Kerala
രഞ്ജിത്തിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ
ആരോപണം വന്ന സ്ഥിതിക്ക് പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകും എന്നാണ് താന്‍ കരുതുന്നതെന്നും പി സതീദേവി
കണ്ണൂര്‍ | ബംഗാളി നടി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന ആളായാലും നടപടി സ്വീകരിക്കും. നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുമെന്നും പി സതീദേവി പറഞ്ഞു.രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. ആരോപണം വന്ന സ്ഥിതിക്ക് പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകും എന്നാണ് താന്‍ കരുതുന്നതെന്നും പി സതീദേവി പറഞ്ഞു. നടിയുടെ പരാതി കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. പരാതി രേഖാമൂലം ഉന്നയിച്ചാല്‍ അന്വേഷണവും നടപടിയുമുണ്ടാകണം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റി നിര്‍ത്തണോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം, തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നതസ്ഥാനത്തിരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ല.കുറ്റം ചെയ്‌തെന്ന വസ്തുത പുറത്തുവന്നാല്‍ അധികാരസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കരുത് എന്നാണ് വനിത കമ്മിഷന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു
ഉന്നതര്‍ക്കെതിരെ പരാതി വന്നപ്പോള്‍ മുന്‍പും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പി സതീദേവി പറഞ്ഞു. ഒരു നടി പരാതി നല്‍കിയപ്പോള്‍ നടനെ അറസ്റ്റു ചെയ്തു. തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കും. രഞ്ജിത്തിനെതിരായ ആരോപണം ഇന്നലെ വന്നതാണ്. അന്വേഷണം നടക്കണം. ആരോപണത്തിന് അടിസ്ഥാനമായ സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായാണ്. വനിതാ കമ്മിഷനു മുന്‍പില്‍ പരാതി എത്തിയാല്‍ നടപടിയെടുക്കുമെന്നും സതീദേവി വ്യക്തമാക്കി