Connect with us

Editorial

ഇങ്ങനെയെങ്കില്‍ കൊളീജിയം എന്തിന്?

സ്ഥാനക്കയറ്റം നല്‍കേണ്ട ജഡ്ജിമാരുടെ പട്ടിക തയാറാക്കുന്നതില്‍ സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ കൂടി മാനിക്കുകയാണെങ്കില്‍ എന്താണ് കൊളീജിയത്തിന്റെ ആവശ്യകത?

Published

|

Last Updated

ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ആലോചിച്ച് രാഷ്ട്രപതി നടത്തണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമാക്കിയായിരുന്നു ആദ്യകാലത്ത് ജഡ്ജിമാരെ നിയമിച്ചിരുന്നത്. കേന്ദ്ര ഭരണം കൈയാളിയിരുന്നവര്‍ക്ക് വക്രചിന്തയില്ലാത്തതു കൊണ്ട് അന്ന് ജഡ്ജിമാരുടെ നിയമനത്തില്‍ ബാഹ്യതാത്പര്യങ്ങള്‍ കടന്നുവന്നതുമില്ല. ക്രമേണ നിയമനത്തില്‍ കേന്ദ്രം ഭരിക്കുന്നവരുടെ കൈകടത്തലുകള്‍ വന്നതോടെ, നീതിന്യായ സംവിധാനത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനും പരസ്പര ആശ്രിതത്വം ഒഴിവാക്കാനുമായാണ് 1993ല്‍ സുപ്രീം കോടതി കൊളീജിയം സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ഫലത്തില്‍ ഇപ്പോള്‍ കൊളീജിയം അതിന്റെ ലക്ഷ്യം മറന്ന്, ജഡ്ജിമാരുടെ നിയമനത്തിനുള്ള പട്ടിക തയാറാക്കുന്നതില്‍ സര്‍ക്കാറിന്റെ ഇംഗിതം കൂടി പരിഗണിക്കുന്ന തരത്തിലേക്ക് വഴുതിപ്പോയിരിക്കുന്നുവെന്നാണ് കൊളീജിയത്തിന്റെ പുതിയ ശിപാര്‍ശ പട്ടികയില്‍ നിന്ന് ത്രിപുര ചീഫ് ജസ്റ്റിസ് അകീല്‍ കുറൈശിയെ ഒഴിവാക്കിയ നടപടി വിളിച്ചോതുന്നത്.

ഒമ്പത് പേരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം പുതുതായി ശിപാര്‍ശ ചെയ്തത്. 17 വര്‍ഷമായി ഹൈക്കോടതി ജഡ്ജിയായി തുടരുന്ന അകീല്‍ കുറൈശി ലിസ്റ്റില്‍ ഇല്ല. കഴിവും പ്രാഗത്ഭ്യവും സീനിയോരിറ്റിയുമുള്ള ന്യായാധിപനാണ് അകീല്‍ കുറൈശി. പിന്നെന്തു കൊണ്ട് അദ്ദേഹം പട്ടികയില്‍ വന്നില്ല? മുഖം നോക്കാതെ, നിഷ്പക്ഷമായി കൃത്യനിര്‍വഹണം നടത്തുമെന്നത് മാത്രമാണ് അദ്ദേഹത്തിനുള്ള പ്രധാന “അയോഗ്യത’. 2010ല്‍ അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരിക്കെ സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അദ്ദേഹത്തെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത് ജസ്റ്റിസ് അകീല്‍ കുറൈശിയായിരുന്നു. സി ബി ഐ പ്രത്യേക കോടതിയുടെ വിധി തിരുത്തിക്കൊണ്ടുള്ള ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് ഇഷ്ടപ്പെട്ടില്ലെന്നത് സ്വാഭാവികം. 2012ല്‍ റിട്ട. ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയാക്കിയ ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ നടപടിയെ ചോദ്യം ചെയ്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളുകയും ചെയ്തിരുന്നു കുറൈശി. ഈ വിധി പിന്നീട് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്‍ 23 പേരെ കൂട്ടക്കൊല ചെയ്ത ഒരു കേസില്‍ 14 പേരുടെ ജീവപര്യന്തം ശരിവെച്ചതും കുറൈശിയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ചാണ്. ഇതുകൊണ്ടെല്ലാം മോദിയുടെയും അമിത് ഷായുടെയും കണ്ണിലെ കരടാണ് ജസ്റ്റിസ് അകീല്‍ കുറൈശി.

