Connect with us

Health

ഉറക്കത്തിൽ മസിൽ കയറുന്നത് ഒരു സ്ഥിരം പ്രശ്നമാണോ എങ്കിൽ ഇതറിഞ്ഞോളൂ...

പലപ്പോഴും അസഹ്യമായ വേദനയോടെയായിരിക്കും ഉറക്കമുണരുക, പേശി അയക്കാൻ ശ്രമം നടത്തിയാലും പെട്ടെന്ന് സാധിക്കില്ല. വേദന കൂടുകയായിരിക്കും ഫലം.

Published

|

Last Updated

രാത്രി സമാധാനമായി കിടന്നുറങ്ങുമ്പോൾ ആയിരിക്കും പെട്ടെന്ന് ഒരു അള്ളി പിടുത്തത്തിന്റെ രൂപത്തിൽ വലിയ വേദനയോടെ മസിൽ കയറുന്നത്. ഇത് നിങ്ങളുടെ സമാധാനപരമായ ഉറക്കത്തെ നശിപ്പിക്കുന്നതിനൊപ്പം ആ സമയത്ത് നിങ്ങൾ സഹിക്കുന്ന വേദനയും വലുതാണ്.ഉറക്കത്തിൽ കാലിലെ പേശി ഉരുണ്ടു കയറ്റം നിരവധി പേരെ ശല്യപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. പേശിവലിവ്, കോച്ചിപ്പിടിത്തം, മസിലുകയറ്റം, ഉരുണ്ട് കയറ്റം എന്നിങ്ങനെ പല പേരുകളില്‍ ഈ വേദന അറിയപ്പെടുന്നുണ്ട്.

നമ്മളറിയാതെ തന്നെ നമ്മുടെ പേശികൾ നിരവധി തവണ സങ്കോചിക്കുകയും അയയുകയും ചെയ്തു കൊണ്ടിരിക്കും. എന്നാൽ ചിലരിൽ പേശികൾ ശക്തമായി സങ്കോചിക്കുകയും അയഞ്ഞു തരാതിരിക്കുകയും ചെയ്യുന്നതാണ് ഈ അസുഖത്തിനാധാരം. തികച്ചും അപ്രതീക്ഷിതമായി പേശി സങ്കോചിച്ച് വേദനയോടെ ഉരുണ്ടു കയറും. പലപ്പോഴും അസഹ്യമായ വേദനയോടെയായിരിക്കും ഉറക്കമുണരുക. പേശി അയക്കാൻ ശ്രമം നടത്തിയാലും പെട്ടെന്ന് സാധിക്കില്ല. വേദന കൂടുകയായിരിക്കും ഫലം.

കാഫ് മസിൽ ഉൾപ്പെടുന്ന പേശികളിലാണ് മസിൽ കയറുന്നത് സാധാരണയായി കാണപ്പെടുന്നത് . ഹാംസ്റ്റിങ്സ്,ഗ്ലൂട്ടൽ മസിൽ ഗ്രൂപ്പ് തുടങ്ങിയ വലിയ പേശികളിലും ഇത് സംഭവിക്കാം. കോച്ചിപ്പിടുത്തം സംഭവിച്ച ഭാഗത്ത് മൃദുവായി മസാജ് ചെയ്യുക എന്നതാണ് ഉടനടി ചെയ്യാവുന്ന ആശ്വാസ നടപടി. നിരവധി ഘടകങ്ങൾ കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. മൂലകാരണമോ ജീവിതശൈലീ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ കണ്ടുപിടിച്ച് വേണ്ട നടപടികൾ സ്വീകരിക്കുക എന്നതാണ് ഇതിനുള്ള സ്ഥിരപരിഹാരം.

എന്താണ് കാരണം

അലസമായ ജീവിതരീതികളും നിർജലീകരണവും ആണ് സാധാരണയായി മസിൽ കയറ്റത്തിന് അല്ലെങ്കിൽ കോച്ചി പിടുത്തത്തിന് കാരണമാകുന്നത്.ചില മെഡിക്കൽ കാരണങ്ങളും ഈ പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.ലിവർ സിറോസിസ് അല്ലെങ്കിൽ വൃക്ക സംബന്ധമായ മറ്റ് പ്രശ്നങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവയുള്ളവർക്ക് രാത്രികാലങ്ങളിൽ കോച്ചിപ്പിടുത്തം നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ്, നട്ടെല്ല് എന്നിവയുമായി ബന്ധപ്പെട്ട നാഡീസംബന്ധമായ പ്രശ്നങ്ങളും ആർത്തവസമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ദ്രാവക അസന്തുലിതാവസ്ഥയും കോച്ചിപ്പിടുത്തത്തിലേക്ക് നയിക്കുന്ന മറ്റ് സാധാരണ കാരണങ്ങളാണ്. ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് കുറയുന്നതിൻ്റെ ഫലമായുണ്ടാകുന്ന ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥയാണ് കോച്ചിപ്പിടുത്തം ഉണ്ടാക്കുന്ന മറ്റൊരു കാരണക്കാരൻ.

എന്താണ് പരിഹാരമാർഗ്ഗം

പേശിയിൽ പെട്ടെന്നുള്ള പിരിമുറുക്കത്തിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുക. അത് പരിഹരിക്കുന്നതിനായി ശരീരത്തിൽ ജലാംശവും ഇലക്ട്രോലൈറ്റും ആവശ്യമായ അളവിൽ നിലനിർത്താൻ ശ്രദ്ധിക്കുക . പേശികളെ ശക്തിപ്പെടുത്തുന്നതിനായി പതിവായി വ്യായാമം ചെയ്ത് സജീവമായ ഒരു ജീവിതശൈലി പിന്തുടരുക.കോച്ചിപ്പിടുത്തം സംഭവിച്ച സ്ഥലത്ത് മസാജ് ചെയ്ത് ചൂടുവെള്ളം നിറച്ച ബാഗ് ഉപയോഗിച്ച് ആശ്വാസം നൽകുക.പേശികൾ സാധാരണ നിലയിലേക്ക് വന്നാൽ ലഘുവായ സ്ട്രച്ചിംഗ് വ്യായാമങ്ങൾ പരിശീലിക്കാം. ഇവയ്ക്ക് ഇങ്ങനെയെല്ലാം ചെയ്തിട്ടും മസിൽ കയറുന്നത് സ്ഥിരമായി തുടരുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതാണ് നല്ലത്.

Latest