Connect with us

From the print

ജീവനാംശമില്ലെങ്കിൽ മുസ്‌ലിം സ്ത്രീക്ക് ഭർത്താവിനെതിരെ കേസ് നൽകാം

സിആർ പി സി 125 എല്ലാവർക്കും ബാധകം

Published

|

Last Updated

ന്യൂഡൽഹി | വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്ന് ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർ പി സി) സെക്‌ഷൻ 125ാം വകുപ്പ് പ്രകാരം ജീവനാംശം അവകാശപ്പെടാമെന്ന് സുപ്രീം കോടതി. മുൻ ഭാര്യക്ക് പതിനായിരം രൂപ ഇടക്കാല ജീവനാംശം നൽകാൻ ഉത്തരവിട്ട തെലങ്കാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുഹമ്മദ് അബ്ദുസ്സമദ് എന്നയാൾ സമർപ്പിച്ച ഹരജി തള്ളി ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിആർ പി സി സെക്‌ഷൻ 125 വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന നിഗമനത്തോടെയാണ് വിധി പറഞ്ഞത്.

മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹിതരായവരും വിവാഹമോചനം നേടിയവരുമായ സ്ത്രീകൾക്ക് സിആർ പി സി സെക്‌ഷൻ 125ഉം 1986ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ബാധകമാണ്. രണ്ട് നിയമങ്ങളിൽ ഒന്ന് പ്രകാരമോ അല്ലെങ്കിൽ രണ്ട് നിയമങ്ങളും പ്രകാരമോ പ്രതിവിധി തേടാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട 1986ലെ നിയമത്തിലെ വ്യവസ്ഥകൾ സി ആർ പി സി സെക്‌ഷൻ 125നെ മറികടക്കുന്നതല്ലെന്നും അധിക വ്യവസ്ഥകൾ നൽകുകയാണെന്നും വിധിയിൽ വ്യക്തമാക്കി.

സിആർ പി സി പ്രകാരം ജീവനാംശം തേടുന്ന മുസ്‌ലിം സ്ത്രീക്ക് വ്യക്തിനിയമപ്രകാരം എന്തെങ്കിലും ജീവനാംശം ലഭിച്ചിട്ടുണ്ടെങ്കിൽ സെക്‌ഷൻ 127(3) (ബി) പ്രകാരം ജീവനാംശ ഉത്തരവ് മാറ്റുന്നതിന് മജിസ്ട്രേറ്റ് അത് കണക്കിലെടുക്കുമെന്നും കോടതി വ്യക്തമാക്കി. മുത്വലാഖ് ചൊല്ലപ്പെട്ട് നിയമവിരുദ്ധമായ രീതിയിൽ വിവാഹമോചിതയാകുന്ന മുസ്‌ലിം സ്ത്രീക്ക് 2019ലെ മുസ്‌ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) നിയമ പ്രകാരം കോടതിയെ സമീപിക്കാം. 2019ലെ നിയമത്തിലെ സെക്‌ഷൻ അഞ്ച് പ്രകാരവും സി ആർ പിസി സെക്‌ഷൻ 125 പ്രകാരവും പ്രതിവിധി തേടാം. സിആർ പി സി സെക്‌ഷൻ 125 പ്രകാരമുള്ള ഹരജി തീർപ്പാക്കുന്നതിന് മുമ്പ് മുസ്‌ലിം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് 2019ലെ മുസ്‌ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) നിയമ പ്രകാരം പരാതി നൽകുകയോ സിആർ പി സി സെക്‌ഷൻ 125 പ്രകാരമുള്ള കേസ് തുടരുകയോ ചെയ്യാം.

സെക്‌ഷൻ 125 ഭാര്യമാർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് സിആർ പി സിയിലെ സെക്‌ഷൻ 125. പരിഷ്‌കരിച്ച ക്രമിനൽ നിയമപ്രകാരം സിആർ പി സി സെക്‌ഷൻ 125 ഭാരതീയ നാഗരിക് സംഹിതയിലെ സെക്‌ഷൻ 144ലാണ്.

Latest