Afghanistan crisis
എങ്കില്‍, യു എസ് അധിനിവേശം എന്തിനായിരുന്നു?
അമേരിക്കയുടെ കാര്യമെടുത്താല്‍ അവര്‍ നടത്തിയതോ മുഖ്യപങ്കാളികളായതോ ആയ ലോകത്തിലെ യുദ്ധങ്ങളുടെയെല്ലാം ശേഷിപ്പ് കെട്ടടങ്ങാത്ത അരാജകത്വമെന്നതാണ്. ഇറാഖും ലിബിയയും സിറിയയും യമനുമെല്ലാം തെളിവായി നമുക്ക് മുന്നിലുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനും ആ പട്ടികയിലേക്ക് ചേര്‍ത്ത് വെക്കപ്പെടുകയാണ്. ഒപ്പം തീവ്രവാദത്തിനെതിരെ പ്രതിരോധം എന്ന പൊള്ളയായ വീമ്പ് പറച്ചില്‍ നടത്തുന്ന അമേരിക്കയുടെ പൊയ്മുഖം ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ തുറന്നുവെക്കപ്പെടുകയാണ്.
ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം നടത്തുന്ന അധിനിവേശം, വിധേയപ്പെടുന്ന രാജ്യത്തെ എത്രത്തോളം അരാജകത്വത്തിലേക്ക് എത്തിക്കും എന്നതിന് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നല്‍കുന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച് എക്കാലത്തും ലോകപോലീസ് ചമഞ്ഞ് നിലപാടെടുക്കുന്ന അമേരിക്ക നേരിട്ട് നടത്തുന്ന അധിനിവേശ ഭീകരതയുടെ ആഴം മനസ്സിലാക്കാനും ഇപ്പോഴത്തെ അഫ്ഗാന്‍ ജനതയുടെ നിസ്സഹായതയോളം പോന്ന ഉദാഹരണം മറ്റൊന്നുമില്ല.
2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതു മുതല്‍ തുടങ്ങുന്നതാണ് അമേരിക്കന്‍ സേനയുടെ അഫ്ഗാന്‍ അധിനിവേശ ചരിത്രം. 9/11 അക്രമങ്ങള്‍ക്ക് ശേഷം അല്‍ഖാഇദയെ തുരത്തുക, അഫ്ഗാനില്‍ നിന്ന് അമേരിക്കക്കെതിരെ മറ്റൊരു തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ തങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് അമേരിക്ക തങ്ങളുടെ സൈന്യത്തെ അവിടേക്ക് അയച്ചത്. സ്വന്തം അധിനിവേശങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സ്ത്രീ വിമോചനം പോലുള്ള പുരോഗമനപരമായ ആശയങ്ങള്‍ ഉന്നയിക്കുക എന്ന പതിവ് സാമ്രാജ്യത്വ രീതിയും അവര്‍ ഇവിടെ പുലര്‍ത്തി. അഫ്ഗാന്‍ അധിനിവേശത്തിന് നല്‍കിയ കാരണങ്ങളില്‍ ഒന്നായി വനിതാ വിമോചനം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജൂനിയര്‍ ബുഷ് എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനത്തെ തഴുകിത്തലോടുന്നതില്‍ ഒരു വൈരുധ്യവും ബുഷ് കണ്ടില്ലെന്നതും മറ്റൊരു യാഥാര്‍ഥ്യമായി നിലകൊള്ളുന്നുണ്ട്. അതേസമയം, രാഷ്ട്രീയവും സൈനികവുമായ പ്രാധാന്യത്തിന് പുറമെ, ദക്ഷിണേഷ്യയിലെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും നിയന്ത്രണവുമായി അഫ്ഗാന്‍ അധിനിവേശത്തിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ പോളിസിയെക്കുറിച്ച് വിശദമായി പഠിച്ച പലരും അഭിപ്രായപ്പെടുന്നുണ്ട്. താലിബാന് ശേഷം 2001ല്‍ രൂപവത്കൃതമായ വടക്കന്‍ സഖ്യ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്ന് രാജ്യാന്തര എണ്ണ വാതക കമ്പനികള്‍ക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള അവകാശം അനുവദിച്ച് നല്‍കിയതായിരുന്നു. മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇറാഖും ഇപ്പോള്‍ അഫ്ഗാനും അതൊക്കെ ലോകത്തോട് പറഞ്ഞ് തരുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമായി 20 ലക്ഷത്തിലേറെ മനുഷ്യരെ യു എസ് സാമ്രാജ്യത്വം കുരുതി കഴിച്ചതും ലോകം കണ്ടതാണ്.
9/11 ഭീകരാക്രമണ പരമ്പരയുടെ പേരില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓപറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം 2001 ഒക്ടോബറിലാണ് ആരംഭിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടമാടിക്കൊണ്ടിരുന്ന അരാജകത്വം ഇവിടം കൊണ്ട് അവസാനിക്കുന്നതിനു പകരം പൂര്‍വാധികം ശക്തി പ്രാപിക്കുകയാണ് ഉണ്ടായത്. 2001ല്‍ അധികാരത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രവിശ്യകള്‍ ഇന്ന് താലിബാന്റെ അധീനതയിലാകുകയും ഇപ്പോള്‍ രാജ്യതലസ്ഥാനം ഉള്‍പ്പടെ അവരുടെ കൈകളിലേക്ക് എത്തപ്പെടുകയും ചെയ്തിരിക്കുന്നു.
ഓപറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം പോരാട്ടങ്ങളിലേക്കു നയിച്ച ബിന്‍ലാദനെ ചൊല്ലിയുള്ള അഭിപ്രായഭിന്നത രമ്യമായി പരിഹരിക്കാമായിരുന്ന ഒന്നായിട്ട് കൂടി അതിനുള്ള ശ്രമങ്ങള്‍ കൈക്കൊള്ളാതെ കൂടുതല്‍ കലുശിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിലായിരുന്നു അമേരിക്കയുടെ താത്പര്യം. ആക്രമണങ്ങളുടെ സൂത്രധാരനായ ബിന്‍ ലാദനെ വിചാരണക്ക് വിട്ടുകിട്ടണമെന്നുള്ള അമേരിക്കയുടെ ആവശ്യം തത്വത്തില്‍ താലിബാന്‍ അംഗീകരിച്ചതാണ്. അഫ്ഗാനിസ്ഥാനും അമേരിക്കയും ഒഴികെയുള്ള മൂന്നാമതൊരു രാജ്യത്തുവെച്ച് ആ വിചാരണ നടത്തണമെന്നുള്ള താലിബാന്റെ ഉപാധി അംഗീകരിക്കാതിരുന്ന അമേരിക്കയുടെ ദുര്‍വാശിയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതിന് പിന്നില്‍.
അമേരിക്കയിലെ ബ്രൗണ്‍ യൂനിവേഴ്സിറ്റി 2017ല്‍ പുറത്തുവിട്ട “കോസ്റ്റ് ഓഫ് വാര്‍’ എന്ന പഠന റിപ്പോര്‍ട്ട്പ്രകാരം 2001ന് ശേഷമുള്ള അഫ്ഗാന്‍ പോരാട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ് എത്തിനില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017ലെ ആദ്യ ഒമ്പത് മാസത്തെ കാലയളവില്‍ മാത്രം 2,640 സാധാരണ ജനങ്ങളാണ് താലിബാന്‍, ഐ എസ് ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2016ല്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,616 ആയിരുന്നു. ഇപ്പോള്‍ ദിനേന നൂറുകണക്കിന് ജീവന്‍ ഹോമിക്കപ്പെടുന്ന സ്ഥിതിയിലേക്ക് ഒരു രാജ്യത്തെ തള്ളിയിട്ട് അമേരിക്കന്‍ സൈന്യം പിന്‍മാറുന്ന സ്ഥിതിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ സൈന്യത്തിന്റെ ആധിപത്യം വഴി അഫ്ഗാനില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാറിനെ സൃഷ്ടിക്കാനോ താലിബാന്റെ ശക്തി ക്ഷയിപ്പിക്കാനോ സാധിച്ചില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്ഗാനിലെ ജനങ്ങളെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടാണ് അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം. അരക്ഷിതത്വത്തിലേക്ക് വീഴുന്ന അഫ്ഗാനിനെ സ്ഥിരതയുള്ള ഒരു ജനാധിപത്യ രാജ്യമാക്കാന്‍ അമേരിക്കന്‍ സേന അവിടെ തുടരണമെന്ന പെന്റഗണിന്റെ അഭിപ്രായം പോലും പരിഗണിക്കാതെയാണ് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ സേനയെ പൂര്‍ണമായും പിന്‍വലിച്ചത്. ജൂലൈ രണ്ടിന് 20 വര്‍ഷത്തെ അധിനിവേശം പൂര്‍ത്തിയാക്കി അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ അവിടുത്തെ സൈനിക മേധാവി ജനറല്‍ കൊഹിസ്താനിയോട് ഒരു വാക്ക് പോലും പറയാതെ, 5,000ത്തില്‍ പരം താലിബാന്‍ തടവുകാരെ ഉപേക്ഷിച്ച് പിന്‍വാങ്ങിയതില്‍ നിന്ന് തന്നെ അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ആത്മാര്‍ഥത എത്രത്തോളം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായി മുമ്പ് പറഞ്ഞതെല്ലാം പൊള്ളയാണെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ അഫ്ഗാന്‍ നിലപാടിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് കൊടും ഭീകരവാദികളെന്ന് പറയുന്ന താലിബാന്‍ ഒരു രാജ്യത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ സൈനിക കരുത്തിലും സാമ്പത്തിക ശേഷിയിലും ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക അവിടെ നിന്ന് പിന്‍മാറ്റം നടത്തുന്നത് ഒന്നുകില്‍ ഭീകരതയോട് ഐക്യപ്പെടലാകും. അല്ലെങ്കില്‍ ഭീകരതയെ പേടിച്ച് ഓടുന്നതിന് തുല്യമായി വേണം അതിനെ കണക്കാക്കപ്പെടാന്‍. അമേരിക്കയുടെ കാര്യമെടുത്താല്‍ അവര്‍ നടത്തിയതോ മുഖ്യപങ്കാളികളായതോ ആയ ലോകത്തിലെ യുദ്ധങ്ങളുടെയെല്ലാം ശേഷിപ്പ് കെട്ടടങ്ങാത്ത അരാജകത്വമെന്നതാണ്. ഇറാഖും ലിബിയയും സിറിയയും യമനുമെല്ലാം തെളിവായി നമുക്ക് മുന്നിലുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനും ആ പട്ടികയിലേക്ക് ചേര്‍ത്ത് വെക്കപ്പെടുകയാണ്. ഒപ്പം തീവ്രവാദത്തിനെതിരെ പ്രതിരോധം എന്ന പൊള്ളയായ വീമ്പ് പറച്ചില്‍ നടത്തുന്ന അമേരിക്കയുടെ പൊയ്മുഖം ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ തുറന്നുവെക്കപ്പെടുകയാണ്.