siraj explainer
ഗ്യാസ് ലീക്ക് ആയാൽ ഇങ്ങനെ ചെയ്യരുത്; അറിയാം മുൻ കരുതലുകൾ...
ഗ്യാസ് കൊണ്ടുവരുമ്പോൾ ചരിച്ചോ ഉരുട്ടിയോ കൊണ്ടുവരരുത്. എപ്പോഴും സിലിണ്ടർ കുത്തനെ പിടിക്കാൻ ശ്രദ്ധിക്കണം.
മിക്ക വീടുകളിലും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസിനെയാണ്. അതേസമയം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും അപകടം പിടിച്ച ഇന്ധനവും എൽപിജി ആണ്. നമ്മുടെ വീടുകളിൽ സിലിണ്ടറിൽ കൊണ്ടുവരുന്ന ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് എന്ന എൽപിജി ലായനി രൂപത്തിലാണ് അതിൽ നിറച്ചിരിക്കുന്നത്. ഇതിന് നിറമോ മണമോ ഇല്ല. എന്നാൽ ചോർന്നു കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി മണം അധികമായി ചേർത്തതാണ്. ഇനി ഗ്യാസ് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കേണ്ടത് ഉണ്ട് എന്ന് നോക്കാം.
ആദ്യം ശ്രദ്ധിക്കേണ്ടത് ഗ്യാസ് കൊണ്ടുവരുമ്പോൾ ചരിച്ചോ ഉരുട്ടിയോ കൊണ്ടുവരരുത് എന്നതാണ്. എപ്പോഴും സിലിണ്ടർ കുത്തനെ പിടിക്കാൻ ശ്രദ്ധിക്കണം. ചോർച്ച ഒഴിവാക്കാൻ വേണ്ടിയാണിത്. നല്ല വായു സഞ്ചാരം ഉള്ളിടത്താണ് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കേണ്ടത്. ഒരിക്കലും സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന രീതിയിൽ ഗ്യാസ് ഉപയോഗിക്കരുത്.
സിലിണ്ടറിൽ അമിതമായി ചൂടു തട്ടുന്നത് ഉള്ളിലെ മർദ്ദം വർധിക്കാനും പൊട്ടിത്തെറി പോലുള്ള അപകടങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഗ്യാസ് സിലിണ്ടർ പഴയത് നീക്കുമ്പോഴും പുതിയത് സ്ഥാപിക്കുമ്പോഴും അടുക്കള വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം കൂടുതൽ സുഗമമാക്കണം. വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഗ്യാസ് ട്യൂബ് മാറ്റി ഇടണം. വീട്ടിലോ മറ്റെവിടെയെങ്കിലും ഗ്യാസ് ചോർന്നു എന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിൽ ഇരിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യരുത് എന്നതാണ്. അതുപോലെ പുതുതായി ഒരു ഇലക്ട്രിക് ഉപകരണങ്ങളുടെയും സ്വിച്ച് ഇടുകയും അരുത്. ശേഷം ഗ്യാസിന്റെ റെഗുലേറ്റർ ഓഫ് ചെയ്താൽ തന്നെ അപകടം ഒഴിവാക്കാം. അതുപോലെ അടച്ചിട്ടിരിക്കുന്ന വാതിലുകളും ജനലുകളും തുറന്നിടുകയും ചെയ്യുക.
ഇനി അഥവാ ഗ്യാസ് സിലിണ്ടറിന് തീ പിടിക്കുകയും ശക്തിയായി കത്തുകയും ചെയ്താൽ അത് പൊട്ടിത്തെറിക്കില്ല എന്ന് മനസ്സിലാക്കുക. ലിക്വിഡ് പെട്രോളിയം പുറത്തുവന്ന് ഓക്സിജന്റെ സഹായത്തോടെ കത്തുകയാണ് ചെയ്യുന്നത്. ശേഷം കട്ടിയുള്ള തുണിയോ പുതപ്പോ ചാക്കോ വെള്ളം നനച്ച് സിലിണ്ടറിന്റെ മുകളിലൂടെ പുതച്ചാൽ തീ അണയ്ക്കാം. പിന്നീട് സിലിണ്ടർ തണുത്ത ശേഷം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകരുത്. ഉയർത്തി വേണം കൊണ്ടുപോകാൻ.
ഗ്യാസ് സിലിണ്ടറുകൾ പുറത്തുവയ്ക്കുകയും അവിടെനിന്ന് പൈപ്പ് അകത്തെ അടുപ്പിലേക്ക് കണക്ഷൻ കൊടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല മുൻകരുതൽ. ഇങ്ങനെ ചെയ്താൽ അഥവാ ഗ്യാസ് ലീക്ക് ഉണ്ടായാൽ പോലും പുറത്തുപോയി റഗുലേറ്റർ ഓഫ് ചെയ്താൽ ഒരപകടവും സംഭവിക്കില്ല.