National
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കും: കരസേനാ മേധാവി ജനറല്‍ എം എം നരാവനെ
ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ഭാഗികമായി പിന്‍വാങ്ങിയെങ്കിലും ഏറ്റുമുട്ടല്‍ കുറഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി | ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവാനെ. അതേസമയം, യുദ്ധമെന്നത് അവസാനത്തെ ആശ്രയം മാത്രമാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
യുദ്ധമോ സംഘര്‍ഷമോ എല്ലായ്‌പ്പോഴും അവസാന ആശ്രയമാണ്. എന്നാല്‍ അത് അവലംബിക്കുന്ന സാഹചര്യമുണ്ടായാല്‍ ഞങ്ങള്‍ വിജയികളായി പുറത്തുവരും – നരാവനെ വ്യക്തമാക്കി.
അതിനിടെ, ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ഭാഗികമായി പിന്‍വാങ്ങിയെങ്കിലും ഏറ്റുമുട്ടല്‍ കുറഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി വാര്‍ഷിക പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഏത് ആകസ്മിക സാഹചര്യങ്ങള്‍ നേരിടാനും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ മുഴുവന്‍ വടക്കന്‍ മുന്നണിയിലും ശക്തിയും അടിസ്ഥാന സൗകര്യങ്ങളും ആയുധ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഇന്ന് 14ാം റൗണ്ട് സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് നരാവനേയുടെ പ്രസ്താവന.