Kerala
പിരിവ് തന്നില്ലെങ്കില്‍ ലാബ് പൂട്ടിക്കും; പത്തനംതിട്ടയില്‍ ബി ജെ പി നേതാവിന്റെ ഭീഷണി
ബി ജെ പിയുടെ നിയന്ത്രണത്തില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബുകാരെ ഭീഷണിപ്പെടുത്തുന്നത്.
പത്തനംതിട്ട | ഭാരതീയ വ്യവസായി സംഘ് സംസ്ഥാന സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണപ്പിരിവ്. ബി ജെ പിയുടെ നിയന്ത്രണത്തില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബുകാരെ ഭീഷണിപ്പെടുത്തുന്നത്. ബി ജെ പി നേതാവ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.
ഭാരതീയ വ്യവസായി സംഘ് ജില്ലാ സെക്രട്ടറി രാജേഷ് പുല്ലാടിന്റെ ശബ്ദരേഖയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഘടനാ സമ്മേളനത്തിന് തങ്ങള്‍ പറയുന്ന പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് ബി ജെ പി നേതാവിന്റെ ഭീഷണി. സംസ്ഥാന സമ്മേളനത്തിന് തങ്ങള്‍ ആവശ്യപ്പെട്ട പണം തരാത്ത ലാബുകളിലേക്ക് പരിശോധനയ്ക്ക് രോഗികളെ ശിപാര്‍ശ ചെയ്യില്ലെന്നും അത് നല്‍കാതിരിക്കാന്‍ വേണ്ട കരുത്ത് തങ്ങള്‍ക്കുണ്ടെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സ്വാധീനത്തിലുള്ള ഡോക്ടര്‍മാരെ ഉപയോഗിച്ച് ലാബിനെ തകര്‍ക്കുമെന്നും നേതാവ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സമ്മേളനത്തിന് തങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കുമോ എന്നത് വൈകിട്ട് തന്നെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ വരുന്ന ഭവിഷ്യത്ത് അനുഭവിക്കുക. അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും രാജേഷ് പുല്ലാട് പറയുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബ് ഉടമയെയാണ് ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ശബ്ദ സന്ദേശം നിഷേധിക്കാന്‍ ബി ജെ പി നേതാവ് തയ്യാറായിട്ടുമില്ല.