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വാ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ഒരു വിലയും ആരും കല്‍പ്പിക്കുന്നില്ല. ബിനോയിയുടെ വായ മുഖ്യമന്ത്രി അടപ്പിച്ചു. ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ട. പഴയ കാലത്തായിരുന്നു സി പി ഐ, ഇപ്പോഴത്തെ പാര്‍ട്ടിക്ക് ആര്‍ജവമോ തന്റേടമോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടു പോകാന്‍ എം എന്‍ സ്മാരകത്തില്‍ വെച്ച് നടന്ന എല്‍ ഡി എഫ് മുന്നണി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സി പി ഐയും ആര്‍ ജെ ഡിയും യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചതോടെ ഇവര്‍ പിന്‍വാങ്ങിയിരുന്നു.