Articles
ശത്രു തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍
ഭരണഘടനക്ക് മരണം വിധിക്കുന്ന നടപടികളിലൂടെ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര ഘടനയെ അസ്ഥിരീകരിക്കാനുള്ള അധികാര പ്രയോഗങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു രാഷ്ട്രീയ സാഹചര്യത്തോട് കോണ്‍ഗ്രസ്സ് എടുക്കുന്ന നിലപാട് എന്താണ്?
കോഴിക്കോട് സമാപിച്ച കെ പി സി സിയുടെ നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിര്‍ രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണികളെ കുറിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യം പ്രസക്തമാകുന്നത് പല വിധത്തിലാണ്. ഗോള്‍വാള്‍ക്കറിസത്തിന്റെ കുതിരപ്പുറത്തേറി മോദിയും അമിത് ഷായും ഹിന്ദു രാഷ്ട്രത്തിലേക്ക് രാജ്യത്തെ അതിവേഗം നയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്ന ആധുനിക ദേശ രാഷ്ട്രത്തെ ഇല്ലാതാക്കി ഹിന്ദു രാഷ്ട്ര നിര്‍മിതിക്കായുള്ള നീക്കങ്ങളിലാണ് സംഘ്പരിവാറും അവരുടെ കേന്ദ്ര സര്‍ക്കാറും. ഇന്ത്യയെന്ന നമ്മുടെ രാഷ്ട്ര നാമം പോലും മ്ലേച്ഛമാണെന്നും നമ്മുടെ ഋഷിപ്രോക്ത സംസ്‌കൃതിക്കനുസരണമായ രീതിയില്‍ രാഷ്ട്ര നാമം ഭാരതമെന്ന് മാത്രമാക്കണമെന്നും വാദിക്കുകയാണ് ദീനനാഥ് ബത്രയെ പോലുള്ള ഹിന്ദുത്വ വാദികള്‍. അതിനായവര്‍ ഇന്ത്യയെ രൂപപ്പെടുത്തിയ ചരിത്രത്തെയും ഭരണഘടനയെയും കുഴിച്ചുമൂടാനുള്ള വിധ്വംസകമായ നടപടികളിലാണ്. ഭരണഘടനയുടെ മതനിരപേക്ഷ ഫെഡറല്‍ ജനാധിപത്യ മൂല്യങ്ങളെയാകെ തകര്‍ത്ത് ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് രാജ്യത്തിന്റെ വൈവിധ്യങ്ങളെയാകെ ബലം പ്രയോഗിച്ച് വിലയിപ്പിച്ചെടുക്കുകയാണ്. അതിനായി ഭരണഘടനയെ ഭേദഗതി ചെയ്യുകയും ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും നേരേ ആള്‍ക്കൂട്ട ബലപ്രയോഗങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. പ്രണയവും ഭക്ഷണവും വസ്ത്രവും പ്രശ്‌നവത്കരിച്ച് വിദ്വേഷ പ്രചാരണമഴിച്ചുവിടുന്നു. വിഭജന ചിന്തകള്‍ പടര്‍ത്തുന്നു. സര്‍ക്കാറിന്റെ വിമര്‍ശകരെയും ഹിംസാത്മകമായ ഹിന്ദുത്വാക്രമണങ്ങള്‍ക്ക് ഇരയാകുന്ന ജനതകള്‍ക്കൊപ്പം നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഭീകരവാദികളാക്കി വേട്ടയാടുന്നു. പാര്‍ലിമെന്റിനകത്ത് തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും തടയാനായി 65ഓളം വാക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നത് രാജ്യമിന്നെത്തിപ്പെട്ട അപകട സന്ധിയെയാണ്. കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ചേര്‍ന്ന് സ്വേച്ഛാധികാരത്തിന്റെ ഭീകരതയിലേക്കാണ് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനായി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പൊരുതേണ്ട സന്ദര്‍ഭമാണിത്. ഭരണകൂട ഭീകരതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ഭരണഘടനാ മൂല്യങ്ങളും മനുഷ്യാവകാശ തത്ത്വങ്ങളും ഉയര്‍ത്തിപ്പിടിച്ച് പോരാടേണ്ട സന്ദര്‍ഭം. മധ്യകാല ബ്രാഹ്‌മണ്യം സൃഷ്ടിച്ച ശൂദ്ര വിരോധത്തിന്റെയും മുസ്‌ലിം വിരോധത്തിന്റെയും