ukrain- russia war
റഷ്യയെ പേടിയാണെങ്കില്‍ നാറ്റോ അതങ്ങ് സമ്മതിക്കണം: സെലന്‍സ്‌കി
മരിയുപോള്‍ നഗരം ഉടന്‍ റഷ്യ പിടിക്കും; ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും ബോംബിംഗില്‍ തകര്‍ന്നു

കീവ് | റഷ്യന്‍ അധിനിവേശം അതിഭീകരമായി തുടരുന്നതിനിടെ നാറ്റാ രാജ്യങ്ങളുടെ സമീപനത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ഒന്നെങ്കില്‍ യുക്രൈനെ നാറ്റോയുടെ ഭാഗമായി സ്വീകരിക്കണം. അല്ലെങ്കില്‍ റഷ്യയെ ഭയമാണെങ്കില്‍ അതങ്ങ് തുറന്ന് സമ്മതിക്കണമെന്ന സെലന്‍സ്‌കി പറഞ്ഞതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും അംഗരാജ്യങ്ങള്‍ക്ക് യുക്രൈന് സുരക്ഷ നല്‍കാം. എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കീഴടങ്ങാനുള്ള അന്ത്യശാസനം യുക്രൈന്‍ തള്ളിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചു. യുക്രൈനിലെ തന്ത്രപ്രധാനമായ മരിയുപോള്‍ നഗരം റഷ്യ ഉടന്‍ പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും റഷ്യന്‍ ബോംബിംഗില്‍ തകര്‍ന്നതായാണ് വിവരം. രണ്ട് ലക്ഷത്തോളം സാധാരണക്കാര്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ഇവിടെ വലയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലെത്തും. നാറ്റോയുടേയും ജി7 രാജ്യങ്ങളുടേയും കൂടിയാലോചനകളാണ് ബൈഡന്റെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.