Connect with us

International

ജനവിശ്വാസം നഷ്ടമായാല്‍ തുടരുന്നതില്‍ അര്‍ഥമില്ല; അടുത്ത മാസം രാജിവെക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി

വിലക്കയറ്റവും അഴിമതി ആരോപണങ്ങളും ജനപ്രീതി തകര്‍ത്ത സാഹചര്യത്തിലാണ് രാജി

Published

|

Last Updated

ടോക്യോ |  അടുത്ത മാസം രാജിവെക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ജനങ്ങളെ ഓര്‍ത്താണ് തീരുമാനം. ജനവിശ്വാസം നഷ്ടമായാല്‍ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് (എല്‍ഡിപി) കിഷിദ ആവശ്യപ്പെട്ടതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2021ലാണ് ഫ്യൂമിയോ കിഷിദ ജപ്പാന്‍ പ്രധാനമന്ത്രിയായത്. വിലക്കയറ്റവും അഴിമതി ആരോപണങ്ങളും ജനപ്രീതി തകര്‍ത്ത സാഹചര്യത്തിലാണ് രാജി. കൊവിഡ് കാലത്ത് കിഷിദ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ജനകീയമായിരുന്നുവെങ്കിലും ബാങ്ക് ഓഫ് ജപ്പാന്‍ അപ്രതീക്ഷിതമായി പലിശ നിരക്ക് ഉയര്‍ത്തിയത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ അസ്ഥിരതയ്ക്ക് കാരണമായി. യെന്‍ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്ക് അനുസരിച്ച് വേതന വര്‍ദ്ധനവുണ്ടാകാത്തതിലും ജനരോഷത്തിന് കാരണമായി. പ്രധാനമന്ത്രി കിഷിദയുടെ ധീരമായ നേതൃത്വം എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം നല്ല സുഹൃത്താണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കിഷിദയ്ക്ക് ശേഷം മുന്‍ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ പ്രധാനമന്ത്രിയായേക്കും. മതിയായ പിന്തുണ ലഭിച്ചാല്‍ തന്റെ കടമ നിറവേറ്റാമെന്ന് അദ്ദേഹം പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, ഡിജിറ്റല്‍ മന്ത്രി ടാരോ കോനോ, മുന്‍ പരിസ്ഥിതി മന്ത്രി ഷിന്‍ജിറോ കൊയ്സുമി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. 2025ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കിഷിദയുടെ എല്‍ഡിപി

---- facebook comment plugin here -----

Latest