പ്രത്യയശാസ്ത്രത്തെ ആന്തരവത്കരിച്ച ഹിന്ദുത്വവാദികളും അവരുടെ കേന്ദ്ര സര്‍ക്കാറും ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും വിമര്‍ശകര്‍ക്കുമെതിരെ ഭീകരത അഴിച്ചുവിടുകയാണ്. വര്‍ണാശ്രമ ധര്‍മങ്ങള്‍ക്കും കൊളോണിയല്‍ ശക്തികള്‍ക്കുമെതിരായ പോരാട്ടങ്ങളിലൂടെയാണ് നാമൊരു ആധുനിക ദേശ രാഷ്ട്രമായി പരിവര്‍ത്തനപ്പെട്ടത്. സുദീര്‍ഘമായ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ചരിത്രഗതിയിലൂടെയാണ് ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും അടിസ്ഥാനമാക്കി കൊണ്ടുള്ള ഭരണഘടന രൂപപ്പെടുത്തിയത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന് നേരേ മുഖം തിരിച്ചു നിന്നവരും ഇന്ത്യന്‍ ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവരും 1998ല്‍ അധികാരത്തിലുള്ളപ്പോള്‍ ഭരണഘടന മാറ്റാന്‍ റിവ്യൂ കമ്മീഷനെ നിയോഗിച്ചവരുമാണ് സംഘ്പരിവാറുകാര്‍. അവര്‍ക്കിപ്പോള്‍ കൈവന്ന ദേശീയാധികാരത്തെ അവസരമാക്കി ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറല്‍, ജനാധിപത്യ വ്യവസ്ഥകളെ തുടര്‍ച്ചയായി തകര്‍ക്കുകയാണ്.
1955ലെ മതനിരപേക്ഷ പൗരത്വ നിയമത്തെ മതാധിഷ്ഠിതമാക്കി ഭേദഗതി കൊണ്ടുവന്നു. മുത്വലാഖ് നിരോധന നിയമത്തിലൂടെ മുസ്‌ലിം വിവാഹമോചന നിയമത്തില്‍ ക്രിമിനല്‍ വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. മറ്റു മതസ്ഥരുടെ വിവാഹ മോചന നിയമങ്ങള്‍ക്ക് ബാധകമല്ലാത്ത ക്രിമിനല്‍ വ്യവസ്ഥ കൊണ്ടുവന്നത് അങ്ങേയറ്റം വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ നിഷേധവുമാണ്. പൗരത്വ നിയമ ഭേദഗതിയും മുത്വലാഖ് നിരോധന നിയമവുമെല്ലാം മുസ്‌ലിം വിരുദ്ധമായ ഹിന്ദുത്വ വാദികളുടെ ഫാസിസ്റ്റ് നീക്കത്തെയാണ് കാണിക്കുന്നത്. മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ പ്രത്യേക പദവി വകുപ്പുകള്‍ ഭരണഘടനയില്‍ നിലനിര്‍ത്തി എന്തുകൊണ്ടാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്ന ചോദ്യത്തിന് എന്താണ് ഉത്തരം? കശ്മീര്‍ ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാണെന്നത് മാത്രമാണ്!
ബി ജെ പി സര്‍ക്കാറിന്റെ ഭരണഘടനക്കും അത് മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് കുറ്റകരമായ നിലപാട് സ്വീകരിക്കുന്നതാണ് പലപ്പോഴായി നാം കണ്ടത്. എന്‍ ഐ എ, യു എ പി ഭേദഗതി നിയമത്തെ പാര്‍ലിമെന്റില്‍ അവരും പിന്തുണച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ഭേദഗതിയോട് അവര്‍ക്ക് എതിര്‍പ്പുണ്ടായില്ല. അത് നടപ്പാക്കിയ രീതിയോട് മാത്രമായിരുന്നു അവരുടെ എതിര്‍പ്പ്. വിവരാവകാശ നിയമം, വനാവകാശ നിയമം, മോട്ടോര്‍ വാഹന നിയമം, തൊഴില്‍ നിയമ ഭേദഗതി തുടങ്ങി കോര്‍പറേറ്റ് അനുകൂലമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികളോട് തണുപ്പന്‍ സമീപനം സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റിലും പുറത്തും ചെയ്തതത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ഭരണഘടനാവിരുദ്ധതയെ കുറിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം മൗനം പാലിക്കുകയാണുണ്ടായത്.
