Kerala
തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല; മന്ത്രിസഭാ പുന:സംഘടനയെ പരിഹസിച്ച് കെ മുരളീധരന്‍ എംപി
പല കേസിലും പ്രതികളായവരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാല്‍ ആ കൂട്ടത്തില്‍ ഒരാള്‍ കൂടിയാകുമെന്നും കെ മുരളീധരന്‍
കോഴിക്കോട് | സംസ്ഥാന സര്‍ക്കാറിന്റെ മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പി. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഇടത് സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുമെന്നും തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ലെന്നുമായിരുന്നു പരിഹാസം.പല കേസിലും പ്രതികളായവരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാല്‍ ആ കൂട്ടത്തില്‍ ഒരാള്‍ കൂടിയാകുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
സ്പീക്കറെ തുടര്‍ച്ചയായി മാറ്റുന്നത് ശരിയല്ല. സോളാര്‍ ഗൂഢാലോചന പിണറായി അന്വേഷിക്കണ്ട, മറ്റേത് അന്വേഷണവും സ്വാഗതം ചെയ്യുന്നു.സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന മുഖവിലക്ക് എടുക്കുന്നില്ല. നന്ദകുമാര്‍ എല്‍ ഡി എഫ് ഏജന്റ് ആണ്, ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ല. ഗൂഡാലോചനയില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായി വിജയനുമാണ്. ഗണേഷ് കുമാറിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.