Kerala
കാക്ക കുളിച്ചാല്‍ കൊക്കാകില്ല, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയും; ഇത് മനസിലാകാത്ത ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ജലീല്‍
തിരുവനന്തപുരം | അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കാത്ത ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ ജലീല്‍ പറഞ്ഞു. ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുല ഹിന്ദുത്വം സ്വീകരിക്കുകയായിരുന്നു കോണ്‍ഗ്രസ്. എങ്കില്‍ മെച്ചം തീവ്രനല്ലേ എന്ന് ജനങ്ങളും ആലോചിച്ചു. രാഹുല്‍ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല. ഭസ്മവും കുങ്കുമവും നെറ്റിയില്‍ എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല. കപില്‍ സിബലും ശശി തരൂരും ജയറാം രമേശും എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ രാഹുലിനും പ്രിയങ്കക്കും പറഞ്ഞുകൊടുക്കാത്തതെന്നും ജലീല്‍ ചോദിച്ചു.
ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി ബി ജെ പിക്ക് ബദലാണെന്ന് ജനങ്ങള്‍ കരുതിയത് അരവിന്ദ് കെജ്രിവാളിന്റെ കാട്ടിക്കൂട്ടലുകള്‍ കണ്ടിട്ടല്ല. വ്യക്തമായ നിലപാട് അറിഞ്ഞാണ്. ഈ വസ്തുത ഗ്രഹിക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവ് തൊട്ടറിഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മൂന്നാം തലമുറക്ക് കഴിയാത്തതിന്റെ കാരണം ദുരൂഹമാണ്.
സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത ‘പയ്യന്റെ’ സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം? 10 വയസ്സ് മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് ചൂലുമായി ചെന്ന് പഞ്ചാബ് തൂത്തുവാരിയ കഥ രാഷ്ട്രീയ വിദ്യാര്‍ഥികളില്‍ അത്യന്തം കൗതുകം ഉണര്‍ത്തുന്നതാണ്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഒരു പെട്ടിയില്‍ വീഴ്ത്താനുള്ള നയതന്ത്രജ്ഞത അഖിലേഷ് യാദവിന് ഉണ്ടായില്ലെങ്കില്‍ യുപിയിലെ പ്രതിപക്ഷ നേതാവായി ആജീവനാന്തം കഴിച്ചു കൂട്ടേണ്ടി വരും. മായാവതിയും കോണ്‍ഗ്രസും ഉവൈസിയും അഖിലേഷിന് നിരുപാധിക പിന്തുണ നല്‍കാത്തിടത്തോളം കാലം, ബി ജെ പിയെ ഉത്തര്‍പ്രദേശില്‍ തളയ്ക്കാനാവില്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജലീല്‍ പറഞ്ഞു.
ഇരുണ്ട നാളുകളാണ് മുന്നിലെന്ന് ആരും ആശങ്കിക്കേണ്ട. സര്‍വതും കലങ്ങിത്തെളിയും. എല്ലാ കയറ്റങ്ങള്‍ക്കും ഒരിറക്കമുണ്ടാകും. എല്ലാ പ്രഭാതങ്ങള്‍ക്കും ഒരു പ്രദോഷമെന്ന പോലെ. ജയിച്ചവര്‍ക്ക് മനുഷ്യരെ ഒന്നായി കാണാന്‍ സത്ബുദ്ധി തോന്നട്ടെ. പരാജിതര്‍ക്ക് കൂടുതല്‍ കരുത്തോടെ പരസ്പരം ഐക്യപ്പെട്ട്, നഷ്ടപ്പെട്ട വിജയം വീണ്ടെടുക്കാനും കഴിയട്ടെയെന്നും കെ ടി ജലീല്‍ ആശംസിച്ചു.