ഇന്ത്യയെ രൂപപ്പെടുത്തിയ ചരിത്രത്തെയും ആശയങ്ങളെയും ഭരണഘടനയെ തന്നെയും ഫലത്തില്‍ ഇല്ലാതാക്കി കൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഹിംസാത്മകമായ നീക്കങ്ങളാണ് ഇതെല്ലാം. എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെയും ജുഡീഷ്യല്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് വേട്ടയാടുന്ന ക്ഷോഭജനകമായ സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ മൗനം കുറ്റകരമാകുന്ന അപകടകരമായ ചരിത്ര സന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
ഗുജറാത്ത് വംശഹത്യാ കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമയുദ്ധം നയിച്ച ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി ജി പി. ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്ന സംഭവം രാജ്യമെത്തപ്പെട്ട ഭീകരമായ അവസ്ഥയുടെ സൂചനയാണ്. ജനാധിപത്യത്തിന്റെ എല്ലാ സ്തംഭങ്ങളെയും തങ്ങളുടെ ഹിന്ദുത്വ അജന്‍ഡക്കാവശ്യമായ രീതിയില്‍ പരുവപ്പെടുത്തിയെടുത്തും ഭരണഘടനയെ നോക്കുകുത്തിയാക്കിയും മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര ഘടനയെ തകര്‍ക്കുകയാണ്. ബഹുസ്വരതയെ നിഷേധിച്ച് ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബഹു സംസ്‌കാരങ്ങളെ ബലം പ്രയോഗിച്ച് വിലയിപ്പിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിനായുള്ള നീക്കങ്ങള്‍ തീവ്ര ഗതിയിലാക്കിയിരിക്കുന്നു. ഇസ്‌ലാമോഫോബിയയെ രാഷ്ട്രതന്ത്രമാക്കിയ ഹിന്ദുത്വവാദികളുടെ സര്‍ക്കാര്‍ ഭൂരിപക്ഷ വാദം ഉയര്‍ത്തിയിരിക്കുകയാണ്. യു പി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ 80 ശതമാനവും 20 ശതമാനവും തമ്മിലാണ് മത്സരമെന്ന് പറയാന്‍ യോഗി ആദിത്യനാഥിന് ഒരു മടിയുമുണ്ടായില്ല. വിദ്വേഷ പ്രചാരണവും കലാപങ്ങളും അഴിച്ചുവിട്ട് ഭൂരിപക്ഷ ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കുകയാണ് സംഘ്പരിവാര്‍. ഇതിനെതിരായി നിലപാട് സ്വീകരിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും ഭീകരവിരുദ്ധ നിയമങ്ങളുപയോഗിച്ച് തടങ്കലിലടക്കുന്നു.
ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് തടങ്കലിലടച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാതെ മാറി നിന്ന എ ഐ സി സി നിലപാടിനെ കുറിച്ച് ചിന്തന്‍ ശിബിരം എന്തെങ്കിലും പറഞ്ഞോ? മോദിക്കും അമിത് ഷാക്കും ഗുജറാത്ത് വംശഹത്യാ കുറ്റവാളികള്‍ക്കു മെതിരെ നിലപാടെടുത്തതിന്റെയും നിയമയുദ്ധം നടത്തിയതിന്റെയും പ്രതികാര നടപടിയായി തന്നെ ഈ അറസ്റ്റിനെ കാണണം.