കുറൈശിക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ സര്‍ക്കാര്‍ തടയുന്നത് ഇതാദ്യമല്ല. 2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുഭാഷ് റെഡ്ഡി സുപ്രീം കോടതിയിലേക്ക് പോയപ്പോള്‍ സീനിയോരിറ്റി പ്രകാരം ചീഫ് ജസ്റ്റിസ് പദവിക്ക് അര്‍ഹത കുറൈശിക്കായിരുന്നു. എന്നാല്‍ അദ്ദേഹത്തേക്കാള്‍ ജൂനിയറായ ജഡ്ജിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസാക്കി കുറൈശിയെ തഴയുകയായിരുന്നു അന്ന്. ഇതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്‍ പണിമുടക്കിയപ്പോള്‍ കുറൈശിക്ക് സ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എങ്കിലും തൊട്ടു പിന്നാലെ അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി. 2019 മെയില്‍ കുറൈശിയെ മധ്യപ്രദേശിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ കൊളീജിയം ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രം നിരസിച്ചു. ഇതിനെതിരെ ബോംബെ ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയപ്പോഴാണ് അദ്ദേഹത്തെ താരതമ്യേന ചെറിയ കോടതിയായ ത്രിപുരയില്‍ ചീഫ് ജസ്റ്റിസാക്കിയത്.

കൊളീജിയത്തിന്റെ ശിപാര്‍ശപ്പട്ടികയില്‍ അകീല്‍ കുറൈശിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കേന്ദ്രം ഒരുപക്ഷേ, അംഗീകരിക്കണമെന്നില്ല. സര്‍ക്കാറിനു ഹിതകരമല്ലാത്തവരെയൊക്കെ ലിസ്റ്റില്‍ നിന്ന് വെട്ടിയതാണ് മുന്‍ അനുഭവം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ കൊളീജിയം അയച്ച നാല് പേരുടെ പട്ടികയില്‍ നിന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യത്തെയും 2018ല്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് കെ എം ജോസഫിനെയും കേന്ദ്രം തഴഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിക്ഷേപം തുടങ്ങിയ കേസുകളില്‍ സോളിസിറ്റര്‍ ജനറല്‍ എന്ന നിലയില്‍ ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ബി ജെ പി നേതൃത്വത്തിന് ഹിതകരമായിരുന്നില്ലെന്നതാണ് അദ്ദേഹത്തെ തഴയാന്‍ കാരണം. 2016 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയതായിരുന്നു ജസ്റ്റിസ് കെ എം ജോസഫിനോടുള്ള വിരോധത്തിന്റെ പിന്നില്‍. ആ വിധി പുറപ്പെടുവിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ കെ എം ജോസഫായിരുന്നു. ഇതേത്തുടര്‍ന്ന് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു.
എന്നാല്‍ കേന്ദ്രത്തിന്റെയോ ഭരണകക്ഷിയുടെയോ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല കൊളീജിയം സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്കുള്ള ശിപാര്‍ശ പട്ടിക തയാറാക്കേണ്ടത്. സീനിയോരിറ്റിയും അര്‍ഹതയും പരിഗണിച്ചായിരിക്കണം. അഥവാ കൊളീജിയം അയച്ച ലിസ്റ്റില്‍ നിന്ന് കുറൈശിയെ ഒഴിവാക്കുകയാണെങ്കില്‍ 2014ല്‍ ലിസ്റ്റില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പ്രതികരിച്ചതു പോലെ ശക്തമായി പ്രതികരിക്കാമായിരുന്നു. അന്നദ്ദേഹം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് ഇങ്ങനെ കത്തെഴുതി- “തന്റെ അറിവോ സമ്മതമോ കൂടാതെ നിര്‍ദേശങ്ങള്‍ തിരുത്താന്‍ പാടില്ല. ഭാവിയില്‍ എക്‌സിക്യൂട്ടീവിന്റെ ഭാഗത്തു നിന്ന് ഇത്തരം ഏകപക്ഷീയ നടപടികള്‍ ഉണ്ടാകരുത്’. ജുഡീഷ്യറി എപ്പോഴും അതിന്റെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കണം. സര്‍ക്കാറിനു വിധേയപ്പെടുകയോ ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു നിരക്കാത്ത സര്‍ക്കാര്‍ നിലപാടുകള്‍ക്ക് അരുനില്‍ക്കുകയോ അരുത്. സ്ഥാനക്കയറ്റം നല്‍കേണ്ട ജഡ്ജിമാരുടെ പട്ടിക തയാറാക്കുന്നതില്‍ സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ കൂടി മാനിക്കുകയാണെങ്കില്‍ എന്താണ് കൊളീജിയത്തിന്റെ ആവശ്യകത? ഈ സംവിധാനം ഒഴിവാക്കി കേന്ദ്രം ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തിനായിരുന്നു ജുഡീഷ്യറി അതിനെ എതിര്‍ത്തത്?