2002ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ ഹൗസിംഗ് കോളനിയില്‍ ഇഹ്‌സാന്‍ ജാഫ്രിയെയും അവിടെ അഭയം തേടിയ 69 പേരെയും കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നടത്തിയ നിയമ പോരാട്ടങ്ങളെ സഹായിച്ചതാണ് അവര്‍ക്കെതിരായ കുറ്റം. കലാപത്തിന് പിന്നിലെ യഥാര്‍ഥ ഗൂഢാലോചനകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാകിയ ജാഫ്രി നല്‍കിയ പരാതി കഴമ്പില്ലാത്തതാണെന്നും വ്യാജ പ്രമാണങ്ങള്‍ ചമച്ച് നിലനിര്‍ത്തി പോന്നതാണെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കപ്പെട്ടു. ഗുജറാത്ത് വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് അവരാണ്. അവരുടെ പത്രാധിപത്യത്തിലിറങ്ങുന്ന കമ്മ്യൂണലിസം കോംപാറ്റാണ് കലാപത്തിന് പിറകിലുള്ള ആര്‍ എസ് എസിന്റെയും മോദിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഗൂഢാലോചനയിലേക്കും ആസൂത്രണത്തിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ അവര്‍ മോദിയുടെ നോട്ടപ്പുള്ളിയായി. ഭരണഘടനയുടെ ഒരു കാവല്‍ക്കാരിയായി മനുഷ്യരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന വംശഹത്യാ രാഷ്ട്രീയത്തിനെതിരെ അവര്‍ നിര്‍ഭയമായി പോരാടി. ഭരണഘടനയും മനുഷ്യാവകാശ തത്ത്വങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിലൂടെ മാത്രമേ ഇന്ന് ഹിന്ദുത്വ വാദികള്‍ക്കെതിരായ പ്രതിരോധത്തിന്റെ വിശാല മുന്നണി കെട്ടിപ്പടുക്കാനാകൂ.
ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നത് ഭരണഘടനാ മൂല്യങ്ങളാണ്. അതിനെതിരെ ദേശീയാധികാരം കൈയടക്കിയ ആര്‍ എസ് എസ് ഉയര്‍ത്തുന്ന ഭീഷണിയെ ഭരണഘടനയെ മുന്‍നിര്‍ത്തി തന്നെ പ്രതിരോധമുയര്‍ത്തണം.
1921ലെ അഹമ്മദാബാദ് എ ഐ സി സി സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനി പൂര്‍ണസ്വരാജ് പ്രമേയം കൊണ്ടുവരുന്നതിലൂടെയാണ് സ്വതന്ത്ര പരമാധികാര റിപബ്ലിക്കിനെയും ഭരണഘടനയെയും സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ സാമൂഹിക ധാരകളും ഭരണഘടനയുടെ രൂപവത്കരണത്തില്‍ അവരുടേതായ സംഭാവന നല്‍കി പങ്കുവഹിച്ചു. ഭരണഘടനാ അസംബ്ലി 1949 നവംബര്‍ 26ന് ഭരണ ഘടനക്ക് അന്തിമരൂപം നല്‍കി അംഗീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമിറങ്ങിയ ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഭരണഘടന അംഗീകരിക്കാനാകില്ലെന്നും ഇന്ത്യക്ക് അഭികാമ്യമായ മനുവിന്റെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കാത്ത ഭരണഘടനയെ തള്ളിക്കളയുന്നുവെന്നുമാണ് എഡിറ്റോറിയലില്‍ എഴുതിയത്. അവരാണ് ഭരണഘടനക്ക് മരണം വിധിക്കുന്ന നടപടികളിലൂടെ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര ഘടനയെ അസ്ഥിരീകരിക്കാനുള്ള അധികാര പ്രയോഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു രാഷ്ട്രീയ സാഹചര്യത്തോട് കോണ്‍ഗ്രസ്സ് എടുക്കുന്ന നിലപാട് എന്താണ്? ഭരണഘടനയും നാടിന്റെ പരമാധികാരവും സ്വാശ്രയത്വവും മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങളും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും വിട്ട് ഇടതുപക്ഷ സര്‍ക്കാറിനെയും സി പി എമ്മിനെയും ശരിപ്പെടുത്തുന്നതിനെ കുറിച്ചാണ് രണ്ട് ദിവസം കോണ്‍ഗ്രസ്സുകാര്‍ കോഴിക്കോട് ഒത്തുകൂടി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്!